Monday, July 6, 2009

വിക്രമം (വക്രം...!!)


വിക്രമം (വക്രം...!!)


നൂറ്റാണ്ടുകള്‍ക്കു ശേഷം
വെറുതെ മണ്ണ് മാന്തിയപ്പോള്‍
അവന് കിട്ടിയത്
എന്റെ ഇരിപ്പിടം...

കേവലം കൌതുകം കൊണ്ടവന്‍
ഒന്നാം പടിയില്‍ കാല് വെച്ചു.

ഒന്നാം പടിയില്‍ ഒന്നാം നോക്കുകുത്തി .
"നില്‍ക്കൂ..
അവനൊരു പഠിച്ച കള്ളനായിരുന്നു.
പറഞ്ഞിട്ടുണ്ടോ നിങ്ങള്‍
കണ്ണ് പൊള്ളുമ്പോള്‍ അവനോളം
കള്ളങ്ങള്‍...?"

രണ്ടാം പടിയില്‍ രണ്ടാം നോക്കുകുത്തി.
"അവനൊരു മഹേന്ദ്രജാലക്കാരന്‍.
കഞ്ചുകങ്ങള്‍ക്കും തിരശീലകള്‍ക്കും
മുഖംമൂടികള്‍ക്കും പിന്നിലിരുന്ന്
വാ തോരാതെയവാന്‍ വാചകമടിക്കുമായിരുന്നു.."

മൂന്നാം പടിയില്‍ മൂന്നാം നോക്കുകുത്തി.
"അവന് മുഴുത്ത ഭ്രാന്തായിരുന്നു..
അര്‍ത്ഥശൂന്യതയില്‍ ഇരുള് കുമിഞ്ഞ ദ്വാരങ്ങളെ
പ്രണയം കൊണ്ടാണ് അവന്‍ അടച്ചു വെച്ചത്.."

നാലാം പടിയില്‍ നാലാം നോക്കുകുത്തി.
"അവനൊരു ഭീരുവായിരുന്നു..
ഉറക്കം മുറിയുമ്പോള്‍
നിലാവില്‍ ഇരുട്ടിന്റെ പല്ലുകണ്ട്
അവന്‍ അലമുറയിടുമായിരുന്നു.."

അഞ്ചാം പടിയില്‍ അഞ്ചാം നോക്കുകുത്തി.
" അവന് ജീവിക്കാന്‍ അറിയില്ലായിരുന്നു..
ഒറ്റയ്കാവുമ്പോള്‍ നക്ഷത്രങ്ങളോടും കാറ്റിനോടും
സംസാരിക്കുമായിരുന്നു.
വല്ലപ്പോഴും വിഡ്ഢിക്കവിതകള്‍ എഴുതി.."

ആറാം പടിയില്‍ ആറാം നോക്കുകുത്തി..
"ഹൃദയമില്ലായിരുന്നുവെങ്കിലും
ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടവന്..
തനിക്ക് വേണ്ടി കരയാന്‍ മറന്നു പോയവന്‍.."

ഏഴാം പടിയില്‍ ഏഴാം നോക്കുകുത്തി.
" കളികളില്‍ പിറകിലായവന്‍..
പന്തുകളെ എങ്ങനെ വലയിലാക്കാംഎന്നു
പഠിക്കാതെ പോയവന്‍.."

എട്ടാം പടിയില്‍ എട്ടാം നോക്കുകുത്തി.
" പിഴച്ചവന്‍ ആയിരുന്നു,
ഒരു പെണ്ണിനെപ്പോലും പിഴപ്പിക്കാത്തവന്‍.."

ഒമ്പതാം പടിയില്‍ ഒമ്പതാം നോക്കുകുത്തി..
" നല്ല നടനായിരുന്നു അവന്‍.
കരഞ്ഞെരിഞ്ഞപ്പോഴും വെളുക്കെ ചിരിച്ചവന്‍.."

പത്താം പടിയില്‍ പത്താം നോക്കുകുത്തി.
"മരമണ്ടനായിരുന്നു അവന്‍..
വിലാസമില്ലാതിരുന്നിട്ടും
എന്നെങ്കിലും മറുപടികള്‍ തേടി വന്നേക്കുമെന്ന്
പിറുപിറുത്തവന്‍..."


പതിനൊന്നാം പടിയില്‍ പതിനൊന്നാം നോക്കുകുത്തി.
"കണ്ണാടികളില്‍ നിന്നും കണ്ണുകളിലേക്കു
കൂടുവിട്ടു കൂട് മാറിയവന്‍,
ചിലപ്പോള്‍ വേതാളമായി സ്വന്തം കഴുത്തില്‍
ചാഞ്ഞു കിടന്നവന്‍..."

പന്ത്രണ്ടാം പടിയില്‍ പന്ത്രണ്ടാം നോക്കുകുത്തി.
" ഒരു കുമ്പിളില്‍ അവള്‍ കടല് നീട്ടിയപ്പോള്‍
മറുവാക്കുരയ്ക്കാന്‍ മറന്ന പേശാമടന്തന്‍...
തത്തകള്‍ക്കൊപ്പം പറന്ന് തിരിച്ചു വന്നപ്പോഴേയ്ക്കും
ഊരും നഷ്ടപ്പെട്ടവന്‍.. "

പതിമൂന്നാം പടിയില്‍ പതിമൂന്നാം നോക്കുകുത്തി.
" വലിയൊരു കോമാളിയായിരുന്നു അവന്‍..
നീളന്‍ തൊപ്പിയില്‍ നക്ഷത്രങ്ങളെ കോരിയെടുത്തു
മറുവശത്തൂതി പ്പറപ്പിച്ച് മിന്നാമിനുങ്ങുകളെ ഉണ്ടാക്കിയവന്‍..
ഹൃദയം ഊതി വീര്‍പ്പിച്ചു ബലൂണ്‍ ഉണ്ടാക്കിയവന്‍
തലകീഴെ നിന്നു കാണികളെ ചിരിപ്പിച്ചവന്‍..

പറയൂ..
ഈ ഇരിപ്പിടത്തിനു യോഗ്യനാണോ നിങ്ങള്‍..?"

_________________


പിന്‍കുറിപ്പ്..

ഇരിപ്പിടം കൊതിച്ചു പിന്തുടര്‍ന്ന് വന്നവരെ,
വെറുതെ തന്നാലും വേണ്ടായെന്നു
യാത്ര പൂര്‍ത്തിയാക്കാതെ ഒരാശ്വാസത്തിലേക്ക്
നിങ്ങളും പടിയിറങ്ങിക്കൊള്ളൂക..
ഇതി വക്ര ചരിതം സമാപ്തം... !!

___________________

No comments:

Post a Comment