Saturday, May 16, 2009

ഈര്‍ച്ച..ഒരു വരിപ്പല്ലാല്‍
മുറിവില്‍ ഉമ്മ വെച്ച്
ഒരു കുളിര്‍ നീര്‍ത്തി
മേലേയ്ക്ക്....

ഓ.........

അതേ വരിപ്പല്ലാല്‍
അതേ മുറി വീണ്ടും
മുറിച്ച് ആര്‍ത്ത്
വീണ്ടും
താഴേയ്ക്ക്...

ഹോയ്.....


ഓ..... ഹോയ്.... ഓ... ഹോയ്.......

എഴുത്തുകള്‍...


ഞാനയച്ച എഴുത്തിനു
നീ അയക്കാതിരുന്ന മറുപടിക്ക്‌....
ഞാന്‍ കുറിച്ച മറുപടിയാണ്
നിനക്കു കിട്ടാതെയും പോയത്....

കാത്തിരിപ്പ്....


വരില്ലെന്നറിഞ്ഞിട്ടും, കാറ്റിനോടും,
 നിലാവിനോടും, നക്ഷത്രങ്ങളോട് പോലും
 അവള്‍ ചോദിച്ചു കൊണ്ടിരുന്നു... 
"അവന്‍... എപ്പോഴാണ് വരിക..?" 

അങ്ങനെ ഒരുപാടൊരുപാട് ദിനരാത്രങ്ങള്‍ ...

ഒരിക്കല്‍ പൊടുന്നനെ അവന്‍ വന്നു വിളിച്ചു... .. 
"നോക്കൂ ഇതാ ഞാന്‍ വന്നു ..."

അവള്‍ ഒരു നിമിഷം തരിച്ചു പോയി...... 
ഒടുവില്‍, തകര്‍ന്ന ശബ്ദത്തില്‍ ചോദിച്ചു......

" നീ .. നീ..... എന്തിനാ ഇപ്പൊ വന്നെ...? എനിക്കിനി കാത്തിരിക്കാന്‍ ആരാ ഉള്ളേ..? ഒരാളെയും കാത്ത്തിരിക്കാനില്ലാതെ ഞാന്‍ എന്തിന് ........?!

കടത്ത്....


തോണി ഏറെ ദൂരം പോയി കഴിഞപ്പോള്‍ യാത്രക്കാരന്‍ അക്ഷമനായി ..."ഈ തോണി എപ്പോഴാ ഇനി അക്കരേയ്ക്ക് എത്തുക ..? വൈകുന്നു.."
തുഴക്കാരന്‍ പോട്ടിച്ച്ചിരിച്ച്ച്ചു ..
"നമ്മള്‍ .. , നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"

അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി....

പ്രണയം....?!


പ്രണയം,
മൂക്കിനുള്ളില്‍ വളരുന്ന
ഒരു കുരു പോലെയാണ് ..
അമര്ത്തപ്പെടുമ്പോള്‍ വേദനിപ്പിക്കുന്നതോ....
ഒരു തുമ്മല്‍ അവശേഷിപ്പിക്കുന്നതോ
അതോ
അറിയാതെ കണ്ണീര്‍ പൊടിപ്പിക്കുന്നതോ......
പഴുക്കുമ്പോള്‍ വെറുപ്പിക്കുന്നതും
നശിക്കുമ്പോള്‍ മടുപ്പിക്കുന്നതും .....
ഏത് തിരക്കിലും
നമ്മിലേക്ക്‌ തന്നെ ശ്രദ്ധ തിരിപ്പിക്കുന്ന ഒരു അലോസരത...
അറിയാതെ എപ്പോഴും തൊട്ടു പോകുന്ന ഒരു ശീലം....
ഒരു കുരു പൊട്ടുന്നതിനേക്കാള്‍ സ്വതന്ത്രമാകുന്ന
മറ്റെന്തുണ്ട്.....??

അകലെ.....


വാക്കുകളെ അടവെച്ചാണ്
തീറ്റ തെണ്ടാന്‍ പോയത്...
തിരികെയെത്തുമ്പോള്‍ ,
മരം, ചില്ലകള്‍, വേര് പോലും....
താഴെ,
വരണ്ട മണ്ണില്‍ ,
പാതിയിലുടഞ്ഞ ഒരു നനവ് ...
(അകട്ടപ്പെട്ടവന് അകലത്തിന്റെ ന്യായം
ഇതു തന്നെ ധാരാളം......!! )

ഭ്രാന്ത്.....


അവര്‍ക്ക് ഭ്രാന്തില്ലെന്ന് ഉറയ്ക്കുവാന്‍ എങ്കിലും
നമുക്ക്
ഭ്രാന്തര്‍ ആയിരിക്കാം..

(അല്ലെങ്കിലും
ഒരു ഭ്രാന്തന് വേണ്ടി
ഒരിക്കലും ലോകം അതിന്റെ ഭ്രാന്ത് മാറ്റാന്‍
ശ്രമിക്കാറില്ല....!!!!)

അടുപ്പം .... അകലം.....?!!!


അകലെ.....;
ഏറെ അകലെ , അകന്ന്... അടുത്തിരിക്കുന്നതെ.....
അകന്നു പൊവാത്തു നാം...

മറവി...!!!!


മാറ്റ് അറിയാനാണ്
ബന്ധങ്ങള്‍
ഉരച്ചു നോക്കാന്‍ തുടങ്ങിയത്.....

ഉരച്ചും ഉരഞ്ഞും
തേഞ്ഞും
അങ്ങനെ ...
ഒരു തീപ്പൊരി....
തീ.....

പിന്നെ
ഒരിത്തിരി ഭസ്മം..

മറന്നത് എന്താവാം....???

പെന്‍സില്‍


ചായക്കൊഴുപ്പിനും ഉള്ളില്‍
മാര്‍ദ്ദവം
മേനി...

ഉള്ളില്‍
നീണ്ടു കരിഞ്ഞ്‌
ജീവന്‍...

എല്ലാം മായ്ക്കുന്ന റബ്ബര്‍
മേലെ....

നമ്മെക്കൊണ്ട്
നമുക്ക്
എന്താണ്
വരച്ചു കൂടാത്തത്...??

തുള...


ഒരു തുള
വീണ്ടും
തുളയില്ല....

അതിലേ
തല പൂഴ്ത്തിയിരിപ്പൂ
ഞാനും...

ഫെയര്‍വെല്‍


മാര്‍ച്ച്

തല വലിക്കാം നമുക്കൊരു
കൂട്ടിലേക്ക്..
അതിനുമുള്ളിലെ
മറ്റൊരു കൂട്ടിലേക്ക്...
അതിനും ഉള്ളിനുമുള്ളിലെ
കൂടിനും കൂടിനും
ഉള്ളിലേക്ക്.. ..


ഏപ്രില്‍

കാത്തിരിക്കുന്നൂ
ചൂടില്ലാചൂടിനു മേലൊരു
വിഡ്ഢിച്ചിരിയാല്‍....


(നമ്മളോ....??
നീയേതു...?
അറിയില്ലെനിക്ക്‌ ഞാന്‍ മാത്രം...)

വണ്ടി..


തിരക്ക് പിടിച്ചോരു യാത്ര...

തിരക്കുള്ള വണ്ടിയില്‍
ഇല്ലാത്തിരക്കിന്‍റെ
വേവലാതികള്‍ ചവച്ച്
അങ്ങനെയങ്ങനെ....

ഒറ്റയ്ക്കൊരു
യാത്രയില്‍
ശൂന്യമായ
മടുപ്പ്
കൊറിക്കുന്നതിനെക്കളും
എന്റെയിഷ്ടം അത് തന്നെയാണ്....

എങ്കിലും...
എതിരെ ചീറിയകന്ന
ആ വണ്ടി
ഏതാണ്...??

എന്‍റെ ആകാശം....കാര്‍മേഘങ്ങള്‍ ഉണ്ടായിരുന്നുവെന്ന്
എല്ലാരും എപ്പോഴും
പറയുന്നുണ്ടായിരുന്നു...

ഒടുവില്‍..
എല്ലാം
ഒഴിഞ്ഞു പോയെന്ന്
എനിക്ക് തോന്നുമ്പോഴേക്കും
ശൂന്യം.....

വെണ്മ എന്ന് വെപ്പ്....

ചുമ്മാ,
ചിത്രം വരച്ചു കളിക്കാനല്ലാതെ
എന്തിന് കൊള്ളാം
ഈ ആകാശം ....

അല്ലേ.....???

കത്രികകള്‍ .....?!!!!ഛിന്നഭിന്നമാക്കപ്പെട്ട
ഒരു
ചിത്രം...

അവകാശം
പറയാന്‍
ആരുമില്ലാത്ത
ഒരു ഓര്‍മ്മ.....

എന്തിന്
എന്നെ മുറിച്ചത് എന്ന്
നീ പോലും ചോദിച്ചതെയില്ല

മുറിഞ്ഞത് ഞാന്‍...
മുറിച്ചു കളഞ്ഞത് നീ...

അത് എന്‍റെ
സത്യം...

നിനക്കു മറ്റൊന്നാവാം...
പക്ഷെ..
തിരികെ
ഒട്ടിച്ചു വെക്കുന്നത്
നീയോ,
അതോ.....

കത്രികകള്‍
അവയ്ക്ക് വേണ്ടത് ചെയ്യുന്നു...

ചിതറിച്ച
ചിത്രങ്ങള്‍ക്ക്
നിന്‍റെ ഉത്തരം
...???

എനിക്ക് അറിയണം എന്നില്ല....

കത്രികകള്‍
ഒരിക്കലും
ഒരുത്തരം
തരാന്‍
നിര്‍ബന്ധിക്കപ്പെടുന്നില്ല....
അല്ലേ....??

ഒരിക്കലും
തരാതിരിക്കട്ടെ...
ഒരിക്കലും...

എന്‍റെ
പ്രണയം
എന്നോട് കൂടെ
മുറിഞ്ഞു മുറിഞ്ഞു
കത്രികകള്‍ക്ക്
അവസാനത്തെ
ഉത്തരമാകട്ടെ....

നിന്‍റെ
ഒടുക്കത്തെ
പ്രണയത്തെ
അത്
ചാമ്പലാക്കട്ടെ...

എന്നോടൊപ്പം....

എങ്കിലും..
എവിടെയോ
ഉത്തരം കിട്ടാതെ
ഞാന്‍ അലയുന്നുണ്ടാവാം...

നീയും....

എന്‍റെ
അനായാസമായ ഒരു
മരണമെങ്കിലും
എല്ലാത്തിനും
അവസാനത്തെ
ഉത്തരമാകട്ടെ...


ഒടുവില്‍...
എന്നോടൊപ്പം
അതും
ഉത്തരമില്ലാത്ത
ഒരു വെറും
ചോദ്യമായി
എന്നെപ്പോലെ
ഞാന്‍ മാത്രമായി
എല്ലാരാലും
ചുമ്മാ
വെറുത്തു പോകപ്പെടട്ടെ....

ഒരു തെറ്റ് പോലും
കത്രികകള്‍ക്ക്
മുറിച്ചു മാറ്റാന്‍
കഴിയാതിരിക്കട്ടെ...

എന്നോടൊപ്പം
എല്ലാ
കത്രികകളും
കുഴിച്ചു മൂടപ്പെടട്ടെ....
എന്നെന്നേക്കുമായി....

എന്തേ....?
എനിക്ക് മാത്രം
ആശിക്കാന്‍ പാടില്ലേ....?

മരണം
ഉത്തരമാണെന്നു
വിശ്വസിക്കാന്‍
പറ്റുന്നില്ലെങ്കിലും

എനിക്കും
എന്തെങ്കിലുമൊക്കെ വിശ്വസിച്ചല്ലേ
പറ്റൂ....

വെറുതെ,
ഞാനും
എപ്പോഴെങ്കിലും ജീവിക്കാന്‍
പൊരുതിയിരുന്നു എന്നെങ്കിലും
എനിക്കെങ്കിലും ഒന്നു വിശ്വസിക്കാന്‍.....

ഇനി
ഒരു കത്രികയ്ക്കു പോലും മുറിച്ചു തള്ളാന്‍ മാത്രം
അവശേഷിക്കുന്നില്ല ഞാന്‍ ....

സമ്മതിക്കുകയുമില്ല ...
നിനക്കു ശ്രമിക്കാം...

കത്രികകള്‍
അവയുടെതു മാത്രമായ
നിയമങ്ങളില്‍
പിഴച്ചു
പോകട്ടെ....

ഞാന്‍
എന്‍റെ
മാത്രം
നിഴലിലും.....

അങ്ങനെ അങ്ങനെയങ്ങനെ.............

ഞങ്ങള്‍ ഇവിടെ സുഖമായിരിക്കുന്നു...നിലം തൊടാതെ അതിര്‍ത്തിക്കും അപ്പുറത്തേക്ക്
മുഖമടിച്ചു വീണ ഒരു സിക്സര്‍ ...

കണ്ടു നില്‍ക്കുന്നവരുടെ
ആര്‍പ്പു വിളികളില്‍
പതിഞ്ഞു പോയ
ഒരു മൌനം...

പൊളിഞ്ഞ സാമ്പത്തിക നില
തളര്‍ത്തി എന്ന്
ആരാണ് പറഞ്ഞത്...??

ആരും തടസ്സപ്പെടുത്താതെ
അരക്കെട്ടില്‍ നിന്നും
ഊര്‍ന്നു വീഴുന്ന വസ്ത്രങ്ങള്‍
നൃത്തം ചെയ്യുന്ന നിശാ ക്ലബ്ബില്‍
നില തെറ്റിയ ഏതോ ലഹരി പുലംപിയതാവണം അത്...

രക്ഷപ്പെടാതവര്‍ക്ക്
എന്ത് സുരക്ഷാ ഭയം സുഹൃത്തേ...??

മഹാ നഗരത്തിന്‍റെ മറവിയിലേക്ക്
മനസ്സറിഞ്ഞ
ക്ഷണം....

മേല്‍വിലാസമില്ലാത്ത പൊള്ളത്തരത്തില്‍
മുഖം പൂഴ്ത്തി
നിറം ചേര്‍ത്ത ചാരായത്തില്‍
എല്ലാം മറന്ന് ഒന്ന് ഉറങ്ങുക...

അധികം വിലയില്ലാതെ ഒരുറക്കം....

ഹ... ഹ...

എവിടെയാണ്
തനിയെ
ചിരിച്ചു പോയത്...

മലച്ച ഒരു
ചിരിപ്പില്‍
സുഖം...

സുഖമായിരിക്കുന്നു
സുഹൃത്തേ...

എന്നും...

മഴ വരുന്ന വഴി..മാറിപ്പോവാതെ, കുട മറക്കുക
കാറ്റില്‍ ഏറി വാനം ഏറി
മണല്‍, മരുഭൂ കയറി നനയ്..

കാടു കടലെടുക്കട്ടെ
കാറ് കരയെടുക്കട്ടെ..
കരള്‍, കണ്ണ് കടമെടുക്കാതെ...

വിണ്ണ് വിങ്ങട്ടെ, മണ്ണ് കുളിരട്ടെ
വാക്ക്, നോക്ക്, ചിരി
മൂടി വെക്കാതെ...

മണ്ണ് പെയ്യട്ടെ...
മനസ്സ് പെയ്യട്ടെ..

വാക്ക് പെയ്തു പെയ്തു
മുങ്ങിപ്പോ...

എനിക്ക് ഞാന്‍ അങ്ങനെ തന്നെ.....!

നീ പറഞ്ഞു ഞാന്‍ ഏതോ പുഴയെന്ന്..
മുങ്ങി നിവര്‍ന്നപ്പോള്‍ പൂഴി പോലും കണ്ടില്ല..
പിന്നീട് എപ്പോഴോ നീ തന്നെയാണ് പറഞ്ഞത് കടലാണെന്ന്....
മുങ്ങാന്‍ കുഴി പോലും കണ്ടില്ല..

കാറ്റാണെന്ന് പറഞ്ഞതും നീ
അപ്പൂപ്പന്‍ താടി പോലും കണ്ടില്ല....
പൂവാണെന്ന്...
മുള്ള് പോലും കണ്ടില്ല...

മുഖം ചന്ദ്രന്‍ ആണത്രേ...
നിഴല്‍ പോലും കണ്ടതേയില്ല...

വഴി പിഴച്ച്
വിശപ്പ്‌ മരിച്ച്
എന്നെ ത്തന്നെ
തിന്നട്ടെ ഞാന്‍...

ഉറക്കം

അങ്ങനെ
എവിടെയോ, അറിയാതെ മുറിഞ്ഞും
സ്വപ്നങ്ങളുടെ വിരലില്‍ തൂങ്ങി
അങ്ങിങ്ങു യാത്ര പോയി
കൂട്ടം തെറ്റി പകച്ചും
മുറിവുകളില്‍ നീന്തി
വീണ്ടും ആഴ്ന്നും
പൊടുന്നനെ പിടഞ്ഞു പൊങ്ങിയും
ഉറക്കം, എന്‍റെ പ്രണയം....

പ്രിയപ്പെട്ടവളെ...
എന്നെപ്പോലും മറന്നു
എല്ലാ ഉറക്കവും
ഞാനുറങ്ങിയത്
നിന്നിലേക്ക്‌ ആയിരുന്നല്ലോ...

സര്‍ക്കസ്..സര്‍ക്കസ് പൊടി പൊടിച്ചു..
ഇടയ്ക്ക് എപ്പോഴോ കടല കൊറിക്കുന്നതു നിര്‍ത്തി
ഞാന്‍ അവളോടു പറഞ്ഞു..
" നോക്കൂ, ഞാന്‍ കോമാളിയെ കാണുന്നത് ആദ്യമായാണ്‌.."
അവള്‍ ചുമ്മാ ചിരിച്ചു..
പോകുന്നതിനു മുന്‍പ്
എന്‍റെ കയ്യില്‍ അവളൊരു
കണ്ണാടി തന്നു.....

മതിയാവാന്‍ സാധ്യതയില്ല..
ക്ഷമിക്കുക..
ഒരേയൊരു
വിരല്‍ത്തുമ്പു കൊണ്ട്
ആകാശ പതപ്പില്‍
തുഴ പോയ പട്ടം
തിരിച്ച് ഇറങ്ങില്ല...

ഒരു പങ്കായം
ചിറകാവില്ല
ചുഴിക്കനപ്പില്‍
വഴി പോയ
കപ്പലിന്....

ഇല്ല..
ഒരിക്കലുമില്ല..

ഒരേയൊരു ചുംബനം കൊണ്ട്
കെട്ടടങ്ങില്ല
ഒരു കടല്‍....

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...


സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________

വെള്ളിയൂര്‍ ചരിതം ഒന്നാം ഭാഗം.വെള്ളിയൂര്‍ എന്ന പേര് വന്നത് എങ്ങനെയാണെന്ന് പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉത്തരം ആര്‍ക്കും അറിയില്ലായിരുന്നു എന്നത് കൊണ്ടും വെള്ളിയൂര്‍ എന്ന ഇടം ഏതെങ്കിലും വസ്തുക്കള്‍ക്ക് പ്രത്യേകതകള്‍ ഉള്ള ഇടം അല്ലാത്തത് കൊണ്ടും അവിടത്തെ കഥാപാത്രങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത് എന്നത് കൊണ്ടും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഉചിതം എന്നത് കൊണ്ടും ആ ഉദ്യമത്തിന് തന്നെ മുതിരട്ടെ. ഹോ...!!!

സമകാലിക കേരളത്തിന്റെ ഒരു നെടു ഖണ്ഡം (cross section) ആണ് എന്ന് ഞങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ചുരുക്കം ഒരു ബിരുദാനന്തര ബിരുദം എങ്കിലും ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും ഇല്ലാത്ത ഒരു വീട് പോലും അവിടെ ഇല്ല എന്നത് അതിനെ ഒരു ഉന്നത വിദ്യാഭ്യാസ ഗ്രാമമായി പ്രഖ്യാപിച്ചാലും തെറ്റില്ല എന്ന അവസ്ഥയിലേക്ക് അതിനെ ഉയര്‍ത്തുന്നു. മുഖവുര ഇതിലും നീട്ടുന്നില്ല, കാര്യത്തിലേക്ക് തന്നെ കടക്കാം..

ലൈംഗിക അസ്വസ്ഥതകള്‍ ആണ് ഒരു നാടിന്റെ തുലനാവസ്ഥ തന്നെ തെറ്റിക്കുന്നത് എന്നത് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.. എന്നിട്ടും വെള്ളിയൂരിലെ ആള്‍ക്കാര്‍ പലരും വഴി തെറ്റി പോകാതെ (സദാചാര പ്രേമികളുടെ പൊള്ള വാക്ക്..!) ആ ഒരു സമതുലനാവസ്ഥ നിലനിര്‍ത്തി കൊണ്ടിരുന്നത് ഭാമിനിചേച്ചി തന്നെ ആയിരുന്നു എന്നത് റേഡിയോ മേന്ഗോ.. നാട്ടിലെങ്ങും പാട്ട് തന്നെ. (ശരിക്കുള്ള പേര് പറഞ്ഞു ഇല്ലാത്ത വയ്യാവേലി എന്തിനു വരുത്തി വെക്കണം..?)

കഥാനായകന്‍, രാജീവന്‍ മാഷ് (പേര് വ്യാജം തന്നെ) ഒരുപാട് സ്വത്തുള്ള വീട്ടിലെ ഒറ്റ മോന്‍. മിണ്ടാപ്രാണി. വായില്‍ വിരലിട്ടാല്‍ പോലും കടിച്ചോ, നുണഞ്ഞോ പോലും നോക്കാത്ത അയ്യോ പാവമെന്ന് ജനമൊഴി. ബീയെഡ്‌ കഴിഞ്ഞു മലപ്പുറത്ത്‌ എങ്ങാണ്ടോ ഒരു സ്ക്കൂളില്‍ അധ്യാപനം. ഡിഗ്രീകളുടെ ഭാരം താങ്ങാന്‍ ആവാതെ ബസ്‌ സ്റ്റോപ്പിനു എതിര്‍ വശത്തെ കുമിട്ടി പീടിക വരാന്തയില്‍ സൈഡ് സീറ്റില്‍ ഇരിക്കുന്ന പെണ്‍ പിള്ളാരെയും വല്ല്യ പെണ്ണുങ്ങളെയും കയ്യില്‍ ചുരുട്ടി പിടിച്ച തൊഴില്‍ വാര്‍ത്ത വീശിക്കാണിച്ചു ശ്രദ്ധ ആകര്‍ഷിപ്പിച്ചു നയന, വാക്ക്‌ ഭോഗങ്ങളാല്‍ ആനന്ദ നിര്‍വൃതി അടയുന്ന സമപ്രായക്കാരുടെ ഇടയിലൂടെ മെല്ലെ നടന്നു നീങ്ങി കൊണ്ടിരുന്ന ഒരു സാധു. ഇനി വേണോ വിശേഷണം...?

കഥ തുടങ്ങുന്നത് പ്രസ്തുത കഥാ നായകന്റെ വീടിനെ ചുറ്റിപ്പറ്റി കഥയിലെ വില്ലന്‍ ബാലേട്ടന്‍ (വ്യാജപ്പേര് .. ന്റമ്മോ.. എനിക്ക് ശരിക്കും പേടി തന്നെ ഈ പേര് പറയാന്‍..!) രാജീവന്‍ മാഷിന്റെ ബെസ്റ്റ് ഫ്രണ്ട് ആകുന്നതു മുതലാണ്‌. ഇന്നത്തെ പിള്ളാര്‍ ആമിര്‍ ഖാന്റെയും സൂര്യയുടെയും മറ്റും "സിക്സ് പാക്കിനെ " കുറിച്ചും മറ്റും കേള്‍ക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ 'കൊക്കനട്ട് ട്രീ ജിമ്മില്‍' ആറു പാക്കുകളും വികസിപ്പിച്ച മനുഷ്യന്‍, നാട്ടിലെ അംഗീകൃത തെങ്ങ് കയറ്റക്കാരന്‍. മുട്ടിനു മുകളില്‍ നില്‍ക്കുന്ന മിനി തോര്‍ത്തു മുണ്ട് വേഷം. തമിഴ്‌ സിനിമയിലെ തിരുപ്പാച്ചി റെയ്ഞ്ചില്‍ ഒരു തിളങ്ങുന്ന മുട്ടന്‍ കൊടുവാള്‍ വലതു കൈക്ക് അലങ്കാരം.

സഹജീവികളോട് കാരുണ്യം മുറ്റിയോഴുകുന്ന അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത കഥാ നായകന്‍ എല്ലാ ജീവിത വീക്ഷണങ്ങളെയും കാറ്റില്‍ പറത്തി ബാലേട്ടന് നൂറും ഇരുനൂറും രൂപാ ചോദിക്കുമ്പോള്‍ എല്ലാം എങ്ങനെ കൊടുക്കുന്നു എന്ന് ഞങ്ങളില്‍ പലരും അത്ഭുതപ്പെട്ടിട്ടും ഉണ്ട്. ബാലേട്ടന് തെങ്ങ് കയറ്റമുള്ള ദിവസങ്ങളില്‍ രാജീവന്‍ മാഷ്‌ സിക്ക് ലീവ് എടുക്കാറുണ്ടെന്നു അസൂയാലുക്കള്‍ പറഞ്ഞ്‌ പരത്തുന്നും ഉണ്ടായിരുന്നു നാട്ടില്‍.. കണ്ണീ ചോരയില്ലാത്തവന്മാര്‍... !
"ബാലേട്ടനോടു ചോദിച്ചാല്‍ പറയും.. ഇവിടെ ഒരു നായ്യിന്റെ മക്കള് പോലും ഞാന്‍ ചോദിച്ചാല്‍ ഒരു രൂപാ തരില്ല.. എന്റെ കെട്ട്യോള് പോലും... രാജീവന്‍ മാഷ്‌ എന്റെ ദൈവാ.." അങ്ങനെ ഞങ്ങളുടെ നാട്ടില്‍ ഒരു മനുഷ്യ ദൈവം കൂടെ പിറ കൊണ്ടു..!

സംഭവത്തിന്റെ കൊട്ടിക്കലാശം ബഷീറിന്റെ കല്യാണ ആഘോഷങ്ങളോട് അനുബന്ധിച്ചാണ്. കഥാനായകന്റെ സഹപാഠി. നായികയുടെയും വില്ലന്റെയും അയല്‍വാസി. കല്യാണ തലേന്ന് സ്വല്‍പ്പം കള്ളുകുടി, ഉത്സാഹം, ചീട്ടുകളി എല്ലാം പതിവാണ് അവിടെയും. നമ്മുടെ അയ്യോ പാവം മാഷ്‌ മട മടാ എന്ന് എല്ലാരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് നാടന്‍ വാറ്റ് പമ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ ആസ്ഥാന കുടിയന്മാരുടെ പലരുടെയും കെട്ടിറങ്ങി. പിന്നെ വായില്‍ നിന്ന് വിളയാടിയ സരസ്വതിയെ വികടന്‍ എന്ന് വിളിച്ചാല്‍ എനിക്ക് അടി ഉറപ്പ്. ഇവിടെ എഴുതിയാല്‍ ...... വേണ്ടാ.. !

ചാടി എഴുന്നേറ്റു ഒരൊറ്റ പ്രസ്താവന ആയിരുന്നു. എനിക്കിപ്പോ പോണം ഭാമിനിയെ കാണാന്‍.
(ചത്ത നിശ്ശബ്ദത.. i mean dead silence...!!!!)
ഭാമിനിയുടെ വീട്ടു പടിക്കലോളം ഇരുട്ടത്ത് തപ്പിപ്പിടിച്ചു, വല്ല കാഴ്ചയും തരമാകുമോ എന്ന ഒറ്റ ഉദ്ദേശത്തില്‍ അനുഗമിക്കാന്‍ ബൈജു, ദിനേശനും പിന്നെ സുരേഷും.
വീട്ടിനടുത്തെത്തിയപ്പോള്‍ തിരുപ്പാച്ചി കനവു കണ്ടു അനുഗമിച്ചവര്‍ ബ്രേക്ക്‌ ഇടുകയും രാജീവന്‍ മാഷ് ആക്സിലരേറ്റര്‍ ആഞ്ഞു പിടിക്കുകയും ചെയ്തു..
"നിങ്ങള്‍ എന്തിനാ ഓനെ പേടിക്കുന്നത്..? ഓന് മസില് മാത്രേ ഉള്ളൂ എന്ന് ഭാമിനി പറഞ്ഞിട്ടുണ്ട് " എന്നുരുവിട്ട് മാഷ് ടോപ്‌ ഗിയറില്‍ തന്നെ വെച്ച് പിടിച്ചു.. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഒരു ഗുണമേന്മയേ...!!

പാതി തുറന്ന ജനലില്‍ ഇടതു കൈ കൊണ്ട് പിടിച്ചു മധുര സ്വപ്‌നങ്ങള്‍ അയവിറക്കി ഒരു ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ പടത്തിലെ നായകനെ പോലെ മാഷ് കുഞ്ഞു കല്ലുകള്‍ പെറുക്കി അകത്തേക്ക് എറിഞ്ഞു കൊണ്ടിരുന്നു.. തുറന്നു വന്നേക്കാവുന്ന ഒരു കതകിലേക്ക് മുഴുവന്‍ ശ്രദ്ധയും ഊന്നി..

ഏത് നായിന്റെ മോനാടാ അത് .. എന്ന ശബ്ദത്തോടൊപ്പം ഉയര്‍ന്നു ജനല്‍ അഴിയില്‍ വീണ കൊടുവാള്‍ രക്തം തെറിപ്പിച്ചു.. രാജീവന്‍ മാഷ്‌ അറ്റ് തൂങ്ങിയ വിരലുകളുമായി ഇരുട്ടിലേക്ക് ഓടി മറഞ്ഞു...

പിറ്റേന്നത്തെ പ്രഭാതം.. വില്ലന്‍ ആണത്തം തെളിയിച്ച നായകനായി.. നായകന്‍ അന്യ ഭാര്യയെ പ്രാപിക്കാന്‍ പോയ വില്ലനായി.. ബാലേട്ടന്‍ സിക്സ് പാക്കിനു അപ്പുറം ആണത്തം തെളിയിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു കൊണ്ടിരുന്നു..
അപ്പോഴും അടങ്ങാത്ത കലി വയല്‍ വരമ്പിലിരുന്നു ചോരപ്പാട് മായാത്ത കൊടുവാള്‍ ചെളിയില്‍ വെട്ടി ബാലേട്ടന്‍ അടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. ഏതോ ഒരു കാര്‍ന്നോര്‍ ചോദിച്ചു..
"അല്ല ബാലാ.. ഓന്‍ നിന്റെ ദൈവാ എന്നൊക്കെ പറഞ്ഞിട്ട് ഇയ്യ്‌ ഓന്റെ കൈ തന്നെ വെട്ടീലോ..?"

" അതിനൊന്നും ഒരു മാറ്റോമില്ല... ദൈവം തന്നെയാ... ദൈവായാലും ന്റെ ഒറക്കം കളഞ്ഞാ ഞാന്‍ വെട്ടും.. ഇനീം വെട്ടും.. ഓന് ഓളെ വിളിക്കണം എന്നുണ്ടെന്കീ.... എന്നെ എന്തിനാ കല്ലെടുത്ത്‌ എറിയുന്നെ...? ഓളെ അങ്ങ് വിളിച്ചാല്‍ പോരെ...??"
Again dead silence....!!!!!!

ബാലേട്ടന്‍ ഇപ്പൊ ഞങ്ങളുടെ നാട്ടില്‍ വില്ലനല്ല.. സൂപ്പര്‍ ഹീറോ തന്നെയാണ്..

___________________________________________________________
എന്‍. ബീ.
ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്.. എന്നോട് പൊറുക്കുക..

____________________________________________________________

എനിക്ക് ഒച്ച് തന്നെ ആയാല്‍ മതി..

തല വലിക്കാനൊരു
കരിന്തോടുണ്ട്
നട വിറച്ചിഴഞ്ഞിഴഞ്ഞാവും
ഘോഷാഘോഷമില്ല-

എങ്കിലും
ഏതു കല്ല്‌, മുള്ള്,
തീ, വെയില്‍ നെഞ്ചെങ്കിലും
ഒരു വര,
പശിമ,
നനവ്...

അതെന്റെതു മാത്രമായിരിക്കും...!!!

__________________

പ്രവാസി/ തോന്നിവാസി

പ്രവാസി.

മടക്കമുണ്ടോ എന്നറിയാത്ത
ഒരു യാത്രപ്പെട്ടിയില്‍
പഴയൊരു നോട്ട് ബുക്കില്‍ ഒളിച്ചുവെച്ച
ഒരിലമുളച്ചിയുടെ
വിളര്‍ത്ത പച്ചപ്പ്‌...

( തിരിച്ചു വരവുകളുടെ
ചില നൂല്‍ വേരുകള്‍...)


ആവാസി.

അമ്മയെ സായ്പ്പിനു വിറ്റ
വെള്ളിക്കാശും ചേര്‍ത്ത്‌
ഗര്‍ഭ പാത്രത്തിലേക്ക് നൂണ്ട്
കണ്ണുകള്‍ ഇറുകെയടച്ച്
ഏറെ സുരക്ഷിതമായ
ഒരു കള്ളയുറക്കം..
ഒരു പൊള്ളച്ചിരി..

(അവസാന ചേക്കേറ്റത്തിനു മുന്‍പ്
ബാക്കി കാശിന്‌ ഒരു കാത്തിരിപ്പ്..)

തോന്ന്യാവാസി..


_______________________

പുസ്തകം കയ്യിലെടുക്കുമ്പോള്‍ മാത്രം ചാരുകസേരയില്‍ ഇരിക്കുന്ന വല്യമ്മാമന്‍
ഏര്‍ലി മോര്നിംഗില്‍
ബെഡ് കോഫി കഴിഞ്ഞ്‌
വെസ്റ്റേണ്‍ ടോയിലറ്റിലിരുന്ന്
ബ്രാവിയോ ലാപ്ടോപ്പില്‍
ന്യൂസ്‌ പേപ്പറിന്റെ
ഹോം പേജിലേക്ക് ലോഗിന്‍ ചെയ്ത്
ന്യൂസായ ന്യൂസെല്ലാം
അബ്സോര്ബ് ചെയ്ത് കഴിഞ്ഞ്‌
പെപ്സോഡാന്റ് ബ്രഷില്‍
ക്ലോസ് അപ്പ് പേസ്റ്റ് വെച്ച്
പല്ലായ പല്ലൊക്കെ വെളുക്കി
ഓള്‍ ക്ലിയര്‍ ഷാമ്പൂ തേച്ച് കുളിച്ച്
ടിപ്പ് ടോപ്‌ ഡൈനിങ്ങ്‌ ടേബിളില്‍
ലാ ഓ പാല പ്ലേറ്റില്‍
ബ്രെഡ്‌ ബട്ടര്‍ ജാം ബ്രേക്ഫാസ്റ്റ്‌.

പിന്നെ ബ്രാന്‍ഡ്‌ ന്യൂ റെയ്മണ്ട് സ്യൂട്ടില്‍
നോക്കിയ മ്യൂസിക്‌ സീരീസ്
ഇയര്‍ ഫോണ്‍ കാതില്‍ കുത്തിക്കേറ്റി
ഓഫിസിലേക്ക് ഒരു ഐ -റ്റെന്‍ ഡ്രൈവ് ..

വൈകുവോളം മള്‍ട്ടി നാഷണല്‍
ക്ലൈന്റ്സിനോട്
ആംഗലേയം പട വെട്ടിത്തളര്‍ന്ന്
ഒടുവില്‍
നാല് റൌണ്ട് റം ഓണ്‍ ദി റോക്ക്സ്
അരപ്പാക്കറ്റ്‌ മാല്‍ബറോ

ശേഷം
ചെമ്പരത്തിയിലയിട്ട് കാച്ചിയ
എണ്ണ തേച്ചു കുളിച്ച്
നീണ്ടു നിവര്‍ന്ന്
വിയര്പ്പുമെണ്ണയുമുറഞ്ഞു പിഞ്ഞിയ
പരുത്തിത്തുണിയോടമര്ന്നു
കാലില്‍ കാലും കയറ്റി വെച്ച്,
പുസ്തകം കയ്യിലെടുക്കുമ്പോള്‍ മാത്രം
ചാരുകസേരയില്‍ ഇരിക്കുന്ന
വല്യമ്മാമന്‍ .

നാലും കൂട്ടി മുറുക്കി മുറുക്കി
മുറ്റത്തേയ്ക്കൊരു നീട്ടിത്തുപ്പ് ...!

"തല്ലരുത്‌ മരുമക്കളേ
അമ്മാവന്‍ നന്നാവില്ലാ ........!!!"_______________________________

ശിക്ഷ.. ഇങ്ങനെയും...
"അവന്‍ തെറ്റ് ചെയ്തിരിക്കുന്നു..

നിങ്ങളവനെ ശിക്ഷിക്കുക..."

" കഴുകന്മാരേ, നിങ്ങള്‍

അവന്‍റെ കരള്‍ കൊത്തി പറിക്കുക .. .."

" അവന് കരളില്ല ദേവാ "

"എങ്കില്‍.., നിങ്ങള്‍ അവന്‍റെ ഹൃദയം കൊത്തി പറിക്കുക .. "

"അവനു ഹൃദയവുമില്ല ദേവാ .."

"എങ്കില്‍ .. എങ്കില്‍ നിങ്ങളവന്

അതെല്ലാം ഉണ്ടാക്കി കൊടുക്കുക.."

"എന്നെ ഇങ്ങനെ ശിക്ഷിക്കരുത് ദേവാ ...."

ആദ്യമായി അവന്‍ പൊട്ടിക്കരഞ്ഞു ........

മറവി ഒരു നൂല്.....!!!

മറവിയുടെ ഭാഷയില്‍
നീയും ഞാനും എന്നത്
വെറുമൊരു മറവി മാത്രമാണ്..

വാക്കുകളില്ലാത്ത വാചകം പോലെ
നിന്‍റെ പ്രണയം
വെറുതെ വിറങ്ങലിച്ചു.....

ഏതേതു
കള്ളങ്ങളിലാണ്
നമ്മള്‍ അകലങ്ങളില്‍
ഇരുത്തപ്പെട്ടത്...?

കാലം തിരുത്താത്ത
മറവികള്‍
നല്ലത് തന്നെ...

നിനക്കും
പിന്നെ എനിക്കും...
തൂങ്ങി മരിക്കാന്‍
ഒരു നൂല്....

തെഹല്‍ക്കനിന്‍റെ ക്യാമറ കണ്ണുകളെ
പേടിക്കാതെ
വയ്യെനിക്ക്‌...


നീ
ഒളിച്ചു തന്ന ചുംബനങ്ങളും
എനിക്കായ് പെയ്തു തീര്‍ന്ന
നിമിഷങ്ങളും
ഇനി എപ്പോഴാണ്
വില പേശ പെടുക.....!!???

വേണ്ട,
ഈ തൊപ്പി വലിച്ചെറിഞ്ഞ്‌
മറ്റൊന്ന് അണിയേണ്ട
എനിക്ക്....

ഉള്ളതും ഇല്ലാത്തതും..!!


ഒരിക്കല്‍.....

ഇല്ലാത്ത പാളത്തില്‍
ഇല്ലാത്ത വണ്ടിക്ക്
വെച്ച തല
അറ്റെന്നു നേര്..

(ഇല്ലെന്നു നീ ..)

ഇനി ,
ഉള്ളോരു പാളത്തില്‍
ഉള്ളോരു വണ്ടിക്ക്
ഇല്ലാ തല വെച്ചിരിക്കട്ടെ..
ഞാന്‍ .......

(ഉണ്ടെന്നു....???)

എനിമ... വിവരമുള്ളവര്‍ അങ്ങനെയെന്ന്....!!!


വിവരമുള്ളവര്‍
അങ്ങനെയാണ്....


ചീഞ്ഞു നാറുന്ന നെഞ്ചിലേക്ക്
പ്രായോഗികതയുടെ
മുഴുത്ത തായ് വേര്
ഇറക്കി വെക്കുക...

നിമിഷങ്ങള്‍ക്കകം
മറവിയുടെ കൊഴുത്ത ദ്രാവകം
ഒഴുകിയെത്തും...

അഴുക്കുകളും
ദുര്‍ഗന്ധവും
പുറന്തള്ളപ്പെടാന്‍
അങ്ങനെ
നിര്‍ബന്ധിക്കപ്പെടുന്നു...

ഇങ്ങനെയാണ്
ജീവിക്കാന്‍
പഠിക്കേണ്ടത് എന്ന്
ആരുമവര്‍ക്ക്
പഠിപ്പിച്ചു കൊടുക്കേണ്ടതില്ല...

പ്രിയപ്പെട്ടവളെ,
ഓര്‍മ്മകളുടെ
ശവക്കൂനയിലേക്ക്
വലിച്ചു പൊട്ടിച്ചു നീ
നീരിറക്കിയ വേര്
എന്‍റെ ധമനി ആയിരുന്നു...

(എങ്കിലും
എനിക്ക് ഭ്രാന്തു തന്നെയെന്ന്‌
ഉറപ്പിക്കുന്നത്
നിന്‍റെ വിളര്‍ത്ത
കണ്ണുകളാണ്...)

കണ്ണുകളെ
കഴുകിക്കളയുക എന്നത്
എനിമ പോലെ
ലളിതമെന്നു
പഠിക്കാതെ പോയവന്‍..


വിഡ്ഢി....!!!

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!!


തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
ആഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!

______________

കേട്...


വീര്‍പ്പു മുട്ടി മുട്ടി
ഒരു ക്ഷമ കേടില്‍
പിറവി..
കുരുത്തക്കേടുകള്‍
ഭക്ഷണം..
കാഴ്ചകള്‍
ലക്ഷണക്കേട്‌...
വിലാപങ്ങള്‍
സ്വൈര്യക്കേട്‌...
മാറാ കേടായി
ഓര്‍മ്മകള്‍..
അവള്‍ അകന്നു പോയത്
പൊരുത്തക്കേടില്‍...
(മാനമില്ലാതെ പോയത് കൊണ്ടു
മാനക്കേട്‌ ഇല്ലാതെ പോയി..)
അങ്ങനെ...
എങ്ങു നിന്നോ എങ്ങോട്ടോ നീണ്ട
വലിയോരു വിവരക്കേടിലെ..
ജീവിതം..
ത്ഫൂ..
പടച്ചവന്‍റെ
പിടിപ്പു കേട്...

മിട്ടായി കൊണ്ടുവരുന്ന കൂട്ടുകാരന്‍..എന്നെക്കുറിച്ചു പറയാനിപ്പോ എന്താ... അങ്ങനെ കാര്യായിറ്റൊന്നൂല്ല.. പിന്നെ ഇത്തിരി, അല്ല ഒത്തിരി തന്നെ വായാടിയാ.. ഇവിടെ ചുമ്മാ ഇരിക്കുമ്പോ പ്രാന്ത് പിടിക്കും.. എന്നാപ്പിന്നെ പുറത്തെറങ്ങി ആരുടേലും കൂടെ കളിക്കാന്നു വെച്ചാ അതും അമ്മ സമ്മതിക്കൂല..
വെറുത്യല്ല എനിക്ക് അമ്മയോട് ദേഷ്യം വരുന്നേ .. അപ്പൊ തന്നെ തോന്നും പാവല്ലേ എന്ന്..
അമ്മേം ഞങ്ങടെ സൂസി പൂച്ചേം ഒരുപോലെയാ.. കരുവാളിച്ച്‌, ആരോടും മിണ്ടാട്ടമില്ലാതെ അടുക്കളയിലും തിണ്ണയിലും പിറകിലത്തെ വരാന്തേലും അങ്ങനെ അലഞ്ഞു നടക്കും... രണ്ടു പേരും ഇട്ടു ചാടിക്കുന്നതോ എന്നെയും..!
അച്ഛന്റെ തലവെട്ടം കണ്ടാമതി രണ്ടുപേരും അടുക്കളെടെ മൂലയ്ക്കു പോകാന്‍..
അച്ഛനോ...? അയ്യോ, സത്യം പറഞ്ഞാ ഉറക്കെ പറയാന്‍ പോലും എനിക്ക് പേടി ആണുട്ടോ...
എപ്പഴാ അച്ഛന്റെ ദേഷ്യം കത്തിക്കേറി പിടിയ്ക്കാ എന്ന് പറയാന്‍ പറ്റൂല.. ഒരു ചോക്ലേറ്റ്‌ പോലും വാങ്ങി തരൂല..
എന്നെ കാണുന്നതെ ഇഷ്ടല്ലാ എന്ന് തോന്നുന്നു..
എന്തിനാ.. അമ്മയോട് പോലും അങ്ങനെ മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല.. എപ്പോഴും ഉരുളക്കിഴങ്ങ് വായിലിട്ട പോലെ... ഹും..
വീട്ടീ വരണത് തന്നെ വല്ലപ്പോഴും.. വന്നാ എപ്പോഴും ഫോണിന്റെ ചോട്ടില് കുത്തിയിരിപ്പാ.. ആ കുന്ത്രാണ്ടം കയ്യീ വെച്ചോണ്ടിരിക്കുമ്പോഴാ ഒന്ന് ചിരിച്ചു കാണാറുള്ളത്.. എവിടെയോ പഠിച്ചതാ ഗ്രഹാം ബെല്ലുന്നു ഒരുത്തന്‍ കണ്ടു പിടിച്ചതാ ഈ സാധനം എന്ന്..
പലപ്പഴും ആ പൊട്ടിച്ചിരി കേക്കുമ്പോ തോന്നാറുണ്ട് ആ ബെല്ലെങ്ങാന്‍ എന്റെ കയ്യീ കിട്ടിയാ തല്ലി പൊട്ടിക്കണം എന്ന്... ഹും...! അപ്പോഴും പിന്നാമ്പുറത്തെ വരാന്തേല്‍ എവിടേലും മിണ്ടാതെ പമ്മി നടക്കുന്നുണ്ടാവും അമ്മ..

എന്റെ കൂട്ട് എന്ന് പറയാന്‍ എനിക്ക് വേറെന്താ... ഓ വിട്ടു.. ഈ കഥാ പുസ്തകങ്ങള്.. പിന്നെ ഈ ടീവീ എന്ന് പറയുന്ന കുന്ത്രാണ്ടം.. (ആരോടും പറയണ്ടാ...ചുമ്മാ ഇരിക്കുന്നു എന്നേയുള്ളു...അത് വര്‍ക്കാവൂല..)
വീട്ടീ വരുന്ന അച്ഛന്റെ സുഹൃത്തുക്കള്‍ എന്തെടാ ഇത്രേം സമ്പാദിച്ചു കൂട്ടീട്ടു ഒരു ടീവീ പോലുമില്ലേ എന്ന് ചോദിക്കണ്ടാന്നു കരുതി പുതപ്പിച്ചു വെച്ചതാ.. കേടായി എന്നൊരിക്കല്‍ ഞാന്‍ പറഞ്ഞതാ. അന്നെന്താ പറഞ്ഞത് എന്നറിയോ..? അതൊക്കെ മതി, അധികം കണ്ടാ വഷളായിപ്പോകും എന്ന്.. പിന്നെ ഞാനൊന്നും ചോദിക്കാന്‍ പോയിട്ടില്ലേ... എന്തിനാ വെറുതെ അടി ഇരന്നു വാങ്ങുന്നേ, അല്ലെ...?

അയ്യോ, ഒരു കാര്യം പറയാന്‍ വിട്ടു പോയീട്ടോ.. എന്റെ ബെസ്റ്റ് ഫ്രെണ്ടിനെ കുറിച്ച്.. അമ്മ കേട്ടാല്‍ അപ്പൊ തുടങ്ങും വഴക്ക് പറയാന്‍.. അതോണ്ടാ എനിക്ക് ഉറക്കെ പറയാന്‍ മടി.. അയാള് വന്നൂ എന്ന് പറയുന്നത് തന്നെ അമ്മയ്ക്ക് ഇഷ്ടല്ല.. അപ്പൊ തൊടങ്ങും ആരെയൊക്കെയോ പ്രാകാന്‍..
കളിക്കാനോ വിടൂല, എന്നാപ്പിന്നെ ഇങ്ങോട്ട് വരുന്നോരോട് എന്തേലും മിണ്ടാനും പറയാനും പോയാ അതും കുറ്റം.
അമ്മ എന്ത് പറഞ്ഞാലും അയാളെ എനിക്കിഷ്ടാ.. എപ്പഴാ വരികാ എന്നൊന്നും പറയാന്‍ പറ്റൂല.. ചെലപ്പോ ഇടയ്ക്കിടെ വരാറുണ്ട്‌.. പിന്നെ കുറെ നാളത്തേക്ക് വന്നെന്നും വരൂലാ.. അതങ്ങനെയൊരു സാധനം..
എന്നാലും കുറ്റം പറയരുത് ട്ടോ.. എനിക്ക് വല്ലാതെ സങ്ങടം വരുമ്പോ, ഒറ്റയ്ക്കിരുന്നു കരയാനൊക്കെ തോന്നുമ്പോ എവിടെ നിന്നാ എന്നറിയില്ല പൊട്ടിവീണപോലെ വന്നു നില്‍ക്കുന്നെ... എന്തൊക്കെയോ കുറെ കഥകളൊക്കെ പറഞ്ഞു തരും.. തമാശ പറയും..
അതൊന്നും അല്ലാട്ടോ സ്പെഷ്യല്‍.. നല്ല മിട്ടായി കൊണ്ടന്നു തരും.. പുളിപ്പോ മധുരമോ കയ്പ്പോ എരിവോ.. എല്ലാം കൂടെ ചേര്‍ന്ന ഒരു വല്ലാത്ത രസാ അത്.. പിന്നേം പിന്നേം തിന്നണം എന്ന് തോന്നും.. (അമ്മ പറഞ്ഞത് കുട്ട്യോളെ മയക്കി കൊണ്ടാവാന്‍ വരുന്നതാ എന്ന്..!! ഏയ്.. നല്ല അങ്കിള്‍ ആണുട്ടോ..)
അത് നുണഞ്ഞും കൊണ്ട് അടുക്കളേല്‍ കറങ്ങി നടന്നതിനു കിട്ടിയതാ ദേ ഇത്.. കണ്ടില്ലേ നീലിച്ചിരിക്കുന്നെ..
നുള്ളിയതാ എന്റെ ദുഷ്ടത്തി അമ്മ..
കൂട്ടത്തില്‍ ഒരു താക്കീതും കിട്ടി, ഇനി മേലാല്‍ അത്തരക്കാരോട് കൂട്ട് കൂടരുത്‌ എന്ന്..
ഞാന്‍ ഒരുപാട് പറഞ്ഞു നോക്കിയതാ അയാള് നല്ല തമാശ പറയും, കഥ പറയും എന്നെല്ലാം.. ഒരു മിട്ടായീം കാണിച്ചു കൊടുത്തു.. കുരുത്തക്കേടിനു ഞാനൊന്ന് ചോദിക്കേം ചെയ്തു വേണോ എന്ന്..
അന്നാണ് അന്ത്യ ശാസനം കിട്ടിയേ.. ഇനി മേലാല്‍ അയാളെക്കുറിച്ച് പറഞ്ഞു പോകരുത് എന്ന്.. ഇനീം മിണ്ടിപ്പോയാല്‍ ചട്ടുകം ചൂടാക്കി തുടയില് വെക്കും എന്ന്..
ഇപ്പൊ അതോണ്ട് എനിക്ക് പേടിയാ അമ്മയോട് പറയാന്‍..
(ന്നാലും പാത്തും പതുങ്ങീം ഞാന്‍ കാണാറുണ്ട്‌ ട്ടോ.. മിണ്ടുകേം ചെയ്യും.. മിട്ടായി ഒക്കെ എന്റെ പെന്‍സില്‍ ബോക്സില്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.. എല്ലാരും ഉറങ്ങുമ്പോ ആരും കാണാതെ എടുത്തു കഴിക്കാലോ.. പറയല്ലേ..)

ആരോടും പറയില്ലേല്‍ ഒരു സ്വകാര്യം പറയാം ട്ടോ. ഉറപ്പാണേ, പറയില്ലല്ലോ..?
രണ്ടു ദീസം മുന്പാ..ഞാന്‍ പുസ്തകോം വായിച്ചു കഴിഞ്ഞു എല്ലാരും ഉറങ്ങാന്‍ വേണ്ടി കള്ളയുറക്കം നടിച്ചു കെടക്കുമ്പോ അമ്മ എന്റെ പുസ്തകോം ബാഗുമൊക്കെ വലിച്ചിട്ടു എന്തോ തിരയുവാ ..
ഞാന്‍ എണീറ്റപ്പോ എന്നേം കെട്ടിപ്പിടിച്ചു ഒറ്റ കരച്ചിലായിരുന്നു.. അത്രേം ഉറക്കെയെല്ലാം അമ്മയ്ക്ക് കരയാന്‍ കഴിയും എന്ന് സത്യായിട്ടും എനിക്ക് അന്നാ മനസ്സിലായെ.. സത്യം പറഞ്ഞാ എനിക്കും വല്ലാതെ സങ്കടോം കരച്ചിലും ഒക്കെ വന്നു..
അപ്പൊ അമ്മ ചോദിയ്ക്കാ, മോള്‍ക്ക്‌ അയാള് എന്തൊക്കെ കഥയാ പറഞ്ഞുതരാറുള്ളത് എന്ന്.. അമ്മയ്ക്കും ഒരു മിട്ടായി കൊടുക്കുവോ എന്ന്..
സത്യായിട്ടും, എനിക്കറിയില്ലായിരുന്നു എന്താ പറയണ്ടേ എന്ന്....

പേരിടാനാവാത്ത ഒരു കഥ..


തെക്കോട്ടു ഒരു വണ്ടി കൂടെ പോയി.

"രാമകൃഷ്ണാ, നേരം പതിനൊന്നര കഴിഞ്ഞു.. ഞാന്‍ വീട്ടീ പോകാന്‍ നോക്കാ.. കുട്ട്യോളും കെട്ട്യോളും കാത്തിരിക്കുന്നുണ്ടാവും.. അല്ല, ഇതെല്ലാം നിന്നോട് പറഞ്ഞിട്ടെന്താ.. വയസ്സ് പത്തു മുപ്പത്തി നാലായെങ്കിലും പെണ്ണും കെട്ടാതെ... ഹും...."

"സാറേ, സാറ് പോവാന്‍ നോക്കിക്കോളൂ.. എനിക്ക് ആഗ്രഹം ഒന്നും ഇല്ലാഞ്ഞിട്ടല്ല.. പെങ്ങമ്മാരു രണ്ടാ.. ഒന്നിനെ കെട്ടിച്ചയച്ചതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല.. ഇനി ഒരാള്‍ കൂടെ.. വയസ്സൊക്കെ ആയി.. എന്തോ നേരം പോക്കാന്‍ ടൌണില്‍ ഒരു ചെറിയ ജോലീണ്ട്.. തട്ടിമുട്ടി കഴിഞ്ഞു പോകാന്‍.. ആഴ്ചയില്‍ ഒരിക്കല്‍ വീട്ടീ വന്നാലായി... ഞാന്‍ പറയുന്നത് സാറിനും മനസ്സിലാകണം എന്നില്ല.. സാറ് വൈകിക്കണ്ട."

"പിന്നെ, നിനക്ക് പേടിയുണ്ടോ..? ആ വിനോദ് വരാം എന്ന് പറഞ്ഞിട്ട്.. വല്ല ബാറിലും കെടക്കുന്നുണ്ടാവും.. ഈ പോക്ക് പോയാ ഞാന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടി വരും... "

"അവന്‍ വന്നില്ലേലും ഞാന്‍ നിന്നോളാം സാര്‍.. ആദ്യമായിട്ടൊന്നും അല്ലല്ലോ ഇത്.. ഇതിലും വൃത്തികേടായ എത്ര ശവങ്ങള്‍ക്ക്‌ കാവല്‍ ഇരുന്നിട്ടുണ്ട്.. മനസ്സുണ്ടായിട്ടല്ല.. പോലീസായിപ്പോയില്ലേ.."

"ഓരോരുത്തര് മനുഷ്യനെ മെനക്കെടുത്താന്‍ ഓരോന്ന് ചെയ്തു കൂട്ടുന്നത്‌.. ഈ പെണ്ണിനെ കൊന്നതാണോ അതോ ചത്തതാണോ.. കര്‍ത്താവേ.. ! എന്തായാലും നീ നല്ലോണം ഒന്ന് പൊതിഞ്ഞു വെച്ചോ.. വല്ല കുറുക്കനോ പട്ടിയോ വന്നു കടിച്ചു പറിക്കണ്ട. ഞാന്‍ കാലത്ത് വരാം.. "

"ശരി സാര്‍.. ഞാന്‍ നോക്കിക്കൊള്ളാം.."
_________________________________________________________________________________

ഏതൊക്കെയോ വണ്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ട്..
നിലാവില്‍ പൊതിഞ്ഞു കെട്ടിയ ആ ശരീരം പതുക്കെ അനങ്ങുന്നുണ്ടോ...? ഏയ് .. തോന്നിയതായിരിക്കും... എന്നാലും പെങ്ങളെ, എന്തിനാ ഈ കടുംകൈ ചെയ്തേ..? നിനക്ക് നിന്നെ സ്നേഹിക്കുന്നവരോ നീ സ്നേഹിക്കുന്നവരോ ആരുമില്ലേ കുട്ടീ.. ? അതോ നിന്നെ ആരെങ്കിലും... ഈശ്വരാ...

"എന്തോന്നാടെയ്, ശവത്തിനേം നോക്കിയിരുന്നു പ്രാന്ത് പിടിച്ചാ..? എന്താ പിറുപിറുത്തോണ്ടിരിക്കുന്നെ ..? "

"ങാ.. നീ വന്നോ.. നിന്നേം കുറെ തെറീം വിളിച്ചു സാറ് ഇപ്പൊ പോയതേ ഉള്ളൂ.. നല്ല ഫോമിലാണല്ലോ.. അല്ല, ഇതാരാ ഈ പുതിയ പാമ്പ്...?"

"ഓ.. പരിചയപ്പെടുത്താന്‍ മറന്നു. ഇയാള് വല്യ എഴുത്തുകാരനാ.. വല്ല്യ എന്തോന്നാ..ങാ.. സ്ത്രീ.. സ്ത്രീ പക്ഷമോ.. കുഷ്ടമോ.. എന്തോ ഒന്ന്,, ബാറീന്നു കിട്ടിയതാ.. ഒരു സംഭവാ... ഏതായാലും രാത്രി മുഴുവന്‍ ഈ ശവത്തിനു കാവലിരിക്കണം.. പിന്നെ നല്ല നേരം പോക്കാണെന്ന് കരുതി ഇങ്ങു കൂട്ടിക്കൊണ്ടു പോന്നു,, ഹി,,ഹി..."

"ഇയാള് മിണ്ടൂലെ...? എവിടെ നിന്ന് കിട്ടുന്നെടെയ് ഈ മാതിരി സാധനങ്ങളെ...?"
" ഞാന്‍ അധികം സംസാരിക്കാറില്ല.. ലോകം സംസാരിക്കാന്‍ അനുവദിക്കുന്നില്ല.. !!"

"ഹോ.. സമാധാനമായല്ലോ.. ഇനി നിര്ത്തൂലാ രാമകൃഷ്ണാ.. ഹ..ഹ... ഹല്ലാ, ഇന്നേതാ ഉരുപ്പടി..? ആണോ പെണ്ണോ...?"

"പെണ്ണാ.. മുഖം മനസ്സിലാവാത്ത കോലം. തല ഇല്ലാന്ന് തന്നെ പറയാം.. കാണാന്‍ മനസ്സ് വരുന്നില്ലായിരുന്നു... ഹെന്റമ്മേ... എന്താ വിനോദെ, ബാറില്‍ നിന്നും അടിച്ചത് പോരാഞ്ഞിട്ടാണോ ഇവിടെ വന്നും കയറ്റുന്നെ...? മതിയെടേ കൂമ്പ്‌ കരിഞ്ഞു പോകും "

"നീ പോടാ നമ്പൂരി.. ഇപ്പണി ചെയ്യുന്നതും പോര, രണ്ടെണ്ണം അടിക്കാനും പാടില്ലാന്നു വെച്ചാ...? നമ്മടെ സാഹിത്യത്തിനു നന്നായി കേറീ എന്നാ തോന്നണേ.. ആടാന്‍ തുടങ്ങി.. കൂയ് ..!"

"ത്ഫൂ.. ആരാണ് സുഹൃത്തെ ആടുന്നത്..? ഞാനോ അതോ ഈ ലോകം തന്നെയോ...? കണ്ടില്ലേ ഒരു സ്ത്രീ ജന്മം.. ഇവള്‍ ആര്‍ക്കു ഇരയായവള്‍..? പുരുഷന്റെ അധികാരത്തിന്റെയും ഭോഗ തൃഷ്ണയുടെയും അശുദ്ധ രക്തം തെറിച്ചവള്‍... കാലമേ, നിനക്ക് തിമിരം പിടിച്ചോ..?"
"ടെ കവീ..മതി മതി.. നിര്‍ത്ത് നിര്‍ത്ത് .. അവന്റെ മറ്റെടത്തെ ഓരോ സാഹിത്യം.. ന്താ രാമഷ്ണാ രണ്ടെണ്ണം അടിക്കണാ....? "

തെക്കോട്ടോ വടക്കോട്ടോ വണ്ടികള്‍ പൊയ്ക്കൊണ്ടിരുന്നു..
__________________________________________________________________________________

"കവീ.. രാമഷ്ണാ .. ഇതൊരു ഉരുപ്പടി തന്നെ ആണെടെയ്.. ചാവാന്‍ കണ്ട നേരം.. വല്ലോനും കൊണ്ടോയി അനുഭവിച്ചു കാണും.. കൊല്ലണ്ടായിരുന്നു.. ന്റമ്മോ.. മുഖം ഇല്ലെങ്കിലെന്താ... ആരായാലും പലതും തോന്നിപ്പോകും...അല്ലേലും ഒരു മുഖത്തില്‍ എന്തിരിക്കുന്നു..?!"

"ഡേയ് വിനോദെ.. അനാവശ്യം കാണിക്കല്ലേ.. ചത്താലെങ്കിലും വെറുതെ വിട്ടു കൂടെ..? "

"മോനെ നമ്പൂരി.. ഇതെല്ലാം ആണുങ്ങള്‍ക്ക് പറഞ്ഞതാ.. അല്ലെ കവീ... ? സൌന്ദര്യം ആസ്വദിക്കാനുള്ളതല്ലേ...? നിനക്കെന്തോന്നു പെണ്ണ്... ത്ഫൂ...?

"സുഹൃത്തെ, വെറും ശവത്തോടോ നിന്റെ ആര്‍ത്തി...? കഴുകന്മാരാണ് എല്ലാവരും.. കാമവെറി കൊണ്ട് അന്ധരായവര്‍.. അവളെ മരണത്തിലെങ്കിലും സമാധാനിക്കാന്‍ വിടൂ... എങ്ങനെ കഴിയുന്നു നിങ്ങള്‍ക്കിത്... ? ആ വസ്ത്രം മാറ്റാതെ.. വിനോദെ, സാധനം തീര്‍ന്നോ..? "

"അങ്ങനെ വല്ലതും ചോദിക്ക്.. അവിടുണ്ട്.. എടുത്തു പിടിപ്പിച്ചോ.. എന്നെ എന്റെ വഴിക്ക് വിട്.. സൌന്ദര്യ ബോധമില്ലാത്ത സന്യാസികള്.. "

"നില്‍ക്ക്.. ഞാനിതോരെണ്ണം കൂടെ തീര്‍ത്തിട്ടു വരാം... നീ പറഞ്ഞതിലും കാര്യമില്ലാതില്ല വിനോദെ.. സൌന്ദര്യം ഇതിലും വലിയ ലഹരി തന്നെയാ... പെണ്ണും.. ഇനി നാളെ വനിതാ വേദിയില്‍ എന്ത് പറയുമോ ആവോ..? "

"ഹ.. ഹാ... വരണം മഹാ കവീ.. പകല്‍ സ്ത്രീകള്‍ക്ക് വേണ്ടി പോരാട്ടം... രാത്രി സ്ത്രീയുടെ ഒരു വസ്ത്ര തുണ്ടിനെങ്കിലുമുള്ള അന്വേഷണം.. ഇതാണ് ആദര്‍ശം.. എന്തൊക്കെ പറഞ്ഞാലും ഇതൊരു മൊതല് തന്നെ കവേ..."
_______________________________________________________________________________

മങ്ങിയ നിലാ വെളിച്ചത്തില്‍, അവളുടെ പാതി ശരീരത്തില്‍ കാമത്തിന്റെ കാണാത്ത ചായങ്ങള്‍ കൊണ്ട് ചിത്രങ്ങള്‍ എഴുതപ്പെട്ടു..
ഏതോ ഒരു വണ്ടി തെക്കോട്ട്‌ പിന്നെയും പോയി..

________________________________________________________________________________

ഇന്ന് വരും എന്നല്ലേ നീ പറഞ്ഞത്...പെങ്ങളേ.. നീ വീട്ടില്‍ എത്തിക്കാണുമോ ..?
______________________________________________________________________________


ഫാന്‍- മൂന്നു കൈയുള്ള ഒരു പങ്ക.ഫാന്‍- മൂന്നു കൈയുള്ള ഒരു പങ്ക.

പലരും പറയുന്നത്-

വേഗ;മെത്രയും വേഗ
മോടിയോടിക്കിതച്ചിട്ടും
തൊട്ടിടാ, നൊന്നെത്തി
ത്തൊട്ടിടാനാവാതെ
തളരുന്നു; വായുവില്‍
വായുവൃത്തം വരയ്ക്കുന്നു
ഒരു ഞെട്ടിലൊന്നായ്
കിളിര്ത്തിലക്കൈയുകള്‍

അവന്‍ പറഞ്ഞത്-

ഏറെ; നേരമേറെ -
യേറെക്കഴിഞ്ഞിട്ടും
അറിയുവാ, നൊന്നടു-
ത്തറിയുവാനാകാതെ
പിടയുന്നു , നമ്മളില്‍
വിഷമവൃത്തം വരയ്ക്കുന്നു
നീ, ഞാന്‍, പിന്നെ
നമ്മിലെ പ്രണയവും..

ഞാന്‍ പറഞ്ഞു വരുന്നത് -


നീറി, യെത്രയോ നീറി-
നീറിപ്പുകഞ്ഞിട്ടും
നീര്ത്തുവാ; നൊരു ചുരുള്‍
നീര്ത്തുവാനാകാതെ
യഴുകുന്നു, വഴികളില്‍
വിഫലവൃത്തം വഴുക്കുന്നു..
ആര് നീ, യാര് ഞാ-
നാരാരു നമ്മള്‍...?


ഫാനിനു പറയുവാനുള്ളത്‌ -

(ആകാശത്തേക്ക്
വേരുകള്‍ വളരാറില്ലെന്നതിനും
തല കീഴെ
ആര്‍ക്കൊക്കെയോ കുളിരാന്‍
ഒരു പാഴ് പൂവ് എന്നതിനും ശേഷം.
..)

വരിക; നീയൊന്നു
കാതോര്‍ത്തു നില്‍ക്കുക-
വെറുതെ, വെറും വെറുതെയാ-
ണോരോ കറക്കങ്ങളെങ്കിലും
എന്നില്‍ പിടഞ്ഞടങ്ങാതിരിക്ക
നീ വെറുതെയും !

ഒരു ഞെട്ടിലൊന്നായ്
പിറ; ന്നിരുള്‍ക്കൈയുകള്‍
നീ, നിന്റെ ജീവിതം
മരണങ്ങളൊക്കെയും...

തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കാവുന്ന ചില അടയാളങ്ങള്‍.തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കാവുന്ന ചില അടയാളങ്ങള്‍.

വഴിവക്കില്‍
ചിതലുകളെയും
പുഴുക്കളെയും
ഉറുമ്പുകളേയും
വിഴുങ്ങിയിരിക്കുമ്പോള്‍
വഴിയെ പോയവര്‍
പറഞ്ഞത്രേ
ഭ്രാന്താണെന്ന്...!

അപ്പോഴും
ഞാന്‍ വിളിച്ചു പറഞ്ഞത്
അടയാളങ്ങളെ കുറിച്ച്.

ഒരിക്കലും
തോല്പിക്കപ്പെടില്ലാത്ത
ലക്ഷ്യങ്ങളുടെ
തോല്‍പ്പിക്കാന്‍
കഴിഞ്ഞേക്കാവുന്ന
വെറും അടയാളങ്ങളെ മാത്രം കുറിച്ച്...

ചിരിച്ചു കൊണ്ടാവണം
നിങ്ങളും
കടന്നു പോയത്.. !

എങ്കിലും
എപ്പോഴാണ്
നിങ്ങള്ക്ക്
ഭ്രാന്തു പിടിച്ചത്...?

അതേ വഴിവക്കില്‍
എന്റെ ജഡം
ഉറുമ്പരിച്ചു
ചിതലരിച്ചു
പുഴു പുളച്ചു
കിടന്നപ്പോഴോ....?

അതോ
നിങ്ങള്‍ തന്നെ കിടന്നപ്പോഴോ...?

ചോദിച്ചേക്കാവുന്ന ഒരു ചോദ്യത്തിന്‍റെ ഉത്തരം..ചോദിച്ചേക്കാവുന്ന ഒരു ചോദ്യത്തിന്‍റെ ഉത്തരം..

നൂല് വിട്ട പട്ടം
ആകാശത്തെ
നക്കിയെടുത്ത്
തീര്‍ത്തു..

തുഴയില്ലാ വള്ളം
പുഴയെ
കുടിച്ചു വറ്റിച്ചു..

വിണ്ട പേന
മഷി ഒലിപ്പിച്ച്
നക്ഷത്രങ്ങളെയും
മായ്ച്ചു....

നാക്ക് കുഴഞ്ഞ
ഒട്ടകങ്ങള്‍
മരുഭൂമിയെ
അപ്പാടെ വിഴുങ്ങി..

ഇറയത്തു വെച്ച
കീറക്കുട
മഴയെ മൊത്തം
വലിച്ചെടുത്തു..

ഇനി,

ഞാന്‍ എന്ത് തിന്നണം,
എന്നെയല്ലാതെ...?!

ഞാന്‍ കടല്‍ കണ്ടത്......


ഞാന്‍ കടല്‍ കണ്ടത്....
_________________

ഉണരുന്നതിനു മുന്‍പ് കണ്ട
സ്വപ്നത്തില്‍
എതോ ഒരു മരം..
മഞ്ഞു വീഴുന്നൊരു കുന്ന്..
അതിനുമപ്പുറം
നിറമേതെന്നറിയാത്ത പൂക്കള്‍ നിറഞ്ഞ
പൂന്തോട്ടം..
അതിനുമപ്പുറത്താവണം കടല്‍..!

പുസ്തകങ്ങള്‍ പറഞ്ഞു തന്നതാണ്
കടല്‍ നീലയാണെന്നും
ഉപ്പു ചുവയ്ക്കുമെന്നും..!

ജനാലയിലൂടെ കൈ ചൂണ്ടി
അമ്മ പറഞ്ഞു തന്നത്
കടലങ്ങു ദൂരെയാണെന്ന്...

ഞരമ്പുകളില്‍
സൂചി കുത്തിയിറക്കുമ്പോള്‍
വൈകുന്നേരങ്ങളില്‍
കടലുമാകാശവും
ചുവക്കുമെന്നു പറഞ്ഞു തന്നത്
വെളുത്ത ഒരു ചേച്ചി..

മരവിച്ച വാര്‍ഡുകളില്‍
തനിച്ചു നടക്കുമ്പോള്‍
പരിചയമില്ലാത്ത ആരോ പറഞ്ഞതാണ്
കടലിനുള്ളില്‍ കൊടിയ ചൂടാണെന്ന്..!

വല്ലപ്പോഴും വരുന്ന
കൂട്ടുകാരന്‍റെ എഴുത്തിലുണ്ടായിരുന്നു
കടലിന്‍റെ അടിത്തട്ടില്‍
പവിഴപ്പുറ്റുകള്‍ വളരാറുന്ടെന്നത്-
നിറയെ മീനുണ്ടെന്നും..!

രാത്രികള്‍ പോലെ
ഒരുപാടാഴമുണ്ട് കടലിനെന്ന്
ആരാണ് പറഞ്ഞു തന്നത്..?

എപ്പോഴോ,
പാതി മുറിഞ്ഞൊരു സ്വപ്നത്തിനിടയില്‍
നിറഞ്ഞ കണ്ണോടെ
അമ്മയെന്നെ പൊതിഞ്ഞുറക്കി..

അന്നാണ് കണ്ടത്,
കടല്‍..

ഹൃദയമില്ലാത്ത നിഴല്‍..! (കഥ)ഹൃദയമില്ലാത്ത നിഴല്‍..!
__________________

എപ്പോഴും തന്നെ പിന്തുടര്‍ന്ന നിഴലിനോട്‌ അവനു വെറുപ്പ്‌ തോന്നി..

ഒരിക്കല്‍ നിഴലിന്‍റെ നെഞ്ച് കീറി അവന്‍ കളിയാക്കി..

"നിനക്ക് ഹൃദയമില്ലല്ലോ....!"


അവന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ എപ്പോഴോ നിഴല്‍ അവനോടു പറഞ്ഞു.

"നോക്കൂ.. ഞാന്‍ നിന്‍റെ നിഴല്‍ മാത്രമല്ലേ..?

നിന്‍റെ കുറവുകള്‍ക്ക് എന്നെ കുറ്റപ്പെടുത്തുന്നത് കഷ്ടമല്ലേ..? "

ഒരു നിമിഷം പോലും ആലോചിക്കാതെ അവന്‍ പറഞ്ഞു...

"എന്നാല്‍ നീ വല്ലവന്റേയും നിഴലായിരിക്കും..

എന്റെതാവില്ല..!"

നിഴലിന്റെ നെഞ്ജിലേക്ക് ഒന്ന് നീട്ടി തുപ്പി വേറെ നിഴല്‍ അന്വേഷിച്ചു അവന്‍ കടന്നു പോയി..

നിഴല്‍ ചിരിച്ചു കൊണ്ട് പറഞ്ഞു..

"പാവം... എന്നെങ്കിലും ബുദ്ധി വരുമായിരിക്കും...!!"

യന്ത്രക്കുതിരയിലെ യാത്രകള്‍... അങ്ങനെ തന്നെയാവുമത്.. !!!വേണ്ട..

ആകാശത്തു പറക്കുന്ന
യന്ത്രക്കുതിരയെക്കാട്ടി
ഇനിയുമെന്നെ നിങ്ങള്‍
വിളിക്കരുത്..!

താഴെ
പുതിയ മേടും പുഴകളും
കണ്ടേക്കാം..!

പുതിയ കാറ്റും
നിറങ്ങളും
ഒഴുകിയേക്കാം..!
ഒരു പൂക്കാലം മണത്തേക്കാം...!!

എങ്കിലും..
എനിക്കിനിയും വയ്യ..

ഉച്ചിയിലുച്ച പതയ്ക്കുമ്പോഴും
കീഴിലാഴി കനക്കുമ്പോഴും

ഇല്ല,
എനിക്കുറപ്പാണ്,
നിങ്ങളൊരിക്കലും
പറഞ്ഞു തരില്ല
തിരിച്ചിറങ്ങേണ്ട വഴികള്‍....!!!

ഷട്ടില്‍ കോക്കിന് പറയാനുള്ളത്...


ഷട്ടില്‍ കോക്കിന് പറയാനുള്ളത്...


എപ്പോഴും
തലയിടിച്ചു
തറയില്‍ വീഴുന്ന
ഒരു
പൂച്ച..!!

നെടുകെയും
കുറുകെയും
കുറെ കള്ളികള്‍
ലോകം..!

ബാറ്റുകള്‍ വരയ്ക്കുന്ന
സൌമിത്രീ രേഖകള്‍
അതിര്..!

അങ്ങുമിങ്ങും
ആകാശ യാത്രകള്‍..!

എങ്ങനെ,
എവിടെ വീഴുന്നു
എന്നതാണ്
ആരുടെയൊക്കെയോ
ജയപരാജയങ്ങള്‍
നിര്‍ണയിക്കുന്നത്...!!

ഒടുവില്‍,
തൂവല്‍ ഒടിഞ്ഞ്
കളത്തിനു പുറത്ത്..!
തല പിളര്‍ന്നു
കളിയ്ക്കും പുറത്ത്...!

.....................

ഓരോ പെണ്ണിനും
ഇതില്‍ കൂടുതല്‍
എന്താണ് പറയാനുള്ളത്....!!??

രാത്രിയില്‍ നിന്നും രാത്രിയിലേക്കുള്ള ദൂരത്തെ കുറിച്ച്..!!എങ്ങാനും
ഇരവില്‍ നി-
ന്നിരവിലേക്കോ
പകല്‍...?

എങ്കില്‍,
എന്തിനീ പകല്‍
നിന; ക്കെനിക്കും....!!

ഇതെന്‍റെ തോട്ടമാണ്... രാക്ഷസിയുടെ തോട്ടം..!!(പണ്ടു ഉപ പാഠ പുസ്തകത്തില്‍ പഠിച്ച രാക്ഷസന്‍റെ തോട്ടം എന്ന കഥ ഓര്‍മ്മിക്കുന്നു..!)അരുത്..
അനുവാദം ചോദിക്കരുത്..
വസന്തം ഇറങ്ങിപ്പോയ
വേലിക്കെട്ടുകള്‍ക്ക് ഉള്ളിലേക്ക്
നിങ്ങള്‍ കടക്കേണ്ട...!

ആകാശംപോലുമെത്തി നോക്കാത്ത
ഈ മരവിപ്പില്‍ (മരിപ്പില്‍)
നക്ഷത്രങ്ങളേ,
നിങ്ങളുടെ
വെള്ളി വെളിച്ചവും വേണ്ട..!

എന്‍റെ ജട പിടിച്ച
(സ്) മൃതി വനത്തിലേക്ക്
ഒരു
മിന്നാ മിനുങ്ങു പോലും
എത്തി നോക്കേണ്ട..!

പഴക്കം മണക്കുന്ന
ഈ അടച്ചിരിപ്പില്‍
നിങ്ങളുടെ സ്വകാര്യങ്ങളിലേക്ക്
നൂണ്ടു കടക്കേണ്ട എനിക്ക്..!

എന്നിട്ടുമെന്താണ്
പുറം ലോകം മണക്കുന്ന
കല്ലുകള്‍ കൊണ്ട്
നിങ്ങളെന്നെ
അലോസരപ്പെടുത്തുന്നത്..?!

പുറമെയുടെ
വിശാല വീഥികള്‍
നിങ്ങള്‍ തന്നെ
എടുത്തു കൊള്ളുക..!!

പൂത്താലും
ഇല്ലെങ്കിലും
പൂക്കുമെന്നോര്ത്തിരിക്കാന്‍
പാഴ്മരം ഇതു മാത്രം
മതിയെനിക്ക്...!!

മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉറക്കങ്ങളെ എങ്ങനെ മുറിക്കുന്നുവെന്ന്..!!മണ്ണ് മാന്തി യന്ത്രങ്ങള്‍
ഉറക്കങ്ങളെ
എങ്ങനെ മുറിക്കുന്നുവെന്ന്..

ഇരുട്ടിന്‍റെ കൂര്‍ത്ത നഖങ്ങളായി
എത്ര വേഗമാണ്
കാലത്തെ അവ
മാന്തിയെടുക്കുന്നത്...

കുഴിച്ചു മൂടിയ
കാലടികള്‍, ചുംബനം, നിശ്വാസങ്ങള്‍...
എത്ര പെട്ടെന്നാണ്
മേല്‍ത്തട്ടിലേക്ക്
വലിച്ചിടുന്നത്...!!

നിന്‍റെ നഖങ്ങള്‍ക്ക്
എന്തൊരു മൂര്‍ച്ചയാണ്?
നനഞ്ഞ ഭൂഗര്‍ഭ രഹസ്യങ്ങളെ
എത്ര എളുപ്പത്തിലാണ്
തിരക്കുകളുടെ
വിയര്‍ത്ത മാറിടത്തിലേക്ക്‌
അവ ഒഴുക്കിക്കളയുന്നത്..?!

(വി ) സ്മൃതിയുടെ
ശവപ്പറമ്പില്‍
മുഖം മറച്ച ഈ ഇരിപ്പ്...
ഹോ...!!

(എനിക്കൊന്നും പറയാന്‍ ഇല്ലെങ്കിലും
നീണ്ട മുരള്‍ച്ചകള്‍ കൊണ്ട്
മണ്ണ് മാന്തി യന്ത്രങ്ങള്‍
എന്‍റെ ഉറക്കത്തെ
മുറിച്ച്....!!)

എന്‍റെ ബസ് ഒരിക്കലും അപകടത്തില്‍ പെടില്ല...!! കിറുക്കുകള്‍, തുടര്‍ച്ച...(3)കിറുക്കുകള്‍ തുടര്‍ന്നേ പോകുന്നു.... (3)

അല്ല, ഇനിയും എന്തിനെ കുറിച്ചാണ് പറയേണ്ടത്?
എന്ത് പറയാന്‍...? ഇങ്ങനെ ഒക്കെ ജീവിച്ചു ജീവിച്ചു പോകുന്നു..
എങ്ങനെ ജീവിക്കുന്നു എന്ന്....???

നമ്മള്‍ വളരെ അധികം ബുദ്ധി ഉള്ളവരാണ്.. അതുകൊണ്ട് തന്നെ എങ്ങനെ ജീവിക്കണം എന്ന് നമുക്ക് ആരും പഠിപ്പിച്ചു തരേണ്ട..
എനിക്ക് തോന്നുന്നത് നമ്മളെല്ലാം ഓരോ ഒഴിവുകളിലാണ് ഒഴിഞ്ഞു ഒഴിഞ്ഞു പോകുന്നത്..
അതിനെ ചിലപ്പോള്‍ നിങ്ങള്‍ വിശ്വാസം എന്ന് വിളിച്ചേക്കാം..
അയ്യോ, വിശ്വാസം ഒരു ഒഴിവു കഴിവാണെന്ന് പറഞ്ഞാല്‍ എന്നോട് പിണങ്ങല്ലേ...!!

ഉദാഹരണത്തിന്, നമ്മള്‍ ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ നമ്മളെ ഭരിക്കുന്ന വിശ്വാസം എന്താണ്?
ഒന്നുമല്ല, ഞാന്‍ കയറിയ ബസ് ഒരിക്കലും അപകടപ്പെടില്ല എന്ന ഒരു വെറും (വി) ശ്വാസം...
നോക്കൂ ഇവിടെ ശ്വാസവും വിശ്വാസവും തമ്മില്‍ ഒരു അക്ഷരം അകലം മാത്രമെ ഉള്ളൂ...!!

അതുമല്ലെങ്കില്‍, വേറൊന്ന് പറയാം...
നിങ്ങള്‍, കടുകടുത്ത പ്രണയത്തില്‍ മുങ്ങി മുങ്ങി കുളിരുമ്പോള്‍, വിചാരിച്ചു പോകാറില്ലേ ഞങ്ങളുടെ പ്രണയം എന്തൊക്കെയോ ഏതൊക്കെയോ ആണെന്ന്, ഓരോ ഇരകള്‍ നിങ്ങളുടെ കൂട്ടുകാരോ വീട്ടുകാരോ ആയിരിക്കുമ്പോള്‍ തന്നെയും... !
അതല്ലേ ഞാന്‍ പറഞ്ഞത്, മറവി ഒരു വല്ലാത്ത മരുന്നാണെന്ന്...!!!

മരുന്നിനെക്കുറിച്ചു പറഞ്ഞപ്പോഴാണ് ആശുപത്രിയെ കുറിച്ചു പറയാന്‍ തോന്നുന്നത്..
ആശുപത്രികള്‍, ചില ഓര്‍മ പുതുക്കലുകള്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തലുകള്‍ അതും അല്ലെങ്കില്‍ ചില തിരിച്ചറിവുകള്‍ ആണ്..
കണ്ണ് പൂട്ടിയ ചില ഓട്ടങ്ങള്‍ ഒടുങ്ങുന്ന ഇടം...
മരുന്നുകള്‍ക്കും സമ്പന്നതയ്ക്കും ദാരിദ്ര്യത്തിനും ഭ്രാന്തിനും മരണത്തിനും ജീവിതത്തിനും ഇടയില്‍ എത്ര മാത്രം ദൂരം ഉണ്ടെന്ന ഒരു തിരിച്ചറിവ്...

ഹും......!!
ഒരു കുഞ്ഞു കഥ ഓര്‍മ്മ വരുന്നു.. പണ്ടെപ്പോഴോ നോട്ട് ബുക്കില്‍ കുറിച്ചു വെച്ചത്...

ആ വഴിയോ അതോ ഈ വഴിയോ പോകേണ്ടതെന്ന് പണ്ട് കവി സംശയിച്ച വഴിയുടെ അറ്റത്ത്‌ ഒരു മരം മഞ്ഞ പൂക്കള്‍ പൊഴിച്ചു നിന്നു....
ആ മരം ആ വഴിയെ പോകുന്നവരോട്, കാറ്റിനോട് ചുമ്മാ പറഞ്ഞു കൊണ്ടിരുന്നു..
"ഏതു വഴി പോയാലും നിങ്ങള്‍ ഇവിടെ തന്നെ വരും.. ഒരുപാട് സമയമെടുക്കാതെ.. ഏതെങ്കിലും ഒരു വഴി വേഗം പോവുക.. വേഗം തന്നെ തിരിച്ചു വരേണ്ടതല്ലേ...!!"
ഒടുവില്‍ , അവിടെ ആലോചിച്ചു നിന്നവര്‍ മാത്രം ഭ്രാന്തരായി പോലും..!!!!

അങ്ങനെ തന്നെ ആണ് ജീവിതം.. ഒരുപാട് ആലോചിക്കണോ...?
നമ്മുടെ വിശ്വാസങ്ങളില്‍ തന്നെ നമുക്ക് ഒളിച്ചു കളിക്കാം...
ഹ.. ഹാ...
എനിക്കുറപ്പാണ്, ഞാന്‍ കയറുന്ന വാഹനം ഒരിക്കലും അപകടപ്പെടില്ല.. !!

പത്രത്തിലെ ഓരോ കൊലപാതക വാര്‍ത്തകളും ആത്മഹത്യകളും അപകടങ്ങളും കാണുമ്പോഴും എനിക്കറിയാം...
ഒരിക്കലും ഒരു വെടിയുണ്ട, ഒരു തുരുമ്പു പോലും എന്‍റെ കണ്ണില്‍ കൊള്ളില്ല...!!
അങ്ങനെ അങ്ങനെ അങ്ങനെ....

ഹോ.. ഈ വിശ്വാസങ്ങളുടെ ഒഴുകിക്കളിയില്‍ എന്‍റെ ഭ്രാന്തു മാറിയോ..? മാറുമോ...???
എന്തായാലും... ഇനി പിന്നെ..... കാണാം
എന്ന് വിശ്വസിക്കാം.....!! :)

സ്നേഹം,
സീത.

ഒരു വരിയില്‍ ഒരു കിറുക്കവിത..!!

വരാമായിരുന്നൂ നിന-

ക്കൊരിക്കലെങ്കിലുമീ ജന്നല്‍പുറ-

ത്തഴികള്‍ നീക്കിയിരുന്നു ഞാ -

നൊഴിച്ചിരുന്നൊരു ജനല്‍പോള-

യൊരു വെയില്‍ചീളു പോലു-

മടുത്തു നോക്കാതെ യിരുള് മാത്രമെരിച്ചുവെച്ചൊരു

മുറി ; യൊരിക്കലെങ്കിലും

വരണ്ട തൊണ്ടയായ്

തളര്‍ന്നു വന്നീടില്‍

പകര്‍ന്നു തന്നിടാനൊരു

ചില്ലു പാത്രം നിറഞ്ഞ ചുടു ചോര -

യുടലു വയ്യായ്കില്‍

ചുരുണ്ടൊന്നുറങ്ങുവാന്‍

ചിതലരിച്ചൊരു മുള്ള് പായ്‌

ഒന്നൊളിച്ചു ചുംബിക്കുവാ-

നീയിരുള്‍പ്പോള-

യറിയാമെനിക്കൊരിക്കലെങ്കിലും

വരാതെ വയ്യ നിന;

ക്കതു മാത്രമാണീയിരി -

പ്പെനിക്കൊന്നു

തനിച്ചിരിക്കുവാ-

നീ ജനലരികേയിരിപ്പൂ ...

ഇരിക്കുന്നു ഞാന്‍.....!!

എന്‍റെ കിറുക്കുകള്‍.. തുടര്‍ച്ച..(2)


എന്‍റെ കിറുക്കുകള്‍.. തുടര്‍ച്ച..(2)

ആപേക്ഷികതയെ കുറിച്ചു തന്നെയാവാം.. (ആപേക്ഷികതാ സിദ്ധാന്തം കണ്ടു പിടിച്ച മഹാന് സ്തുതി..!)
ഹോ.. ഒഴിവു കഴിവുകളുടെ ഒരു അപൂര്‍വ സിദ്ധാന്തം.. ഈ ലോകത്തില്‍ എല്ലാം... എല്ലാം ആപേക്ഷികം ആണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം..
എന്നെ സംബന്ധ്ധിച്ചിടത്തോളം ഞാന്‍ നില്‍ക്കുമ്പോള്‍ ഭൂമി നിശ്ചലം തന്നെയാണ്.. അന്യ ഗ്രഹങ്ങളെ, സൂര്യനെ സംബന്ധിച്ച്, അത് ചലിച്ചു കൊണ്ടേയിരിക്കുന്നു.. നമ്മള്‍ പറയുന്നു, ഭൂമി സൂര്യനെ ചുറ്റി വരുന്നു എന്ന്.. ആകാശ ഗംഗയെ സംബന്ധിച്ച് സൂര്യനും കറങ്ങുന്നു എന്ന്... ഹോ.... മൊത്തത്തില്‍ കറങ്ങുന്നു..

ഇവിടെ, മരിച്ചു പോകുന്നവര്‍ ഒരുപാട് ഉള്ളത് കൊണ്ടാണ് നമ്മള്‍ ജീവിച്ചിരിക്കുന്നു എന്ന് നമ്മള്‍ പറയുന്നത്... അല്ലേ..??
അല്ലെങ്കില്‍, ജീവിച്ചിരിക്കുന്നവര്‍ ഉള്ളത് കൊണ്ടാവണം ആരെങ്കിലും മരിച്ചു പോയെന്ന് നമ്മള്‍ പറയുന്നത്..

ഞാനോ നീയോ...
ആരൊക്കെ ജീവിക്കുന്നു..??? മരിക്കുന്നു...????
ഞാനില്ലെങ്കില്‍ നീ ഏതാണ്..? നീ ഇല്ല എങ്കില്‍ ഞാന്‍ ഏതാണ്?

വീണ്ടും തല കറങ്ങുന്നു എനിക്ക് .. (അതോ മറ്റെല്ലാം കറങ്ങുക ആണോ...??!!)

നമ്മള്‍ ജീവിക്കുന്നു എന്നതിന് എന്താണ് ഉറപ്പ്..??
പലപ്പോഴും നമ്മള്‍ മരിച്ചിരിക്കുന്നു എന്ന് നമ്മള്‍ക്ക് തന്നെ തോന്നാന്‍ എന്തേ കാരണം..??

എന്തിനു പ്രണയത്തെ മാത്രം മാറ്റി നിര്‍ത്തണം..??
നീ എന്നെ ഒരുപാട് പ്രണയിക്കുന്നു എന്ന് പറയുമ്പോഴും നീ പോലുമറിയാതെ എന്തൊക്കെയോ എന്നില്‍ വെറുക്കുന്നില്ലേ നീ...? (ഞാനും..?!)
അതേ പോലെ നീ എന്നെ വെറുക്കുന്നു എന്ന് പറയുമ്പോഴും എനിക്കറിയാം, എന്തൊക്കെയോ നീ ഇഷ്ടപ്പെടുന്നും ഉണ്ടെന്ന്...!!

വേവുന്ന വെയിലില്‍ നിന്‍റെ കണ്ണില്‍ നോക്കി ഞാന്‍ പറഞ്ഞിരിക്കും എന്‍റെ മനസ്സ് തണുക്കുന്നു എന്ന്.. അപ്പോഴും എനിക്കറിയാം ആരെങ്കിലും ഒക്കെ എനിക്കായി എവിടെയൊക്കെയോ വേവുന്നുണ്ടാവും എന്ന്..
നിന്‍റെ ചൂടിനോട്‌ ഒട്ടി നില്‍ക്കുമ്പോള്‍ സത്യമായും ഞാന്‍ തണുത്തു മരച്ചു പോയിട്ടുണ്ട്.. സത്യം..!!

സത്യം എന്ന് പറയുന്നത് തന്നെ ഒരു വലിയ കള്ളം തന്നെ അല്ലേ നിനക്ക്..??
അതും ആപേക്ഷികം.. എന്‍റെ സത്യങ്ങളും ശരികളും എന്നും..
എന്നും നിനക്ക് കള്ളങ്ങളോ തെറ്റുകളോ ഒക്കെ ആയിരുന്നു..(എനിക്ക് തിരിച്ചും..!!)

അത് കൊണ്ട് തന്നെയാവാം പ്രണയം ഒരു പച്ച്ചക്കള്ളമെന്നു നീയും ഒരു വലിയ സത്യം എന്ന് ഞാനും വിശ്വസിച്ച് പോരുന്നത്... വിചിത്രം തന്നെ അല്ലേ...??

വസ്തുതകള്‍ എന്നും വിചിത്രമായത് തന്നെ..
എനിക്ക് വട്ടാണെന്ന് നിങ്ങളില്‍ പലരും ഇപ്പോള്‍ ചിന്തിക്കുന്നുണ്ടാകും, അല്ലേ?
അതെന്തു കൊണ്ടു തിരിച്ചു ചിന്തിച്ചു കൂടാ..??
അല്ലെങ്കിലും, ഒരുപാട് ഭ്രാന്തന്മാര്‍ ഈ ലോകത്ത് ഉള്ളത് കൊണ്ടു മാത്രമല്ലേ കുറേ പേരെങ്കിലും ഭ്രാന്തില്ല എന്ന് വിശ്വസിച്ചു ജീവിച്ചു പോകുന്നത്...?! (അതോ, മരിച്ചു പോകുന്നത്...!!)
അങ്ങനെ അങ്ങനെ അങ്ങനെ................................


(വീണ്ടും തുടര്‍ന്നേക്കാം ഈ കിറുക്കുകള്‍...!!)

കുറച്ചു വലിയ കുട്ടിക്കഥകള്‍...(??!!)ഉറക്കം..!!

ആയിരത്തി രണ്ടാമത്തെ രാത്രി, അവളോട്‌ ചേര്‍ന്ന് കിടന്നു ഷഹരിയാര്‍ ചോദിച്ചു...
" ഷഹറാസാദ്., ഒന്ന് ഉറങ്ങണ്ടേ നിനക്ക്...?"
നിശ്ചലമായ ഒരു നോട്ടത്തില്‍ അവള്‍ എല്ലാം ഒതുക്കി...
അവളുടെ കണ്ണുകളുടെ ആഴം തന്നെ വിഴുങ്ങിയേക്കും എന്ന് ഭയന്ന്
കണ്ണുകള്‍ ഇറുകെയടച്ച് ഷഹരിയാര്‍ തിരിഞ്ഞ് കിടന്നു...

_____________________________

മരുന്ന്..!

എല്ലാവരും വിളിച്ചു പറഞ്ഞു..
"അവളെ അകറ്റൂ.. അവള്‍ക്കു ദംഷ്ട്രകള്‍ വളര്‍ന്നിരിക്കുന്നു..."

ഒരിക്കല്‍ അവന്‍ അവളോട്‌ ചോദിച്ചു..
" നിന്നെ ഞാനൊന്ന് ചുംബിച്ചോട്ടേ...?"

"വേണ്ട.. എന്‍റെ ഈ പല്ലുകള്‍ നിന്നെ മുറിച് ചേക്കും..!" അവള്‍ ഒഴിഞ്ഞു..

" ഈ മുഖം.. ഇതിനി എവിടെയാണ് മുറിയാന്‍ ബാക്കിയുള്ളത്?
എന്‍റെ പെണ്ണേ,
ഈ മൂര്‍ച്ച ... അതിനായിരുന്നില്ലേ ഞാന്‍.........."

നനഞ്ഞ കണ്ണുകളോടെ തന്‍റെ ദംഷ്ട്രകള്‍ അവന്‍റെ മുറിവുകളില്‍ ആഴ്ത്തി അവള്‍
മുറിവുണക്കാന്‍ തുടങ്ങി.......

__________________________________

അധികം...!!

അവസാനം അവളോട്‌ അവന്‍ പറഞ്ഞു...

" ഹൃദയം ഇല്ലാത്തവള്‍..! നമുക്ക് പിരിയാം..."

പിന്നീട് എപ്പോഴോ കടുത്ത നെഞ്ചു വേദന വന്നപ്പോഴാണ്
അവന്‍ അറിഞ്ഞത്, അവന്‌ രണ്ടു ഹൃദയം ഉണ്ടെന്നത്...

തിരഞ്ഞിട്ടും തിരഞ്ഞിട്ടും അവളെ കാണാതെ, അധികം വന്ന ഹൃദയം അവന്‍
എവിടേയ്ക്കോ എറിഞ്ഞു കളഞ്ഞു...

ഒടുവില്‍, വെള്ളം ഒഴിക്കാത്ത രണ്ടു പെഗ്ഗില്‍ നാല് വരി കവിതയും എഴുതി...

_______________________________

സ്വയംഭൂ...!!

വേലിക്ക് അപ്പുറത്തു നിന്നും ഒരു ടോര്‍ച്ചു വെളിച്ചം
എന്നും മേരിയെ വിളിച്ചു കൊണ്ടിരുന്നു...
അങ്ങനെ, മേരിക്കും ദിവ്യ ഗര്‍ഭം ലഭിച്ചു..
പിറന്ന പയ്യന്‍ താന്തോന്നിയായി വളര്‍ന്നു...
മേടകളില്‍ ഇരുന്നവരെ അവന്‍ പുലഭ്യം പറഞ്ഞു..
തന്ത ഇല്ലാത്തവന്‍ എന്ന് എല്ലാരും അവനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു..

ഒരിക്കല്‍, അതേ ടോര്‍ച്ചു വെളിച്ചം അവളെ വീണ്ടും വന്നു വിളിച്ചു..
"മേരീ.."
" ഓ.. എന്‍റെ ജീവിതം സഫലമായി..."
" ത്ഫൂ... പെഴച്ചവള്‍.. !!"
വെളിച്ചം, വേലി കടന്നു അകന്നു മറഞ്ഞു...

സമവാക്യം ...!!!പ്രണയത്തിന്‍റെ പാരമ്യത്തില്‍ അവന്‍ പറഞ്ഞു..

"എനിക്ക് നിന്‍റെ ഹൃദയം മാത്രം മതി..."

അതുകൊണ്ട് അവള്‍ ശരീരം മാത്രം മതി എന്ന് പറഞ്ഞവന് ശരീരം കൊടുത്തു...

തിരിച്ചെത്തിയപ്പോള്‍ അവള്‍ അവന്‌ ഹൃദയം എടുത്തു കൊടുത്തു...

"ത്ഫൂ...

ശരീരമില്ലാത്ത നിന്‍റെ ഹൃദയം ആര്‍ക്കു വേണം..,.?!"

നിലത്ത്‌ ആഞ്ഞു തൊഴിച്ചു അവന്‍ കടന്നു പോയി....

അവള്‍, ഉറക്കെയുറക്കെ ചിരിച്ചു...

രാജ കുമാരന്മാര്‍ ഇല്ലാത്ത കഥകള്‍...!!!


കുഞ്ഞുമോള്‍ പിന്നെയും ചിണുങ്ങി..

"ഒരു കഥ പറഞു താ..."

"" ഉം.. ഒരിടത്ത് ഒരിടത്ത് ഒരിക്കല്‍ ഒരു രാജകുമാരി ഉണ്ടായിരുന്നു..
സുന്ദരിയും ബുദ്ധിമതിയും സുശീലയുമായ ഒരു കുമാരി..
ഒരുപാട് പേര്‍ അവളെ മോഹിച്ചു...
ഒരിക്കല്‍ ഒരു രാക്ഷസന്‍ അവളെ തട്ടി കൊണ്ടുപോയി..
...
ധീരനും സുന്ദരനുമായ രാജകുമാരന്‍ അവളെ തേടിയിറങ്ങി...

ഒടുവില്‍, രാക്ഷസനുമായുള്ള ഏറ്റുമുട്ടലില്‍ രാജകുമാരന്‍ കൊല്ലപ്പെട്ടു...
പാവം .... രാജകുമാരന്‍....."


"എന്നിട്ട്.. എന്നിട്ടാ രാജകുമാരിക്ക് എന്ത് പറ്റി അമ്മേ...??"


"അത്... അത്... അമ്മയ്ക്ക് അറിയില്ല മോളൂ...
ആരും പറഞ്ഞു വെച്ചിട്ടില്ല,
രാജകുമാരന്മാര്‍ ഇല്ലാത്ത കഥകള്‍....."

കടല്‍ കാണാത്ത പെണ്‍കുട്ടി


കടലു കാണാത്ത പെണ്‍കുട്ടിയുടെ കാതോട് ഒരു ശംഖ് ചേര്‍ത്ത് വെച്ച് അവന്‍ പറഞ്ഞു...
"നോക്കൂ... നിനക്ക് അറിയില്ലേ ഇതാണ് കടല്‍.. കേട്ട് നോക്ക്....!!"

തനിക്കു കിട്ടിയ കടല്‍ അവള്‍ മാറോടു ചേര്‍ത്തു..
പക്ഷെ,
ഒരു ഉറക്കത്തിന് ഒടുവില്‍ എപ്പോഴോ
കടല്‍ നുറുങ്ങി പരന്ന് നിലത്തെ വിഴുങ്ങിയിരുന്നു...

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!
തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
അഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!

______________

വിളയാതെയും വിളയിക്കപ്പെടാതെയും പോയ (ക)വിതകള്‍....!!


കണ്ണ്..


ചരടും തൊങ്ങലുകളും
നഷ്ടപ്പെട്ട്‌,
കാഴ്ച്ചയുടെ
നിയമങ്ങളെ തെറ്റിച്ച്,
വഴി മറന്ന്
ഒളി മങ്ങി
പീള കെട്ടി
ഇരുട്ടിന്‍റെ
ഏതോ ആകാശങ്ങളില്‍
പീലിച്ചിറകുമായി
രണ്ടു പട്ടങ്ങള്‍...

കണ്ണാടി...

കാഴ്ച്ചയുടെ രഹസ്യങ്ങള്‍
വശം തിരിഞ്ഞ്
നില മറന്ന്
ചിറി കോട്ടി..

നിന്‍റെ പുഞ്ചിരി, നിശ്വാസം...
ഹാ...
കണ്ണിനും കണ്ണാടിക്കും ഇടയില്‍
കല്ല്‌ വെച്ചൊരു നുണ... !!

കഴുമരം...

കാഴ്ചകളില്‍
മുള്ള് തറഞ്ഞ്
മുറിവിന്‍റെ കണ്ണില്‍
ചോര കട്ടച്ചു
നിന്‍റെ കണ്ണിലേക്ക്..
ഈ വഴി അവസാനിക്കുന്ന
മൊട്ടക്കുന്നിന്‍റെ നെറുകയില്‍
കുരിശിന്‍റെ കഴുത്തൊടിഞ്ഞു
ഒരു കുരുക്കായി ഞാന്നു കിടന്നു...

കഴുത...

വിളറിയ ഒരു മൗനം-
സമയം ചിതറിപ്പോയ ഘടികാരങ്ങള്‍
പിറകെ
വിഴുപ്പുകള്‍ എല്ലാം
സ്വയം ചുമന്ന്
പുളയുന്ന ചാട്ടകളില്‍
ഒരു ഇളിച്ച യാത്ര...

കപ്പല്‍...

നടുക്കടലില്‍
തകര്‍ക്കപ്പെട്ട അമരത്ത്
ഒറ്റപ്പെട്ട കപ്പിത്താന്‍
കാറ്റുകളെ മെരുക്കാന്‍ ശ്രമിക്കുന്നു...
ഒഡിസ്സിയൂസും സിന്ദ്ബാദും എല്ലാം
എല്ലാം വെറും കഥയെന്നു കൂവി വിളിക്കുന്നു...
ചുഴിയുടെ കണ്ണ് - ഒരിരുട്ട്...
ചുഴലിയുടെ നാക്ക് - ഒരു മുഷ്ടി..

കവി...

കണ്ണുകളും
കണ്ണാടികളും
കാറ്റുകളെ അറിയാത്തവ ന്‍റെ
അതിരില്‍
കഴു മരങ്ങള്‍ പാകുന്നു..
മരണത്തിന്‍റെ ദിശകളിലെ
അവിശ്വാസം കൊണ്ട്
വടക്ക് നോക്കി യന്ത്രങ്ങള്‍
പുണര്‍ന്നവന്‍റെ കാതില്‍
കാലം പെരുമ്പറ കൊട്ടുന്നു..

കടപ്പുറത്ത്
ഒരു കുട്ടി
അപ്പൂപ്പന്‍ താടി പറത്തി കളിക്കുന്നു...
കളി മടുക്കുന്ന നിമിഷങ്ങളില്‍
വിരല് മുറിച്ച്
കടലിന്‍റെ നിറം മാറ്റാന്‍ ശ്രമിക്കുന്നു...!!

കവിത ...!!!

ഴുതകളുടെ
വിധി
ടവറകള്‍.... എന്നും....!!!