Wednesday, December 2, 2009

കഥാകാരി ഷഹറാസാദിന്, സ്നേഹപൂര്‍വ്വം കടല്‍ക്കിഴവന്‍...

ഷഹറാസാദ്,

എന്റെ തലയില്‍ നിന്നും ഇപ്പോഴും ചോര ഒലിച്ചു കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതിനെക്കാളും വലിയ വേദനയല്ലല്ലോ ഒന്നും. നിങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല. അതെ, ലോകം മുഴുവനും പറഞ്ഞു വെക്കുന്നത് എന്നും നായകന്മാരുടെ കഥകള്‍ മാത്രമാണല്ലോ. പ്രത്യേകിച്ചും നിങ്ങളുടെ ജീവന് പോലും ഒരു വാള്‍ത്തുമ്പിന്റെ സൌജന്യത്തില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അധികാരഹുങ്കിന് മുന്‍പില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നായകരെ കുറിച്ച് മാത്രം പറയേണ്ടി വരും.

സിന്ബാദ്‌ ഇപ്പോള്‍ എന്റെ കണ്ണതിരില്‍ നിന്നും ഒരു പൊട്ടു പോലെ മറഞ്ഞു കൊണ്ടിരിക്കുന്നു. മരണം തലച്ചോറിനുള്ളിലേക്ക് അരിച്ചിറങ്ങി വരുന്നത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ട്. അവന്‍ ഒഴിച്ച് തന്ന വീഞ്ഞിന്റെ ലഹരിയെല്ലാം എങ്ങോ പോയിരിക്കുന്നു..

ഏകാന്തത എന്നത് ആരെയെങ്കിലും ഭ്രാന്തു പിടിപ്പിക്കും എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ മുഴു ഭ്രാന്തന്‍ എന്ന് തന്നെ വിളിക്കാം. നിങ്ങള്‍ക്കറിയുമോ ഷഹറാസാദ്, തിരകളോട്, വെളുത്തു പരന്ന മണലിനോട് പനകളോട് പേരറിയാത്ത ചെടികളോട് മത്സ്യങ്ങളോട് കാറ്റിനോട് വെയിലിനോട് രാത്രി നക്ഷത്രങ്ങളോട് ഞാന്‍ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന്... എത്ര ദിവസങ്ങള്‍ , മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നറിയാതെ എന്നെങ്കിലും ഒരിക്കല്‍ ആരെങ്കിലും വരുമെന്നോര്‍ത്ത് ദൂരെ ഒരു കപ്പലിന്റെ തലപ്പെങ്കിലും കാണും എന്നോര്‍ത്ത് ഭ്രാന്തനെ പോലെ ഞാന്‍ അലഞ്ഞിട്ടുണ്ട് ഇവിടെ. വെറുതെ കടലിന്റെ അറ്റം വരുമെന്നോര്‍ത്ത് നീന്തി പോയിട്ടുണ്ട്...

ജീവിതത്തിനോട് എനിക്കെന്തു പ്രണയമായിരുന്നു എന്ന് നിങ്ങളെക്കാള്‍ നന്നായി കടലിനറിയാം... എത്രയെത്ര പ്രണയ ലേഖനങ്ങള്‍ നക്കിയെടുത്ത് പോയിരിക്കുന്നു കടല്‍... ഭ്രാന്തന്‍....!

എല്ലാം മാറുകയായിരുന്നു.. കപ്പല്‍ ചേതങ്ങള്‍ക്ക് നല്ലതും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ അറിഞ്ഞ ദിവസം. പെട്ടെന്ന് അവന്‍ മുന്‍പില്‍ വന്നു പെട്ടപ്പോള്‍ പേടി ആയിരുന്നു എനിക്ക്. ഉണങ്ങിയ ഈന്തപ്പന പോലെ പരുത്തു പോയ എന്നെ അവന്‍ അങ്ങനെ അംഗീകരിക്കും എന്ന പേടി. അവന്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എനിക്ക് വായിക്കാമായിരുന്നു അവന്റെ മുഖത്ത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് കപ്പലും കടലും അതിരില്ലാത്ത യാത്രകളും ഭ്രാന്തു പിടിപ്പിച്ച എന്റെ തന്നെ മുഖം. പേരു ചോദിച്ചപ്പോള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞത്...'സിന്ബാദ്', അവന്റെ തിളങ്ങുന്ന കണ്ണുകളില്‍ എന്റെ പേടിപ്പെടുത്തുന്ന രൂപത്തെ ഞാന്‍ വായിച്ചു.

മടിയിലേക്കെടുത്തു കിടത്തി വരണ്ട വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുമ്പോള്‍ അറിഞ്ഞ ചൂട്...
സിന്ബാദ്‌ എന്ന് ചെവിയോടു ചേര്‍ത്ത് വിളിച്ചപ്പോള്‍ വിരല്‍ത്തുമ്പുകള്‍ വിറച്ചത്.. ഏറെ പരുപരുത്ത്‌ പോയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കിലും അറിയാതെ തിരിച്ചറിയപ്പെടുന്നത് പോലെ..

എനിക്കെല്ലാം വിളിച്ചു പറയേണ്ടിയിരുന്നു.. ഒരു നിമിഷം പോലും വിട്ടു മാറാന്‍ മനസ്സ് വരുന്നില്ലായിരുന്നു.. കെട്ടിപ്പിണയുന്ന വേരുകള്‍ പോലത്തെ എന്റെ സ്നേഹം അവനെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി ഞാന്‍...

മരുഭൂമിയില്‍ വിണ്ടു പോയവന് ഒരു തുള്ളി വെള്ളം പോലും എത്ര, എത്രമാത്രം ആഘോഷമാണെന്ന് നിങ്ങള്‍ക്കറിയുമോ എന്നറിയില്ല.. എല്ലാം തുറന്നു പറയാമായിരുന്നില്ലേ എന്ന് പലവട്ടം ആലോചിച്ചിട്ടും ഭ്രാന്തനാക്കപ്പെട്ടവന്റെ വാക്കുകള്‍ ലോകം എങ്ങനെ കരുതും എന്ന ചോദ്യം പലപ്പോഴും പേടിപ്പെടുത്തി..

സ്നേഹം ചിലപ്പോള്‍ ശ്വാസം മുട്ടിച്ചേക്കും എന്നത് അവനു മനസ്സിലായിക്കാനില്ല. അതിരില്ലാത്ത സ്നേഹത്തിനു പലപ്പോഴും തിരിച്ചു കിട്ടിയെക്കാവുന്നത് കെട്ടുകളില്‍ നിന്നും കുതറി ഓടണം എന്ന ചിന്തകള്‍ ആവണം. വീര്യമുള്ള വീഞ്ഞിനോടൊപ്പം അവന്റെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള ദാഹം രുചിച്ചതാണ് എനിക്ക്..

ഒരു പിന്തുടരലിന്റെ സാധ്യതകള്‍ പോലും ഒഴിവാക്കാന്‍ ആവണം നനഞ്ഞ കണ്ണുകള്‍ മുറുകെ അടച്ചു മയക്കം അഭിനയിച്ചു കിടന്നപ്പോഴും കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ചുരുങ്ങിയ നേരമെങ്കിലും പച്ചപ്പില്‍ മുഴുവന്‍ ഓടിനടന്ന ഓര്‍മ്മകള്‍ മാത്രം മതി മകനെ സിന്ബാദ്‌, എനിക്ക് മരണത്തിനു മുന്‍പിലും ചിരിച്ചു നില്‍ക്കാന്‍. അത് കൊണ്ടാവണം വായിലേക്ക് കിനിഞ്ഞിറങ്ങുന്ന ചോരയ്ക്ക് പോലും ചവര്‍പ്പ് തോന്നാത്തത്..

ഷഹറാസാദ്, ഒരു കുഴപ്പവുമില്ലാതെ സിന്ബാദ്‌ അവന്‍ തേടി നടന്ന കരയിലേക്ക് തന്നെ എത്തിപ്പെട്ടു എന്ന് കരുതട്ടെ.

ഒരേയൊരു അപേക്ഷയുണ്ട്. എല്ലാ പ്രശ്നങ്ങളും അവസാനിക്കുമ്പോള്‍ എപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരിക്കല്‍ കൂടെ കഥ പറഞ്ഞു കൊടുക്കാന്‍ ഇടയായാല്‍ സിന്ബാദ്‌, അവന്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വരണ്ട കരയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്ന് മാത്രമെങ്കിലും പറഞ്ഞു വെക്കണേ. ഒരു നിമിഷമെങ്കിലും എന്നെ അവനു മനസ്സിലായിരുന്നു എന്നൊരു സ്വകാര്യമായ സന്തോഷത്തിനു വേണ്ടിയെങ്കിലും........


സ്നേഹപൂര്‍വ്വം

കടല്‍ക്കിഴവന്‍.

Saturday, October 24, 2009

ക്യാന്‍സര്‍.." എന്തെങ്കിലും ചെയ്യൂ സര്‍ .. ഇതെന്തൊരു പരീക്ഷണമാണ്... എനിക്കാകെ വട്ടു പിടിക്കുന്നു...."

"ഞാന്‍ ശ്രമിക്കുന്നുണ്ട്, എന്റെ പരമാവധി.. പക്ഷെ, ഇതു ഇത്രയേറെ ബാധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും... "

" പ്ലീസ് അങ്ങനെ പറയരുത്.. എന്റെ എല്ലാമെല്ലാമാണ് ... എന്റെ ജീവിതം .."

"പറഞ്ഞല്ലോ സര്‍, ഞാനെന്റെ പരമാവധി ശ്രമിക്കാം.."

"എനിക്കൊരു ജോലി കിട്ടിയപ്പോള്‍ ആദ്യമായി അച്ഛന്‍ പറഞ്ഞത്... നന്നായി വാ എന്ന്... എത്ര കാലായെടാ ഒന്നു നാട്ടില്‍ വന്നിട്ട്, നീ അവളേം കൊച്ചുങ്ങളേം കൂട്ടി ഒന്നു വന്നു കണ്ടിട്ട് പോടാ .. ഇനി എത്രകാലം കാണുമെന്നു അറിയില്ല എന്ന് അമ്മയുടെ വിറച്ച ശബ്ദം.. ഓരോ അക്ഷരത്തിലും പ്രണയം നിറച്ച ഗൌരി.. മുറിവുണങ്ങാത്ത പൊക്കിള്‍ക്കൊടിയുമായി വലിയ വായില്‍ കരഞ്ഞ സീതക്കുട്ടി.. അവളുടെ പിച്ച വെക്കല്‍.. കൊഞ്ചലുകള്‍... തപ്പിത്തടഞ്ഞു ആദ്യമായി പാടി കേള്‍പ്പിച്ച പാട്ട് .. കഴിഞ്ഞ പ്രാവശ്യം ഹോസ്റ്റലില്‍ വിട്ടു വരുമ്പോള്‍ നിറഞ്ഞ അവളുടെ കണ്ണ്... എനിക്ക് ഭ്രാന്തു പിടിക്കുന്നു സര്‍... എനിക്കൊന്നു മോളെയോ ഗൌരിയെയോ അമ്മയെയോ വിളിക്കണം... നെഞ്ച് നീറുന്നു..."

"അതിനെന്താ സര്‍, വിളിച്ചോളൂ.. "

"പക്ഷെ.. നമ്പര്‍.. ഗൌരിയുടെത് 988 .. ബാക്കി ഓര്മ്മ വരുന്നില്ല... മോളുടെത് 943 യില്‍ ആണെന്ന് തോന്നുന്നു തുടക്കം... വീട്ടിലെ നമ്പര്‍ പണ്ടു കണക്ഷന്‍ കിട്ടിയ കാലത്ത് 475 ആയിരുന്നു... ഇപ്പൊ ഏഴ് അക്കങ്ങളുണ്ട്‌.. തുടങ്ങുന്നത് രണ്ടില്‍ ആണെന്ന് തോന്നുന്നു... ഒന്നും... ഒന്നും അങ്ങോട്ട് ഓര്മ്മ കിട്ടുന്നില്ല... എനിക്കെന്തെങ്കിലും കുഴപ്പം..?"

"ജസ്റ്റ്‌ റിലാക്സ് സര്‍.. ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ്.."

"ഓക്കേ ഓക്കേ .. പക്ഷെ ഒരു പറ്റില്ല എന്ന ഉത്തരം കേള്‍ക്കാന്‍ ഞാന്‍ അശക്തന്‍ ആണ്... ങാ.. എന്റെ ബാഗില്‍ ഒരു പഴയ ഡയറി ഉണ്ട്.. അതില്‍ കുറിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു ... ഓ ഇല്ല... അതാണ്‌ അന്നൊരിക്കല്‍ വെറും സ്ഥലം മുടക്കി എന്ന് പറഞ്ഞു ഗൌരി ഗാര്‍ബേജ്‌ ബിന്നില്‍ കളഞ്ഞത്.... പ്ലീസ്‌ നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും... പ്ലീസ്‌... "

"ഒരു രക്ഷയുമില്ല സര്‍.. ഏറെ പഴകിപ്പോയിരിക്കുന്നു... ശരിയാകും എന്ന് തോന്നുന്നില്ല... "

"നോ... ഞാന്‍ എന്ത് വേണമെങ്കിലും തരാം.. പക്ഷെ എന്റെ ഓര്‍മ്മകള്‍.. ജീവിതം.. "

"ഇങ്ങനെ ഒരുപാടു പിശുക്കണോ സര്‍.. ഇത്രയും എനര്‍ജി കളയുന്ന സമയം കൊണ്ടു പുതിയൊരു ഹാന്‍ഡ്‌ സെറ്റ് വാങ്ങിക്കൂടെ? ഇതു മൊത്തം വൈറസാണ്.. ഒരു ഡാറ്റയും കിട്ടും എന്ന് തോന്നുന്നില്ല.. തൂക്കി വലിച്ചു ഗാര്ബെജില്‍ ഇടാം.. അതാ നല്ലത്... ഹ..ഹ.."

"എന്നാല്‍.. എന്നാല്‍ എന്നെയും കൂടെ ആ ഗാര്ബെജില്‍..................."

________________

Sunday, October 4, 2009

എനിക്ക് ഒന്നു കൂടെ പിറക്കണം..
എനിക്ക് ഒന്നു കൂടെ പിറന്നേ പറ്റൂ...
പറ്റിയാല്‍ ഒരു സെലിബ്രിട്ടി ക്ലോണ്‍...
പൊക്കിള്‍ക്കൊടി മുറിക്കാന്‍ സ്റെരിലൈസ്ട് കത്രിക തന്നെ വേണം.
എന്‍റെ ആരോഗ്യത്തെ കുറിച്ചു ഞാന്‍ ബോതര്‍ ആയില്ലെങ്കില്‍ പിന്നെ ആര്‍ക്കു ചേതം?
കുളി, ജോണ്‍സന്‍ സോപ്പില്‍ തന്നെ വേണം.
ഓയിലും അത് തന്നെ, ഷാമ്പൂവും.
കുഞ്ഞു ചര്‍മ്മത്തിന് മൃദുവായ പരിചരണം വേണ്ടേ?
അങ്ങനെ ജോന്സന്‍സ്‌ പൌഡറില്‍ മണത്തു പുതഞ്ഞു കിടക്കണം...
ഹഗ്ഗീസ്‌ നാപ്പി പാഡിന്റെ കംഫര്ട്ടില്‍ ഒന്നും രണ്ടും കഴിച്ച് ഇഴഞ്ഞു നടക്കണം....
പിന്നെ മറ്റെല്ലാവരെക്കാളും മൂന്നു മടങ്ങെങ്കിലും
കോമ്പ്ലാന്‍ കുടിച്ചു വളരണം.
നിങ്ങള്‍ക്ക്എന്ത് വേണേലും പറയാം, എല്ല് എന്റേതല്ലേ...
രാന്ക്ലെര്‍ ജീന്‍സും അടിടാസ്‌ ടീ ഷര്‍ട്ടും പിന്നെ
ജോക്കി സ്പോണ്‍സേറഡ് ചന്തിയും പെണ്‍പിള്ളാരെ
കാണിച്ചു കറങ്ങണം.
പബ്ബിലെ ഇരുട്ടില്‍ സംഗീതത്തിന്റെ ഫ്രീക്വെന്‍സിക്കും മുകളില്‍
ഡ്രഗ്സ് അടിച്ച് പറക്കണം.
ആളൊഴിഞ്ഞ മൂലയ്ക്കു ഗേള്‍ ഫ്രെണ്ടിനെ കാമസൂത്ര പഠിപ്പിക്കണം.
ഞങ്ങളുടെ തന്നെ നീലച്ചിത്രം വെബ് മുഴുവന്‍ പരത്തണം.
പിന്നെ മെഗാ സീരിയല്‍ പോലെ മനസ്സറിഞ്ഞു ചുമ്മാ പ്രണയിക്കണം.
അവളുമ്മാരുടെ സണ്‍സില്ക്ക് മുടിയില്‍തലോടണം
ഫെയര്‍ ആന്‍ഡ്‌ ലവ്ലി കവിളില്‍ ഉമ്മ വെക്കണം.
ആലുക്കാസ്‌ സ്പോണ്‍സെര്ട് കല്യാണത്തിനും അപ്പുറം
കോഹിനൂര്‍ എക്സ്ട്രാ പ്ലഷര്‍ കോണ്ടം ഇട്ടു ഭോഗിക്കണം..
ഡിയൂറോഫ്ലെക്സ്‌ മാറ്റ്‌രസ്സില്‍ മലര്‍ന്നു കിടക്കണം.
അയ്യോ.. പിള്ളാരൊന്നും വേണ്ട, അണ്‍നെസസ്സറി റെസ്പോന്സിബിളിടി.. ഛെ..
പിന്നെ എപ്പോഴേലും പള്‍സര്‍ 220 യില്‍ പറന്നു പോകുമ്പോള്‍ അറിയാതെ അങ്ങ് തീര്‍ന്നു പോകണം.
ഒടുവില്‍ സര്‍ഫ്‌ എക്സല്‍ വാഷ് കഴിച്ച വെളുത്ത പുതപ്പില്‍
ഹൈജീനിക്‌ ആയി പുതഞ്ഞു പുതയണം...

വേറെ വഴിയില്ല..
എനിക്ക് ഒന്നുകൂടെ പിറക്കണം...


_____________

Friday, October 2, 2009

ഫക്ക് ഓഫ്‌
ജോര്‍ജ്ജേട്ടന്റെ മോള്‍

സെയിന്റ്റ് പീറ്റെര്സില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന

എയ്ന്ജെല് ജോര്‍ജ്‌..


"എന്തൊരു സ്മാര്‍ട്ടാ അവള്..

ക്ലാസ്സില്‍ നമ്പര്‍ വണ്ണ്‍ അല്ലേ


യൂ നോ ഷീ ഈസ്‌ ആന്‍ എക്സലന്റ്റ്‌ ഡാന്‍സര്‍

ആസ് വെല്‍ ആസ് എ സിങ്ങര്‍

നെക്സ്റ്റ്‌ ഇയറില്‍ ഒരു ഫ്ലാറ്റ്‌ എങ്കിലും ഉറപ്പാ .."


നാലാള് കൂടുന്നിടത്ത്

വാസു മാസ്ടെര്‍പഠിപ്പിച്ച

സബ്ജെക്റ്റ്‌ വേര്ബ് ഒബ്ജെക്റ്റ്‌ പാറ്റെണ്

തെറ്റിയിട്ടില്ലല്ലോ എന്ന് സംശയിച്ചു കൊട്ടുന്ന

ജാന്‍സി ചേച്ചി, ജോര്‍ജേട്ടന്റെ ഭാര്യ..


ഉറങ്ങാന്‍ പോണതിനു മുന്‍പ്

'ലവ് യൂ പപ്പാ ലവ് യൂ മോം '

എന്നൊരു സ്വീറ്റ് കിസ്സിന്റെ കൂടെ

മോള് പറഞ്ഞു പോയത്

'യൂ ചെന്ജ്‌ മൈ ഓള്‍ഡ്‌ ഡബ്ബാ മൊബൈല്‍ ആന്‍ഡ്‌

ഗെറ്റ് മീ എ ന്യൂ എന്‍ സീരീസ്‌ വന്‍ എന്നാത്രെ..


ജാന്‍സിയെ.... എന്നാ ഇംഗ്ലീഷ്‌ ആണെടീ നമ്മടെ

കൊച്ചു പറയുന്നേ.. അസൂയ ആവുന്നെടീ ..


മധുര സ്വപ്നത്തില്‍ മുങ്ങിയ ഒരു

ഉറക്കത്തിനു മുന്‍പ് വാചാലനാകുന്ന

ജോര്‍ജേട്ടന്‍...


"ആ അലക്സിന്റെ കൊച്ചന്‍ എസ് എം എസ് അയചെക്കുവാ

'എയ്ന്ജെല് യൂ ആര്‍ സൊ സെക്സീ എന്ന്..


ഇതെന്നതാടീ എന്ന് ചോദിച്ചപ്പോ കൊച്ചു പറയുവാ

"ദാറ്റ്‌ ഈസ്‌ നന് ഓഫ് യുവര്‍ ബിസിനസ്‌...

ഫക്ക് ഓഫ്‌' എന്ന്...


ഹൊ.. എന്നാ ഒരു ഇംഗ്ലീഷ്‌ ആണെടീ..."

Thursday, September 10, 2009

അപ്പുറമിപ്പുറം...


അപ്പുറമിപ്പുറം...


വലയില്‍ കുടുങ്ങിയ മീന്‍
കടലിലെ മീനിനെ
വലക്കണ്ണികള്‍ക്ക് അപ്പുറത്ത് കണ്ടു...

കടലിലെ മീന്‍ പറഞ്ഞു
നീ വലയിലായെന്ന്..

വലയിലെ മീന്‍ പറഞ്ഞത്
നീയാണ് വലയിലെന്ന്..

മുകള്പ്പരപ്പിന്റെ അതിരും താണ്ടി
കരയ്ക്കെത്തുമ്പോള്‍
വലയിലെ മീന്‍ വിളിച്ചു പറഞ്ഞു,
നീ ഇന്നും കടലിന്റെ വലയിലെന്ന്..!

________

Wednesday, September 2, 2009

എന്‍റെ കിറുക്കുകള്‍...(1)
തിരക്കുകള്‍.., വലിയ വലിയ രക്ഷപ്പെടലുകളാണ്....
പിന്‍ തുടര്‍നെത്തുന്ന നിഴലുകളില്‍ നിന്നും കണ്ണുകള്‍ ഇറുകെയടച്ചു ഒരൊളിച്ചോട്ടം....
ഒരുപക്ഷെ ,
ഓര്‍ത്തെടുക്കാനാവാത്ത ഏതോ അവ്യക്ത ഭീകര സ്വപ്നം പോലെ ,
എങ്ങെങ്ങും എത്താത്ത കിതച്ച ഓട്ടങ്ങള്‍ .....

നിനക്ക് എങ്ങനെയാവുമെന്നു എനിക്കറിയില്ല.....
എന്നെ ,
ഏകാന്തത ഭയപ്പെടുത്തുന്നത്‌ പോലെ ,
ഒന്നും .... മറ്റൊന്നും ഭയപ്പെടുത്തുന്നില്ല ...

അതുകൊണ്ടാവാം ,
നഗരത്തിനു മീതെയിരുന്നു അപരിചിതമായ ഏറെയേറെ മുഖങ്ങളിലേക്ക്
വെറുതെ നോക്കിയിരിക്കാന്‍ എനിക്കിഷ്ടം ..

(ഒരു പക്ഷെ , പരിചയങ്ങളില്‍ നിന്നും വിദഗ്ദമായി വഴുകി ഒഴുകുന്നത്‌ പോലെ ..)
ഏകാന്തതയാണ് എനിക്കിഷ്ടമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ...,
സുഹൃത്തേ , നിങ്ങള്‍ ഒരിക്കലും...
ഒരിക്കല്‍ പോലും അതിനെ അറിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറയും....

നോക്കൂ.... അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ നിങ്ങള്‍
അതിനെ വെറുത്തു തുടങ്ങും....

സത്യത്തില്‍ , നമുക്കു അറിയാത്തതിനെയല്ലേ , നാം സ്നേഹിക്കുന്നത് ..?
അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ പലതും നമുക്ക് ഭയങ്ങള്‍ ആവും അവശേഷിപ്പിക്കുക......

ആരാണ് ഭയന്ന് മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുക......???

എകാന്തതയിലാണ് ചിന്തകള്‍ ജന്മമെടുക്കുന്നത്..
ഒരു വലിയ മരത്തിലൂടെ ഉറുമ്പ് സഞ്ചരിക്കുന്ന പോലെയാണ് ചിന്തകള്‍..
തായ് വേരില്‍ നിന്നും തുടങ്ങി തടിയിലൂടെ ഇഴഞ്ഞിഴഞ്ഞ്...
പിന്നീട് ശാഖകളിലൂടെ ചില്ലകളിലേക്ക്‌... അവിടെ നിന്നും ഇല തുമ്പുകളിലേക്ക്....
അവിടെ യാത്ര അവസാനിക്കുമ്പോള്‍ തിരികെ വീണ്ടും മറ്റൊരു ചില്ല, ഇല, ശാഖ, അങ്ങനെയങ്ങനെ...
ഒടുവില്‍ മെഗലന്‍ ഭൂമി ചുറ്റി വന്ന പോലെ തായ് വേരില്‍ തന്നെ ഒടുക്കം...
വീണ്ടും ഉന്മാദത്തിന്റെ വേലിയേറ്റം...
നിങ്ങള്‍ തന്നെ പറയുക.. എങ്ങനെയാണ് ഭ്രാന്തു പിടിക്കാതിരിക്കുക.....!!!!

(തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍..)

Monday, August 17, 2009

കൂരായണം..പാലത്തിന്‍റെ ഒരറ്റത്ത് എപ്പോഴും അവന്‍ ഉണ്ടായിരുന്നു..

ആരൊക്കെയോ വന്നു ചോദിച്ചു-


"ഒന്നെന്നെ അക്കരെ കടത്തി തരാമോ? "

കാല് തെന്നാതെ, ഉടല്‍ വിറയ്ക്കാതെ

അവരെയവന്‍ അക്കരെയെത്തിച്ചു...


ഒരിക്കല്‍ എപ്പോഴോ അവന്റെ മേലെ

വെയില്‍ വെന്തപ്പോള്‍,

താഴെ പുഴ തിളച്ചപ്പോള്‍

അവന്‍ ആര്‍ത്തു വിളിച്ചു...


"ആരെങ്കിലും എന്നെയൊന്ന് അക്കരെ എത്തിക്കാമോ..? "


അക്കരെ, പലരും കേട്ടില്ല.. ചിലര്‍ കേട്ടോ എന്നറിഞ്ഞില്ല..

എങ്കിലും ആരൊക്കെയോ വിളിച്ചു പറഞ്ഞു-


" ക്ഷമിക്കൂ സുഹൃത്തെ... ഒരിക്കല്‍ക്കൂടെ അക്കരെപ്പോരുവാന്‍

പേടിയാണ് ഞങ്ങള്ക്ക്... !!!"
________________

Tuesday, August 4, 2009

ഫ്ലഷ്...


ഒരു ഞെക്കില്‍


എല്ലാം അവസാനിക്കുന്ന


പുഷ് ബട്ടന്‍ ഫ്ലഷിനെ കുറിച്ചു


എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്


നീ തന്നെ..
പിളര്‍ന്ന ഭൂമിക്കും


അടര്‍ന്നു വീണ ആകാശത്തിനും


ഇടയില്‍


തനിച്ചാകുമ്പോള്‍


ഞാനൊന്ന്


പൊട്ടിക്കരയട്ടെ..
കണ്ണുകളെപ്പോലും


ഓക്കാനിപ്പിക്കുന്ന


പിന്‍ വഴികളെ


ഒരു വെള്ളച്ചിരിയുടെ


പിന്നാമ്പുറങ്ങളിലേക്ക്


അതെന്നെയും ചേര്‍ത്ത്


ചുഴറ്റിയൊഴുക്കി


വലിച്ചു കൊണ്ടു പോകട്ടെ..!
എങ്കിലും ചിരി


ഒരു ഡിലീറ്റ്‌ ബട്ടന്‍


ആണോ..?

Monday, August 3, 2009

പരസ്പരം..അങ്ങനെ

അന്യോന്യം

കുടിച്ചു വറ്റിച്ചു വറ്റിച്ച്


ഒഴിഞ്ഞെന്ന്
ഉറയ്ക്കുമ്പോഴും

മുറിയാതെ നിറയുന്ന

കടലാണിത്..


തുടങ്ങും മുന്പേ

ഒടുങ്ങിപ്പോകുന്ന

ഒരു തുമ്മല്‍ പോലെ

ചിലപ്പോള്‍ പൊട്ടാറായ

ഒരു കുരു പോലെ

പറയാന്‍ പറ്റാത്ത

ഒരു വാക്ക്


മറ്റു ചിലപ്പോള്‍

രതി മൂര്‍ ഛയെ

ഒരു വര കൊണ്ടു

പറഞ്ഞു തീര്‍ക്കുന്ന

വങ്കത്തം..


എനിക്കും നിനക്കുമിടയില്‍

പിടഞ്ഞ വാക്ക്

അത് തന്നെ ആവണം..


______

Saturday, July 11, 2009

(ചീ) വീട് ...


(ചീ) വീട് ...


പകല്‍, തിരക്കിട്ടൊ-
രൊച്ചപ്പെരുക്കത്തില്‍
ഇല്ലാത്തിരക്കും ചവച്ചിരിക്കുമ്പോള്‍
എങ്ങേയുറങ്ങുന്നു ചീവീട്...?

ആടിപ്പൊലിപ്പിച്ച
ചമയങ്ങളൊക്കെയും
രാവിന്റെ കണ്ണില്‍
കുടഞ്ഞിരിക്കുമ്പോള്‍
ഏതേതു കണ്ണാടിക്കണ്ണിലായ്‌
ചീവീടു കേഴുന്നു.. !

വഴി കുഴ; ഞ്ഞോര്‍മ്മ-
യലച്ചു പെയ്യുമ്പോള്‍
ഇരവുറഞ്ഞേതു
വിടവിലൂടെന്നെ
ചീവീടുണര്‍ത്തുന്നു...?!


ആഴുന്നയോരോ
ചുഴിക്കറക്കത്തിലും
ബോധം തുളച്ചല-
ച്ചെന്നില്‍ നിന്നെന്നെ
ഏതു ചീവീടേ
മടക്കം വിളിക്കുന്നു...!!!

______________


Thursday, July 9, 2009

കണ്ണാടി നോക്കുന്നതിനു മുന്‍പ്...


കണ്ണാടി നോക്കുന്നതിനു മുന്‍പ്...

വൃത്തിയായി
മുഖം കഴുകുക.

കണ്‍കോണില്‍ കുമിഞ്ഞ
പുഴുത്ത കാഴ്ചപ്പീള
വിരല്‍ത്തുമ്പു കൊണ്ട്
തോണ്ടിയെടുക്കുക...

(
ഒരിക്കല്‍പ്പോലും
വിരല്‍ത്തുമ്പിലെ
വിചിത്ര ഗന്ധങ്ങള്‍
അറിയാതിരിക്കാന്‍
ശ്രമിക്കുക.!)

ശ്വസിച്ചുപോയ
സത്യങ്ങള്‍യെല്ലാം
നാലല്ല, നാനൂറല്ല
നാലായിരം തവണ
തുമ്മി തെറിപ്പിക്കുക...

കേട്ടുപോയ
ശബ്ദങ്ങളെയെല്ലാം തന്നെ
ചെറുവിരല്‍ കൊണ്ട് വകഞ്ഞ്
ഒരഴുക്ക് തുണിയിലേക്ക്
തുടച്ചെറിയുക...


മുള്‍ക്കൊമ്പുകളുടെ മുനമ്പും
രോമക്കാതുകളുടെ കൂര്‍പ്പും
മുടിയിഴകള്‍ക്കിടയിലേക്ക്
കോതിയൊതുക്കുക

കവിളില്‍ നിന്നും
കഴുത്തിലേക്കിറങ്ങുന്ന
ചോരക്കറ
നഖമുന കൊണ്ട്
മെല്ലെ ചുരണ്ടി മാറ്റുക...

ഒതുങ്ങിയ ഒരു ചിരി കൊണ്ട്
ചുണ്ടുകള്‍ക്ക് പിന്നിലെ
തിളങ്ങുന്ന മൂര്‍ച്ച
ഒളിച്ചു വെക്കുക...

വെള്ളം കോരിയൊഴിച്ച്
കണ്ണ് തണുപ്പിച്ച്
പതിയെ...

(മുഖംമൂടികള്‍ക്ക്
ഉടവ് തട്ടാതെ,
ചുളിയാതെ, അഴുക്കാവാതെ
പതിയെ... പതിയെ...)


_____________

Monday, July 6, 2009

വിക്രമം (വക്രം...!!)


വിക്രമം (വക്രം...!!)


നൂറ്റാണ്ടുകള്‍ക്കു ശേഷം
വെറുതെ മണ്ണ് മാന്തിയപ്പോള്‍
അവന് കിട്ടിയത്
എന്റെ ഇരിപ്പിടം...

കേവലം കൌതുകം കൊണ്ടവന്‍
ഒന്നാം പടിയില്‍ കാല് വെച്ചു.

ഒന്നാം പടിയില്‍ ഒന്നാം നോക്കുകുത്തി .
"നില്‍ക്കൂ..
അവനൊരു പഠിച്ച കള്ളനായിരുന്നു.
പറഞ്ഞിട്ടുണ്ടോ നിങ്ങള്‍
കണ്ണ് പൊള്ളുമ്പോള്‍ അവനോളം
കള്ളങ്ങള്‍...?"

രണ്ടാം പടിയില്‍ രണ്ടാം നോക്കുകുത്തി.
"അവനൊരു മഹേന്ദ്രജാലക്കാരന്‍.
കഞ്ചുകങ്ങള്‍ക്കും തിരശീലകള്‍ക്കും
മുഖംമൂടികള്‍ക്കും പിന്നിലിരുന്ന്
വാ തോരാതെയവാന്‍ വാചകമടിക്കുമായിരുന്നു.."

മൂന്നാം പടിയില്‍ മൂന്നാം നോക്കുകുത്തി.
"അവന് മുഴുത്ത ഭ്രാന്തായിരുന്നു..
അര്‍ത്ഥശൂന്യതയില്‍ ഇരുള് കുമിഞ്ഞ ദ്വാരങ്ങളെ
പ്രണയം കൊണ്ടാണ് അവന്‍ അടച്ചു വെച്ചത്.."

നാലാം പടിയില്‍ നാലാം നോക്കുകുത്തി.
"അവനൊരു ഭീരുവായിരുന്നു..
ഉറക്കം മുറിയുമ്പോള്‍
നിലാവില്‍ ഇരുട്ടിന്റെ പല്ലുകണ്ട്
അവന്‍ അലമുറയിടുമായിരുന്നു.."

അഞ്ചാം പടിയില്‍ അഞ്ചാം നോക്കുകുത്തി.
" അവന് ജീവിക്കാന്‍ അറിയില്ലായിരുന്നു..
ഒറ്റയ്കാവുമ്പോള്‍ നക്ഷത്രങ്ങളോടും കാറ്റിനോടും
സംസാരിക്കുമായിരുന്നു.
വല്ലപ്പോഴും വിഡ്ഢിക്കവിതകള്‍ എഴുതി.."

ആറാം പടിയില്‍ ആറാം നോക്കുകുത്തി..
"ഹൃദയമില്ലായിരുന്നുവെങ്കിലും
ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടവന്..
തനിക്ക് വേണ്ടി കരയാന്‍ മറന്നു പോയവന്‍.."

ഏഴാം പടിയില്‍ ഏഴാം നോക്കുകുത്തി.
" കളികളില്‍ പിറകിലായവന്‍..
പന്തുകളെ എങ്ങനെ വലയിലാക്കാംഎന്നു
പഠിക്കാതെ പോയവന്‍.."

എട്ടാം പടിയില്‍ എട്ടാം നോക്കുകുത്തി.
" പിഴച്ചവന്‍ ആയിരുന്നു,
ഒരു പെണ്ണിനെപ്പോലും പിഴപ്പിക്കാത്തവന്‍.."

ഒമ്പതാം പടിയില്‍ ഒമ്പതാം നോക്കുകുത്തി..
" നല്ല നടനായിരുന്നു അവന്‍.
കരഞ്ഞെരിഞ്ഞപ്പോഴും വെളുക്കെ ചിരിച്ചവന്‍.."

പത്താം പടിയില്‍ പത്താം നോക്കുകുത്തി.
"മരമണ്ടനായിരുന്നു അവന്‍..
വിലാസമില്ലാതിരുന്നിട്ടും
എന്നെങ്കിലും മറുപടികള്‍ തേടി വന്നേക്കുമെന്ന്
പിറുപിറുത്തവന്‍..."


പതിനൊന്നാം പടിയില്‍ പതിനൊന്നാം നോക്കുകുത്തി.
"കണ്ണാടികളില്‍ നിന്നും കണ്ണുകളിലേക്കു
കൂടുവിട്ടു കൂട് മാറിയവന്‍,
ചിലപ്പോള്‍ വേതാളമായി സ്വന്തം കഴുത്തില്‍
ചാഞ്ഞു കിടന്നവന്‍..."

പന്ത്രണ്ടാം പടിയില്‍ പന്ത്രണ്ടാം നോക്കുകുത്തി.
" ഒരു കുമ്പിളില്‍ അവള്‍ കടല് നീട്ടിയപ്പോള്‍
മറുവാക്കുരയ്ക്കാന്‍ മറന്ന പേശാമടന്തന്‍...
തത്തകള്‍ക്കൊപ്പം പറന്ന് തിരിച്ചു വന്നപ്പോഴേയ്ക്കും
ഊരും നഷ്ടപ്പെട്ടവന്‍.. "

പതിമൂന്നാം പടിയില്‍ പതിമൂന്നാം നോക്കുകുത്തി.
" വലിയൊരു കോമാളിയായിരുന്നു അവന്‍..
നീളന്‍ തൊപ്പിയില്‍ നക്ഷത്രങ്ങളെ കോരിയെടുത്തു
മറുവശത്തൂതി പ്പറപ്പിച്ച് മിന്നാമിനുങ്ങുകളെ ഉണ്ടാക്കിയവന്‍..
ഹൃദയം ഊതി വീര്‍പ്പിച്ചു ബലൂണ്‍ ഉണ്ടാക്കിയവന്‍
തലകീഴെ നിന്നു കാണികളെ ചിരിപ്പിച്ചവന്‍..

പറയൂ..
ഈ ഇരിപ്പിടത്തിനു യോഗ്യനാണോ നിങ്ങള്‍..?"

_________________


പിന്‍കുറിപ്പ്..

ഇരിപ്പിടം കൊതിച്ചു പിന്തുടര്‍ന്ന് വന്നവരെ,
വെറുതെ തന്നാലും വേണ്ടായെന്നു
യാത്ര പൂര്‍ത്തിയാക്കാതെ ഒരാശ്വാസത്തിലേക്ക്
നിങ്ങളും പടിയിറങ്ങിക്കൊള്ളൂക..
ഇതി വക്ര ചരിതം സമാപ്തം... !!

___________________

Saturday, June 6, 2009

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________

വഴിവിളക്കുകള്‍ ...രാത്രിയാത്രകളില്‍ എന്റെ
കാലു തെന്നാതെ
കല്ല്‌ തട്ടാതെ
കുണ്ട്, കുഴി വീഴ്ത്താതെ
തന്നാലായ അകലങ്ങളോളം
എരിഞ്ഞത് നീ..

തിരിഞ്ഞു നോക്കാത്ത
തിളച്ച യാത്രയില്‍
പിറകോട്ടു മാറി
ഓരോ വളവിലും
മറഞ്ഞത് നീ..

പകല്‍യാത്രത്തിടുക്കത്തില്‍
ഞാന്‍ തന്നെയാണ്
നിന്നെ മറന്നത്..

ഈ തനിച്ച രാത്രിയില്‍
പാതിയാത്രയില്‍
പൊടുന്നനെ നീ
നിലച്ചതാണ്
എന്റെ വഴി കളഞ്ഞതും
നിന്നിലൂടൊന്നു തിരികെ
നടന്നു പോയതും...

പറയാതെ പോയ ഒരു വേദന.._________________

(ത)വളകള്‍ പറഞ്ഞേക്കാവുന്നത് ...


കുണ്ടില്‍
വളര്‍ന്നാല്‍ മതിയെന്നും
അതിനപ്പുറത്ത് മറ്റൊന്നുമില്ലെന്നും
പഠിപ്പിച്ചു തന്നു.

മഴ തകര്‍ക്കുമ്പോള്‍
ആര്‍ത്തുവിളിച്ചാല്‍
ഒരലോസരത.

പുറമെ
വലിയ നിരത്തെന്നറിഞ്ഞു
പുറത്തിറങ്ങിയപ്പോള്‍
ചക്രങ്ങള്‍ കൊണ്ടരച്ച്
ചിത്രങ്ങള്‍ വരച്ചു.

(പകല്‍ വെളിച്ചത്തില്‍
ഒരു കണ്ണീര്‍ക്കവിത..! )

പരീക്ഷണ ശാലയില്‍
അറുത്ത് മുറിച്ച്
മലര്‍ത്തി വെച്ചപ്പോള്‍
കരഞ്ഞില്ല,
പഠിച്ചെടുക്കാനെന്നൊരു
ഒഴിവുകഴിവ്..

അത്താഴത്തിന്
എരിവു ചേര്‍ത്ത്‌
നിരത്തിവെച്ച കാലുകള്‍..

പഠിച്ചതും പഠിപ്പിക്കപ്പെട്ടതും
എന്തൊക്കെയായാലും
കരയോ വെള്ളമോ
ചാടിക്കടന്നല്ലേ പറ്റൂ..
നീന്തിക്കയറിയല്ലേ പറ്റൂ...


___________________

ചേരുന്ന കുട..ഉറ കുത്തിയ
കുടയാണെന്നേ
കളിയാക്കിപ്പോയീ
നിങ്ങള്‍.

ഇതെന്‍റെ കുട.

അയ്യയ്യോ
മാറാക്കുടയിത്
ചോരും,
വെയില്‍ നൂണ്ടു വരും.

ഇത് മാത്രം
ചേര്‍ന്നാല്‍ മതിയിനി
മാറില്ലിത്,
മാറേണ്ടിനിയും.

നോക്കൂ
പെയ്യുന്നിവിടെ
മഴനൂലുകള്‍
എന്റേതായി..!

ഈ ചെറു
കുടയാകാശത്തില്‍
നട്ടുച്ചയ്ക്കും
നക്ഷത്രങ്ങള്‍..!

(ഇനി സ്വകാര്യം..

ഒരു തുള
വീണ്ടും തുളയി-
ല്ലതിലേ തല
പൂഴ്ത്തിയിരിപ്പൂ ഞാനും...!!)


______________________

കടത്ത്....
തോണി ഏറെ ദൂരം പോയി കഴിഞപ്പോള്‍
യാത്രക്കാരന്‍ അക്ഷമനായി ...

"ഈ തോണി എപ്പോഴാ ഇനി അക്കരേയ്ക്ക് എത്തുക ..?"

തുഴക്കാരന്‍ പൊട്ടിച്ചിരിച്ചു ..
"നമ്മള്‍ .. ,
നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"

അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി..!!


____________________________

ജലദോഷപ്പനിമ..നീയല്ല, ഞാനാ -
ണെനിക്കേറ്റമകലെ
യെന്നോര്‍ത്തു വരുമ്പോഴേ-
യകലെയായ്‌ നീയും,
ഞാനുമേന്നേ യിറങ്ങി
പ്പിരിഞ്ഞോരാ വീടു -
മകങ്ങളിലിറ്റിയുറഞ്ഞ
വീര്‍പ്പും...

പകല്‍വഴി മാഞ്ഞ
തീവെയില്‍പ്പെയ്ത്തില്‍
തുമ്മിത്തീരാതെ
ജന്മദോഷ പ്പനിമ..

_____________________________________________________________________________

Saturday, May 16, 2009

ഈര്‍ച്ച..ഒരു വരിപ്പല്ലാല്‍
മുറിവില്‍ ഉമ്മ വെച്ച്
ഒരു കുളിര്‍ നീര്‍ത്തി
മേലേയ്ക്ക്....

ഓ.........

അതേ വരിപ്പല്ലാല്‍
അതേ മുറി വീണ്ടും
മുറിച്ച് ആര്‍ത്ത്
വീണ്ടും
താഴേയ്ക്ക്...

ഹോയ്.....


ഓ..... ഹോയ്.... ഓ... ഹോയ്.......

എഴുത്തുകള്‍...


ഞാനയച്ച എഴുത്തിനു
നീ അയക്കാതിരുന്ന മറുപടിക്ക്‌....
ഞാന്‍ കുറിച്ച മറുപടിയാണ്
നിനക്കു കിട്ടാതെയും പോയത്....

കാത്തിരിപ്പ്....


വരില്ലെന്നറിഞ്ഞിട്ടും, കാറ്റിനോടും,
 നിലാവിനോടും, നക്ഷത്രങ്ങളോട് പോലും
 അവള്‍ ചോദിച്ചു കൊണ്ടിരുന്നു... 
"അവന്‍... എപ്പോഴാണ് വരിക..?" 

അങ്ങനെ ഒരുപാടൊരുപാട് ദിനരാത്രങ്ങള്‍ ...

ഒരിക്കല്‍ പൊടുന്നനെ അവന്‍ വന്നു വിളിച്ചു... .. 
"നോക്കൂ ഇതാ ഞാന്‍ വന്നു ..."

അവള്‍ ഒരു നിമിഷം തരിച്ചു പോയി...... 
ഒടുവില്‍, തകര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു......

" നീ .. നീ..... എന്തിനാ ഇപ്പൊ വന്നെ...? എനിക്കിനി കാത്തിരിക്കാന്‍ ആരാ ഉള്ളേ..? ഒരാളെയും കാത്ത്തിരിക്കാനില്ലാതെ ഞാന്‍ എന്തിന് ........?!

കടത്ത്....


തോണി ഏറെ ദൂരം പോയി കഴിഞപ്പോള്‍ യാത്രക്കാരന്‍ അക്ഷമനായി ..."ഈ തോണി എപ്പോഴാ ഇനി അക്കരേയ്ക്ക് എത്തുക ..? വൈകുന്നു.."
തുഴക്കാരന്‍ പോട്ടിച്ച്ചിരിച്ച്ച്ചു ..
"നമ്മള്‍ .. , നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"

അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി....

പ്രണയം....?!


പ്രണയം,
മൂക്കിനുള്ളില്‍ വളരുന്ന
ഒരു കുരു പോലെയാണ് ..
അമര്ത്തപ്പെടുമ്പോള്‍ വേദനിപ്പിക്കുന്നതോ....
ഒരു തുമ്മല്‍ അവശേഷിപ്പിക്കുന്നതോ
അതോ
അറിയാതെ കണ്ണീര്‍ പൊടിപ്പിക്കുന്നതോ......
പഴുക്കുമ്പോള്‍ വെറുപ്പിക്കുന്നതും
നശിക്കുമ്പോള്‍ മടുപ്പിക്കുന്നതും .....
ഏത് തിരക്കിലും
നമ്മിലേക്ക്‌ തന്നെ ശ്രദ്ധ തിരിപ്പിക്കുന്ന ഒരു അലോസരത...
അറിയാതെ എപ്പോഴും തൊട്ടു പോകുന്ന ഒരു ശീലം....
ഒരു കുരു പൊട്ടുന്നതിനേക്കാള്‍ സ്വതന്ത്രമാകുന്ന
മറ്റെന്തുണ്ട്.....??

അകലെ.....


വാക്കുകളെ അടവെച്ചാണ്
തീറ്റ തെണ്ടാന്‍ പോയത്...
തിരികെയെത്തുമ്പോള്‍ ,
മരം, ചില്ലകള്‍, വേര് പോലും....
താഴെ,
വരണ്ട മണ്ണില്‍ ,
പാതിയിലുടഞ്ഞ ഒരു നനവ് ...
(അകട്ടപ്പെട്ടവന് അകലത്തിന്റെ ന്യായം
ഇതു തന്നെ ധാരാളം......!! )

ഭ്രാന്ത്.....


അവര്‍ക്ക് ഭ്രാന്തില്ലെന്ന് ഉറയ്ക്കുവാന്‍ എങ്കിലും
നമുക്ക്
ഭ്രാന്തര്‍ ആയിരിക്കാം..

(അല്ലെങ്കിലും
ഒരു ഭ്രാന്തന് വേണ്ടി
ഒരിക്കലും ലോകം അതിന്റെ ഭ്രാന്ത് മാറ്റാന്‍
ശ്രമിക്കാറില്ല....!!!!)

അടുപ്പം .... അകലം.....?!!!


അകലെ.....;
ഏറെ അകലെ , അകന്ന്... അടുത്തിരിക്കുന്നതെ.....
അകന്നു പൊവാത്തു നാം...

മറവി...!!!!


മാറ്റ് അറിയാനാണ്
ബന്ധങ്ങള്‍
ഉരച്ചു നോക്കാന്‍ തുടങ്ങിയത്.....

ഉരച്ചും ഉരഞ്ഞും
തേഞ്ഞും
അങ്ങനെ ...
ഒരു തീപ്പൊരി....
തീ.....

പിന്നെ
ഒരിത്തിരി ഭസ്മം..

മറന്നത് എന്താവാം....???

പെന്‍സില്‍


ചായക്കൊഴുപ്പിനും ഉള്ളില്‍
മാര്‍ദ്ദവം
മേനി...

ഉള്ളില്‍
നീണ്ടു കരിഞ്ഞ്‌
ജീവന്‍...

എല്ലാം മായ്ക്കുന്ന റബ്ബര്‍
മേലെ....

നമ്മെക്കൊണ്ട്
നമുക്ക്
എന്താണ്
വരച്ചു കൂടാത്തത്...??

തുള...


ഒരു തുള
വീണ്ടും
തുളയില്ല....

അതിലേ
തല പൂഴ്ത്തിയിരിപ്പൂ
ഞാനും...

ഫെയര്‍വെല്‍


മാര്‍ച്ച്

തല വലിക്കാം നമുക്കൊരു
കൂട്ടിലേക്ക്..
അതിനുമുള്ളിലെ
മറ്റൊരു കൂട്ടിലേക്ക്...
അതിനും ഉള്ളിനുമുള്ളിലെ
കൂടിനും കൂടിനും
ഉള്ളിലേക്ക്.. ..


ഏപ്രില്‍

കാത്തിരിക്കുന്നൂ
ചൂടില്ലാചൂടിനു മേലൊരു
വിഡ്ഢിച്ചിരിയാല്‍....


(നമ്മളോ....??
നീയേതു...?
അറിയില്ലെനിക്ക്‌ ഞാന്‍ മാത്രം...)

വണ്ടി..


തിരക്ക് പിടിച്ചോരു യാത്ര...

തിരക്കുള്ള വണ്ടിയില്‍
ഇല്ലാത്തിരക്കിന്‍റെ
വേവലാതികള്‍ ചവച്ച്
അങ്ങനെയങ്ങനെ....

ഒറ്റയ്ക്കൊരു
യാത്രയില്‍
ശൂന്യമായ
മടുപ്പ്
കൊറിക്കുന്നതിനെക്കളും
എന്റെയിഷ്ടം അത് തന്നെയാണ്....

എങ്കിലും...
എതിരെ ചീറിയകന്ന
ആ വണ്ടി
ഏതാണ്...??

എന്‍റെ ആകാശം....കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നുവെന്ന്
എല്ലാരും എപ്പോഴും
പറയുന്നുണ്ടായിരുന്നു...

ഒടുവില്‍..
എല്ലാം
ഒഴിഞ്ഞു പോയെന്ന്
എനിക്ക് തോന്നുമ്പോഴേക്കും
ശൂന്യം.....

വെണ്മ എന്ന് വെപ്പ്....

ചുമ്മാ,
ചിത്രം വരച്ചു കളിക്കാനല്ലാതെ
എന്തിന് കൊള്ളാം
ഈ ആകാശം ....

അല്ലേ.....???

കത്രികകള്‍ .....?!!!!ഛിന്നഭിന്നമാക്കപ്പെട്ട
ഒരു
ചിത്രം...

അവകാശം
പറയാന്‍
ആരുമില്ലാത്ത
ഒരു ഓര്‍മ്മ.....

എന്തിന്
എന്നെ മുറിച്ചത് എന്ന്
നീ പോലും ചോദിച്ചതെയില്ല

മുറിഞ്ഞത് ഞാന്‍...
മുറിച്ചു കളഞ്ഞത് നീ...

അത് എന്‍റെ
സത്യം...

നിനക്കു മറ്റൊന്നാവാം...
പക്ഷെ..
തിരികെ
ഒട്ടിച്ചു വെക്കുന്നത്
നീയോ,
അതോ.....

കത്രികകള്‍
അവയ്ക്ക് വേണ്ടത് ചെയ്യുന്നു...

ചിതറിച്ച
ചിത്രങ്ങള്‍ക്ക്
നിന്‍റെ ഉത്തരം
...???

എനിക്ക് അറിയണം എന്നില്ല....

കത്രികകള്‍
ഒരിക്കലും
ഒരുത്തരം
തരാന്‍
നിര്‍ബന്ധിക്കപ്പെടുന്നില്ല....
അല്ലേ....??

ഒരിക്കലും
തരാതിരിക്കട്ടെ...
ഒരിക്കലും...

എന്‍റെ
പ്രണയം
എന്നോട് കൂടെ
മുറിഞ്ഞു മുറിഞ്ഞു
കത്രികകള്‍ക്ക്
അവസാനത്തെ
ഉത്തരമാകട്ടെ....

നിന്‍റെ
ഒടുക്കത്തെ
പ്രണയത്തെ
അത്
ചാമ്പലാക്കട്ടെ...

എന്നോടൊപ്പം....

എങ്കിലും..
എവിടെയോ
ഉത്തരം കിട്ടാതെ
ഞാന്‍ അലയുന്നുണ്ടാവാം...

നീയും....

എന്‍റെ
അനായാസമായ ഒരു
മരണമെങ്കിലും
എല്ലാത്തിനും
അവസാനത്തെ
ഉത്തരമാകട്ടെ...


ഒടുവില്‍...
എന്നോടൊപ്പം
അതും
ഉത്തരമില്ലാത്ത
ഒരു വെറും
ചോദ്യമായി
എന്നെപ്പോലെ
ഞാന്‍ മാത്രമായി
എല്ലാരാലും
ചുമ്മാ
വെറുത്തു പോകപ്പെടട്ടെ....

ഒരു തെറ്റ് പോലും
കത്രികകള്‍ക്ക്
മുറിച്ചു മാറ്റാന്‍
കഴിയാതിരിക്കട്ടെ...

എന്നോടൊപ്പം
എല്ലാ
കത്രികകളും
കുഴിച്ചു മൂടപ്പെടട്ടെ....
എന്നെന്നേക്കുമായി....

എന്തേ....?
എനിക്ക് മാത്രം
ആശിക്കാന്‍ പാടില്ലേ....?

മരണം
ഉത്തരമാണെന്നു
വിശ്വസിക്കാന്‍
പറ്റുന്നില്ലെങ്കിലും

എനിക്കും
എന്തെങ്കിലുമൊക്കെ വിശ്വസിച്ചല്ലേ
പറ്റൂ....

വെറുതെ,
ഞാനും
എപ്പോഴെങ്കിലും ജീവിക്കാന്‍
പൊരുതിയിരുന്നു എന്നെങ്കിലും
എനിക്കെങ്കിലും ഒന്നു വിശ്വസിക്കാന്‍.....

ഇനി
ഒരു കത്രികയ്ക്കു പോലും മുറിച്ചു തള്ളാന്‍ മാത്രം
അവശേഷിക്കുന്നില്ല ഞാന്‍ ....

സമ്മതിക്കുകയുമില്ല ...
നിനക്കു ശ്രമിക്കാം...

കത്രികകള്‍
അവയുടെതു മാത്രമായ
നിയമങ്ങളില്‍
പിഴച്ചു
പോകട്ടെ....

ഞാന്‍
എന്‍റെ
മാത്രം
നിഴലിലും.....

അങ്ങനെ അങ്ങനെയങ്ങനെ.............

ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു...നിലം തൊടാതെ അതിര്‍ത്തിക്കും അപ്പുറത്തേക്ക്
മുഖമടിച്ചു വീണ ഒരു സിക്സര്‍ ...

കണ്ടു നില്‍ക്കുന്നവരുടെ
ആര്‍പ്പു വിളികളില്‍
പതിഞ്ഞു പോയ
ഒരു മൌനം...

പൊളിഞ്ഞ സാമ്പത്തിക നില
തളര്‍ത്തി എന്ന്
ആരാണ് പറഞ്ഞത്...??

ആരും തടസ്സപ്പെടുത്താതെ
അരക്കെട്ടില്‍ നിന്നും
ഊര്‍ന്നു വീഴുന്ന വസ്ത്രങ്ങള്‍
നൃത്തം ചെയ്യുന്ന നിശാ ക്ലബ്ബില്‍
നില തെറ്റിയ ഏതോ ലഹരി പുലംപിയതാവണം അത്...

രക്ഷപ്പെടാതവര്‍ക്ക്
എന്ത് സുരക്ഷാ ഭയം സുഹൃത്തേ...??

മഹാ നഗരത്തിന്‍റെ മറവിയിലേക്ക്
മനസ്സറിഞ്ഞ
ക്ഷണം....

മേല്‍വിലാസമില്ലാത്ത പൊള്ളത്തരത്തില്‍
മുഖം പൂഴ്ത്തി
നിറം ചേര്‍ത്ത ചാരായത്തില്‍
എല്ലാം മറന്ന് ഒന്ന് ഉറങ്ങുക...

അധികം വിലയില്ലാതെ ഒരുറക്കം....

ഹ... ഹ...

എവിടെയാണ്
തനിയെ
ചിരിച്ചു പോയത്...

മലച്ച ഒരു
ചിരിപ്പില്‍
സുഖം...

സുഖമായിരിക്കുന്നു
സുഹൃത്തേ...

എന്നും...

മഴ വരുന്ന വഴി..മാറിപ്പോവാതെ, കുട മറക്കുക
കാറ്റില്‍ ഏറി വാനം ഏറി
മണല്‍, മരുഭൂ കയറി നനയ്..

കാടു കടലെടുക്കട്ടെ
കാറ് കരയെടുക്കട്ടെ..
കരള്‍, കണ്ണ് കടമെടുക്കാതെ...

വിണ്ണ് വിങ്ങട്ടെ, മണ്ണ് കുളിരട്ടെ
വാക്ക്, നോക്ക്, ചിരി
മൂടി വെക്കാതെ...

മണ്ണ് പെയ്യട്ടെ...
മനസ്സ് പെയ്യട്ടെ..

വാക്ക് പെയ്തു പെയ്തു
മുങ്ങിപ്പോ...

എനിക്ക് ഞാന്‍ അങ്ങനെ തന്നെ.....!

നീ പറഞ്ഞു ഞാന്‍ ഏതോ പുഴയെന്ന്..
മുങ്ങി നിവര്‍ന്നപ്പോള്‍ പൂഴി പോലും കണ്ടില്ല..
പിന്നീട് എപ്പോഴോ നീ തന്നെയാണ് പറഞ്ഞത് കടലാണെന്ന്....
മുങ്ങാന്‍ കുഴി പോലും കണ്ടില്ല..

കാറ്റാണെന്ന് പറഞ്ഞതും നീ
അപ്പൂപ്പന്‍ താടി പോലും കണ്ടില്ല....
പൂവാണെന്ന്...
മുള്ള് പോലും കണ്ടില്ല...

മുഖം ചന്ദ്രന്‍ ആണത്രേ...
നിഴല്‍ പോലും കണ്ടതേയില്ല...

വഴി പിഴച്ച്
വിശപ്പ്‌ മരിച്ച്
എന്നെ ത്തന്നെ
തിന്നട്ടെ ഞാന്‍...

ഉറക്കം

അങ്ങനെ
എവിടെയോ, അറിയാതെ മുറിഞ്ഞും
സ്വപ്നങ്ങളുടെ വിരലില്‍ തൂങ്ങി
അങ്ങിങ്ങു യാത്ര പോയി
കൂട്ടം തെറ്റി പകച്ചും
മുറിവുകളില്‍ നീന്തി
വീണ്ടും ആഴ്ന്നും
പൊടുന്നനെ പിടഞ്ഞു പൊങ്ങിയും
ഉറക്കം, എന്‍റെ പ്രണയം....

പ്രിയപ്പെട്ടവളെ...
എന്നെപ്പോലും മറന്നു
എല്ലാ ഉറക്കവും
ഞാനുറങ്ങിയത്
നിന്നിലേക്ക്‌ ആയിരുന്നല്ലോ...

സര്‍ക്കസ്..സര്‍ക്കസ് പൊടി പൊടിച്ചു..
ഇടയ്ക്ക് എപ്പോഴോ കടല കൊറിക്കുന്നതു നിര്‍ത്തി
ഞാന്‍ അവളോടു പറഞ്ഞു..
" നോക്കൂ, ഞാന്‍ കോമാളിയെ കാണുന്നത് ആദ്യമായാണ്‌.."
അവള്‍ ചുമ്മാ ചിരിച്ചു..
പോകുന്നതിനു മുന്‍പ്
എന്‍റെ കയ്യില്‍ അവളൊരു
കണ്ണാടി തന്നു.....

മതിയാവാന്‍ സാധ്യതയില്ല..
ക്ഷമിക്കുക..
ഒരേയൊരു
വിരല്‍ത്തുമ്പു കൊണ്ട്
ആകാശ പതപ്പില്‍
തുഴ പോയ പട്ടം
തിരിച്ച് ഇറങ്ങില്ല...

ഒരു പങ്കായം
ചിറകാവില്ല
ചുഴിക്കനപ്പില്‍
വഴി പോയ
കപ്പലിന്....

ഇല്ല..
ഒരിക്കലുമില്ല..

ഒരേയൊരു ചുംബനം കൊണ്ട്
കെട്ടടങ്ങില്ല
ഒരു കടല്‍....

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...


സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________

വെള്ളിയൂര്‍ ചരിതം ഒന്നാം ഭാഗം.വെള്ളിയൂര്‍ എന്ന പേര് വന്നത് എങ്ങനെയാണെന്ന് പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉത്തരം ആര്‍ക്കും അറിയില്ലായിരുന്നു എന്നത് കൊണ്ടും വെള്ളിയൂര്‍ എന്ന ഇടം ഏതെങ്കിലും വസ്തുക്കള്‍ക്ക് പ്രത്യേകതകള്‍ ഉള്ള ഇടം അല്ലാത്തത് കൊണ്ടും അവിടത്തെ കഥാപാത്രങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത് എന്നത് കൊണ്ടും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഉചിതം എന്നത് കൊണ്ടും ആ ഉദ്യമത്തിന് തന്നെ മുതിരട്ടെ. ഹോ...!!!

സമകാലിക കേരളത്തിന്റെ ഒരു നെടു ഖണ്ഡം (cross section) ആണ് എന്ന് ഞങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ചുരുക്കം ഒരു ബിരുദാനന്തര ബിരുദം എങ്കിലും ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും ഇല്ലാത്ത ഒരു വീട് പോലും അവിടെ ഇല്ല എന്നത് അതിനെ ഒരു ഉന്നത വിദ്യാഭ്യാസ ഗ്രാമമായി പ്രഖ്യാപിച്ചാലും തെറ്റില്ല എന്ന അവസ്ഥയിലേക്ക് അതിനെ ഉയര്‍ത്തുന്നു. മുഖവുര ഇതിലും നീട്ടുന്നില്ല, കാര്യത്തിലേക്ക് തന്നെ കടക്കാം..

ലൈംഗിക അസ്വസ്ഥതകള്‍ ആണ് ഒരു നാടിന്റെ തുലനാവസ്ഥ തന്നെ തെറ്റിക്കുന്നത് എന്നത് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.. എന്നിട്ടും വെള്ളിയൂരിലെ ആള്‍ക്കാര്‍ പലരും വഴി തെറ്റി പോകാതെ (സദാചാര പ്രേമികളുടെ പൊള്ള വാക്ക്..!) ആ ഒരു സമതുലനാവസ്ഥ നിലനിര്‍ത്തി കൊണ്ടിരുന്നത് ഭാമിനിചേച്ചി തന്നെ ആയിരുന്നു എന്നത് റേഡിയോ മേന്ഗോ.. നാട്ടിലെങ്ങും പാട്ട് തന്നെ. (ശരിക്കുള്ള പേര് പറഞ്ഞു ഇല്ലാത്ത വയ്യാവേലി എന്തിനു വരുത്തി വെക്കണം..?)

കഥാനായകന്‍, രാജീവന്‍ മാഷ് (പേര് വ്യാജം തന്നെ) ഒരുപാട് സ്വത്തുള്ള വീട്ടിലെ ഒറ്റ മോന്‍. മിണ്ടാപ്രാണി. വായില്‍ വിരലിട്ടാല്‍ പോലും കടിച്ചോ, നുണഞ്ഞോ പോലും നോക്കാത്ത അയ്യോ പാവമെന്ന് ജനമൊഴി. ബീയെഡ്‌ കഴിഞ്ഞു മലപ്പുറത്ത്‌ എങ്ങാണ്ടോ ഒരു സ്ക്കൂളില്‍ അധ്യാപനം. ഡിഗ്രീകളുടെ ഭാരം താങ്ങാന്‍ ആവാതെ ബസ്‌ സ്റ്റോപ്പിനു എതിര്‍ വശത്തെ കുമിട്ടി പീടിക വരാന്തയില്‍ സൈഡ് സീറ്റില്‍ ഇരിക്കുന്ന പെണ്‍ പിള്ളാരെയും വല്ല്യ പെണ്ണുങ്ങളെയും കയ്യില്‍ ചുരുട്ടി പിടിച്ച തൊഴില്‍ വാര്‍ത്ത വീശിക്കാണിച്ചു ശ്രദ്ധ ആകര്‍ഷിപ്പിച്ചു നയന, വാക്ക്‌ ഭോഗങ്ങളാല്‍ ആനന്ദ നിര്‍വൃതി അടയുന്ന സമപ്രായക്കാരുടെ ഇടയിലൂടെ മെല്ലെ നടന്നു നീങ്ങി കൊണ്ടിരുന്ന ഒരു സാധു. ഇനി വേണോ വിശേഷണം...?

കഥ തുടങ്ങുന്നത് പ്രസ്തുത കഥാ നായകന്റെ വീടിനെ ചുറ്റിപ്പറ്റി കഥയിലെ വില്ലന്‍ ബാലേട്ടന്‍ (വ്യാജപ്പേര് .. ന്റമ്മോ.. എനിക്ക് ശരിക്കും പേടി തന്നെ ഈ പേര് പറയാന്‍..!) രാജീവന്‍ മാഷിന്റെ ബെസ്റ്റ് ഫ്രണ്ട് ആകുന്നതു മുതലാണ്‌. ഇന്നത്തെ പിള്ളാര്‍ ആമിര്‍ ഖാന്റെയും സൂര്യയുടെയും മറ്റും "സിക്സ് പാക്കിനെ " കുറിച്ചും മറ്റും കേള്‍ക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ 'കൊക്കനട്ട് ട്രീ ജിമ്മില്‍' ആറു പാക്കുകളും വികസിപ്പിച്ച മനുഷ്യന്‍, നാട്ടിലെ അംഗീകൃത തെങ്ങ് കയറ്റക്കാരന്‍. മുട്ടിനു മുകളില്‍ നില്‍ക്കുന്ന മിനി തോര്‍ത്തു മുണ്ട് വേഷം. തമിഴ്‌ സിനിമയിലെ തിരുപ്പാച്ചി റെയ്ഞ്ചില്‍ ഒരു തിളങ്ങുന്ന മുട്ടന്‍ കൊടുവാള്‍ വലതു കൈക്ക് അലങ്കാരം.

സഹജീവികളോട് കാരുണ്യം മുറ്റിയോഴുകുന്ന അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത കഥാ നായകന്‍ എല്ലാ ജീവിത വീക്ഷണങ്ങളെയും കാറ്റില്‍ പറത്തി ബാലേട്ടന് നൂറും ഇരുനൂറും രൂപാ ചോദിക്കുമ്പോള്‍ എല്ലാം എങ്ങനെ കൊടുക്കുന്നു എന്ന് ഞങ്ങളില്‍ പലരും അത്ഭുതപ്പെട്ടിട്ടും ഉണ്ട്. ബാലേട്ടന് തെങ്ങ് കയറ്റമുള്ള ദിവസങ്ങളില്‍ രാജീവന്‍ മാഷ്‌ സിക്ക് ലീവ് എടുക്കാറുണ്ടെന്നു അസൂയാലുക്കള്‍ പറഞ്ഞ്‌ പരത്തുന്നും ഉണ്ടായിരുന്നു നാട്ടില്‍.. കണ്ണീ ചോരയില്ലാത്തവന്മാര്‍... !
"ബാലേട്ടനോടു ചോദിച്ചാല്‍ പറയും.. ഇവിടെ ഒരു നായ്യിന്റെ മക്കള് പോലും ഞാന്‍ ചോദിച്ചാല്‍ ഒരു രൂപാ തരില്ല.. എന്റെ കെട്ട്യോള് പോലും... രാജീവന്‍ മാഷ്‌ എന്റെ ദൈവാ.." അങ്ങനെ ഞങ്ങളുടെ നാട്ടില്‍ ഒരു മനുഷ്യ ദൈവം കൂടെ പിറ കൊണ്ടു..!

സംഭവത്തിന്റെ കൊട്ടിക്കലാശം ബഷീറിന്റെ കല്യാണ ആഘോഷങ്ങളോട് അനുബന്ധിച്ചാണ്. കഥാനായകന്റെ സഹപാഠി. നായികയുടെയും വില്ലന്റെയും അയല്‍വാസി. കല്യാണ തലേന്ന് സ്വല്‍പ്പം കള്ളുകുടി, ഉത്സാഹം, ചീട്ടുകളി എല്ലാം പതിവാണ് അവിടെയും. നമ്മുടെ അയ്യോ പാവം മാഷ്‌ മട മടാ എന്ന് എല്ലാരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് നാടന്‍ വാറ്റ് പമ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ ആസ്ഥാന കുടിയന്മാരുടെ പലരുടെയും കെട്ടിറങ്ങി. പിന്നെ വായില്‍ നിന്ന് വിളയാടിയ സരസ്വതിയെ വികടന്‍ എന്ന് വിളിച്ചാല്‍ എനിക്ക് അടി ഉറപ്പ്. ഇവിടെ എഴുതിയാല്‍ ...... വേണ്ടാ.. !

ചാടി എഴുന്നേറ്റു ഒരൊറ്റ പ്രസ്താവന ആയിരുന്നു. എനിക്കിപ്പോ പോണം ഭാമിനിയെ കാണാന്‍.
(ചത്ത നിശ്ശബ്ദത.. i mean dead silence...!!!!)
ഭാമിനിയുടെ വീട്ടു പടിക്കലോളം ഇരുട്ടത്ത് തപ്പിപ്പിടിച്ചു, വല്ല കാഴ്ചയും തരമാകുമോ എന്ന ഒറ്റ ഉദ്ദേശത്തില്‍ അനുഗമിക്കാന്‍ ബൈജു, ദിനേശനും പിന്നെ സുരേഷും.
വീട്ടിനടുത്തെത്തിയപ്പോള്‍ തിരുപ്പാച്ചി കനവു കണ്ടു അനുഗമിച്ചവര്‍ ബ്രേക്ക്‌ ഇടുകയും രാജീവന്‍ മാഷ് ആക്സിലരേറ്റര്‍ ആഞ്ഞു പിടിക്കുകയും ചെയ്തു..
"നിങ്ങള്‍ എന്തിനാ ഓനെ പേടിക്കുന്നത്..? ഓന് മസില് മാത്രേ ഉള്ളൂ എന്ന് ഭാമിനി പറഞ്ഞിട്ടുണ്ട് " എന്നുരുവിട്ട് മാഷ് ടോപ്‌ ഗിയറില്‍ തന്നെ വെച്ച് പിടിച്ചു.. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഒരു ഗുണമേന്മയേ...!!

പാതി തുറന്ന ജനലില്‍ ഇടതു കൈ കൊണ്ട് പിടിച്ചു മധുര സ്വപ്‌നങ്ങള്‍ അയവിറക്കി ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പടത്തിലെ നായകനെ പോലെ മാഷ് കുഞ്ഞു കല്ലുകള്‍ പെറുക്കി അകത്തേക്ക് എറിഞ്ഞു കൊണ്ടിരുന്നു.. തുറന്നു വന്നേക്കാവുന്ന ഒരു കതകിലേക്ക് മുഴുവന്‍ ശ്രദ്ധയും ഊന്നി..

ഏത് നായിന്റെ മോനാടാ അത് .. എന്ന ശബ്ദത്തോടൊപ്പം ഉയര്‍ന്നു ജനല്‍ അഴിയില്‍ വീണ കൊടുവാള്‍ രക്തം തെറിപ്പിച്ചു.. രാജീവന്‍ മാഷ്‌ അറ്റ് തൂങ്ങിയ വിരലുകളുമായി ഇരുട്ടിലേക്ക് ഓടി മറഞ്ഞു...

പിറ്റേന്നത്തെ പ്രഭാതം.. വില്ലന്‍ ആണത്തം തെളിയിച്ച നായകനായി.. നായകന്‍ അന്യ ഭാര്യയെ പ്രാപിക്കാന്‍ പോയ വില്ലനായി.. ബാലേട്ടന്‍ സിക്സ് പാക്കിനു അപ്പുറം ആണത്തം തെളിയിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു കൊണ്ടിരുന്നു..
അപ്പോഴും അടങ്ങാത്ത കലി വയല്‍ വരമ്പിലിരുന്നു ചോരപ്പാട് മായാത്ത കൊടുവാള്‍ ചെളിയില്‍ വെട്ടി ബാലേട്ടന്‍ അടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. ഏതോ ഒരു കാര്‍ന്നോര്‍ ചോദിച്ചു..
"അല്ല ബാലാ.. ഓന്‍ നിന്റെ ദൈവാ എന്നൊക്കെ പറഞ്ഞിട്ട് ഇയ്യ്‌ ഓന്റെ കൈ തന്നെ വെട്ടീലോ..?"

" അതിനൊന്നും ഒരു മാറ്റോമില്ല... ദൈവം തന്നെയാ... ദൈവായാലും ന്റെ ഒറക്കം കളഞ്ഞാ ഞാന്‍ വെട്ടും.. ഇനീം വെട്ടും.. ഓന് ഓളെ വിളിക്കണം എന്നുണ്ടെന്കീ.... എന്നെ എന്തിനാ കല്ലെടുത്ത്‌ എറിയുന്നെ...? ഓളെ അങ്ങ് വിളിച്ചാല്‍ പോരെ...??"
Again dead silence....!!!!!!

ബാലേട്ടന്‍ ഇപ്പൊ ഞങ്ങളുടെ നാട്ടില്‍ വില്ലനല്ല.. സൂപ്പര്‍ ഹീറോ തന്നെയാണ്..

___________________________________________________________
എന്‍. ബീ.
ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്.. എന്നോട് പൊറുക്കുക..

____________________________________________________________

എനിക്ക് ഒച്ച് തന്നെ ആയാല്‍ മതി..

തല വലിക്കാനൊരു
കരിന്തോടുണ്ട്
നട വിറച്ചിഴഞ്ഞിഴഞ്ഞാവും
ഘോഷാഘോഷമില്ല-

എങ്കിലും
ഏതു കല്ല്‌, മുള്ള്,
തീ, വെയില്‍ നെഞ്ചെങ്കിലും
ഒരു വര,
പശിമ,
നനവ്...

അതെന്റെതു മാത്രമായിരിക്കും...!!!

__________________

പ്രവാസി/ തോന്നിവാസി

പ്രവാസി.

മടക്കമുണ്ടോ എന്നറിയാത്ത
ഒരു യാത്രപ്പെട്ടിയില്‍
പഴയൊരു നോട്ട് ബുക്കില്‍ ഒളിച്ചുവെച്ച
ഒരിലമുളച്ചിയുടെ
വിളര്‍ത്ത പച്ചപ്പ്‌...

( തിരിച്ചു വരവുകളുടെ
ചില നൂല്‍ വേരുകള്‍...)


ആവാസി.

അമ്മയെ സായ്പ്പിനു വിറ്റ
വെള്ളിക്കാശും ചേര്‍ത്ത്‌
ഗര്‍ഭ പാത്രത്തിലേക്ക് നൂണ്ട്
കണ്ണുകള്‍ ഇറുകെയടച്ച്
ഏറെ സുരക്ഷിതമായ
ഒരു കള്ളയുറക്കം..
ഒരു പൊള്ളച്ചിരി..

(അവസാന ചേക്കേറ്റത്തിനു മുന്‍പ്
ബാക്കി കാശിന്‌ ഒരു കാത്തിരിപ്പ്..)

തോന്ന്യാവാസി..


_______________________

പുസ്തകം കയ്യിലെടുക്കുമ്പോള്‍ മാത്രം ചാരുകസേരയില്‍ ഇരിക്കുന്ന വല്യമ്മാമന്‍
ഏര്‍ലി മോര്നിംഗില്‍
ബെഡ് കോഫി കഴിഞ്ഞ്‌
വെസ്റ്റേണ്‍ ടോയിലറ്റിലിരുന്ന്
ബ്രാവിയോ ലാപ്ടോപ്പില്‍
ന്യൂസ്‌ പേപ്പറിന്റെ
ഹോം പേജിലേക്ക് ലോഗിന്‍ ചെയ്ത്
ന്യൂസായ ന്യൂസെല്ലാം
അബ്സോര്ബ് ചെയ്ത് കഴിഞ്ഞ്‌
പെപ്സോഡാന്റ് ബ്രഷില്‍
ക്ലോസ് അപ്പ് പേസ്റ്റ് വെച്ച്
പല്ലായ പല്ലൊക്കെ വെളുക്കി
ഓള്‍ ക്ലിയര്‍ ഷാമ്പൂ തേച്ച് കുളിച്ച്
ടിപ്പ് ടോപ്‌ ഡൈനിങ്ങ്‌ ടേബിളില്‍
ലാ ഓ പാല പ്ലേറ്റില്‍
ബ്രെഡ്‌ ബട്ടര്‍ ജാം ബ്രേക്ഫാസ്റ്റ്‌.

പിന്നെ ബ്രാന്‍ഡ്‌ ന്യൂ റെയ്മണ്ട് സ്യൂട്ടില്‍
നോക്കിയ മ്യൂസിക്‌ സീരീസ്
ഇയര്‍ ഫോണ്‍ കാതില്‍ കുത്തിക്കേറ്റി
ഓഫിസിലേക്ക് ഒരു ഐ -റ്റെന്‍ ഡ്രൈവ് ..

വൈകുവോളം മള്‍ട്ടി നാഷണല്‍
ക്ലൈന്റ്സിനോട്
ആംഗലേയം പട വെട്ടിത്തളര്‍ന്ന്
ഒടുവില്‍
നാല് റൌണ്ട് റം ഓണ്‍ ദി റോക്ക്സ്
അരപ്പാക്കറ്റ്‌ മാല്‍ബറോ

ശേഷം
ചെമ്പരത്തിയിലയിട്ട് കാച്ചിയ
എണ്ണ തേച്ചു കുളിച്ച്
നീണ്ടു നിവര്‍ന്ന്
വിയര്പ്പുമെണ്ണയുമുറഞ്ഞു പിഞ്ഞിയ
പരുത്തിത്തുണിയോടമര്ന്നു
കാലില്‍ കാലും കയറ്റി വെച്ച്,
പുസ്തകം കയ്യിലെടുക്കുമ്പോള്‍ മാത്രം
ചാരുകസേരയില്‍ ഇരിക്കുന്ന
വല്യമ്മാമന്‍ .

നാലും കൂട്ടി മുറുക്കി മുറുക്കി
മുറ്റത്തേയ്ക്കൊരു നീട്ടിത്തുപ്പ് ...!

"തല്ലരുത്‌ മരുമക്കളേ
അമ്മാവന്‍ നന്നാവില്ലാ ........!!!"_______________________________

ശിക്ഷ.. ഇങ്ങനെയും...
"അവന്‍ തെറ്റ് ചെയ്തിരിക്കുന്നു..

നിങ്ങളവനെ ശിക്ഷിക്കുക..."

" കഴുകന്മാരേ, നിങ്ങള്‍

അവന്‍റെ കരള്‍ കൊത്തി പറിക്കുക .. .."

" അവന് കരളില്ല ദേവാ "

"എങ്കില്‍.., നിങ്ങള്‍ അവന്‍റെ ഹൃദയം കൊത്തി പറിക്കുക .. "

"അവനു ഹൃദയവുമില്ല ദേവാ .."

"എങ്കില്‍ .. എങ്കില്‍ നിങ്ങളവന്

അതെല്ലാം ഉണ്ടാക്കി കൊടുക്കുക.."

"എന്നെ ഇങ്ങനെ ശിക്ഷിക്കരുത് ദേവാ ...."

ആദ്യമായി അവന്‍ പൊട്ടിക്കരഞ്ഞു ........

മറവി ഒരു നൂല്.....!!!

മറവിയുടെ ഭാഷയില്‍
നീയും ഞാനും എന്നത്
വെറുമൊരു മറവി മാത്രമാണ്..

വാക്കുകളില്ലാത്ത വാചകം പോലെ
നിന്‍റെ പ്രണയം
വെറുതെ വിറങ്ങലിച്ചു.....

ഏതേതു
കള്ളങ്ങളിലാണ്
നമ്മള്‍ അകലങ്ങളില്‍
ഇരുത്തപ്പെട്ടത്...?

കാലം തിരുത്താത്ത
മറവികള്‍
നല്ലത് തന്നെ...

നിനക്കും
പിന്നെ എനിക്കും...
തൂങ്ങി മരിക്കാന്‍
ഒരു നൂല്....

തെഹല്‍ക്കനിന്‍റെ ക്യാമറ കണ്ണുകളെ
പേടിക്കാതെ
വയ്യെനിക്ക്‌...


നീ
ഒളിച്ചു തന്ന ചുംബനങ്ങളും
എനിക്കായ് പെയ്തു തീര്‍ന്ന
നിമിഷങ്ങളും
ഇനി എപ്പോഴാണ്
വില പേശ പെടുക.....!!???

വേണ്ട,
ഈ തൊപ്പി വലിച്ചെറിഞ്ഞ്‌
മറ്റൊന്ന് അണിയേണ്ട
എനിക്ക്....

ഉള്ളതും ഇല്ലാത്തതും..!!


ഒരിക്കല്‍.....

ഇല്ലാത്ത പാളത്തില്‍
ഇല്ലാത്ത വണ്ടിക്ക്
വെച്ച തല
അറ്റെന്നു നേര്..

(ഇല്ലെന്നു നീ ..)

ഇനി ,
ഉള്ളോരു പാളത്തില്‍
ഉള്ളോരു വണ്ടിക്ക്
ഇല്ലാ തല വെച്ചിരിക്കട്ടെ..
ഞാന്‍ .......

(ഉണ്ടെന്നു....???)

എനിമ... വിവരമുള്ളവര്‍ അങ്ങനെയെന്ന്....!!!


വിവരമുള്ളവര്‍
അങ്ങനെയാണ്....


ചീഞ്ഞു നാറുന്ന നെഞ്ചിലേക്ക്
പ്രായോഗികതയുടെ
മുഴുത്ത തായ് വേര്
ഇറക്കി വെക്കുക...

നിമിഷങ്ങള്‍ക്കകം
മറവിയുടെ കൊഴുത്ത ദ്രാവകം
ഒഴുകിയെത്തും...

അഴുക്കുകളും
ദുര്‍ഗന്ധവും
പുറന്തള്ളപ്പെടാന്‍
അങ്ങനെ
നിര്‍ബന്ധിക്കപ്പെടുന്നു...

ഇങ്ങനെയാണ്
ജീവിക്കാന്‍
പഠിക്കേണ്ടത് എന്ന്
ആരുമവര്‍ക്ക്
പഠിപ്പിച്ചു കൊടുക്കേണ്ടതില്ല...

പ്രിയപ്പെട്ടവളെ,
ഓര്‍മ്മകളുടെ
ശവക്കൂനയിലേക്ക്
വലിച്ചു പൊട്ടിച്ചു നീ
നീരിറക്കിയ വേര്
എന്‍റെ ധമനി ആയിരുന്നു...

(എങ്കിലും
എനിക്ക് ഭ്രാന്തു തന്നെയെന്ന്‌
ഉറപ്പിക്കുന്നത്
നിന്‍റെ വിളര്‍ത്ത
കണ്ണുകളാണ്...)

കണ്ണുകളെ
കഴുകിക്കളയുക എന്നത്
എനിമ പോലെ
ലളിതമെന്നു
പഠിക്കാതെ പോയവന്‍..


വിഡ്ഢി....!!!