Saturday, May 16, 2009
വെള്ളിയൂര്‍ ചരിതം ഒന്നാം ഭാഗം.
വെള്ളിയൂര്‍ എന്ന പേര് വന്നത് എങ്ങനെയാണെന്ന് പലരോടും ചോദിച്ചിട്ടുണ്ടെങ്കിലും വ്യക്തമായ ഉത്തരം ആര്‍ക്കും അറിയില്ലായിരുന്നു എന്നത് കൊണ്ടും വെള്ളിയൂര്‍ എന്ന ഇടം ഏതെങ്കിലും വസ്തുക്കള്‍ക്ക് പ്രത്യേകതകള്‍ ഉള്ള ഇടം അല്ലാത്തത് കൊണ്ടും അവിടത്തെ കഥാപാത്രങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത് എന്നത് കൊണ്ടും ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക എന്നത് മാത്രമാണ് ഉചിതം എന്നത് കൊണ്ടും ആ ഉദ്യമത്തിന് തന്നെ മുതിരട്ടെ. ഹോ...!!!
സമകാലിക കേരളത്തിന്റെ ഒരു നെടു ഖണ്ഡം (cross section) ആണ് എന്ന് ഞങ്ങളുടെ നാടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല എന്ന് തോന്നുന്നു. ചുരുക്കം ഒരു ബിരുദാനന്തര ബിരുദം എങ്കിലും ആര്‍ക്കെങ്കിലും ഒരാള്‍ക്കെങ്കിലും ഇല്ലാത്ത ഒരു വീട് പോലും അവിടെ ഇല്ല എന്നത് അതിനെ ഒരു ഉന്നത വിദ്യാഭ്യാസ ഗ്രാമമായി പ്രഖ്യാപിച്ചാലും തെറ്റില്ല എന്ന അവസ്ഥയിലേക്ക് അതിനെ ഉയര്‍ത്തുന്നു. മുഖവുര ഇതിലും നീട്ടുന്നില്ല, കാര്യത്തിലേക്ക് തന്നെ കടക്കാം..
ലൈംഗിക അസ്വസ്ഥതകള്‍ ആണ് ഒരു നാടിന്റെ തുലനാവസ്ഥ തന്നെ തെറ്റിക്കുന്നത് എന്നത് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.. എന്നിട്ടും വെള്ളിയൂരിലെ ആള്‍ക്കാര്‍ പലരും വഴി തെറ്റി പോകാതെ (സദാചാര പ്രേമികളുടെ പൊള്ള വാക്ക്..!) ആ ഒരു സമതുലനാവസ്ഥ നിലനിര്‍ത്തി കൊണ്ടിരുന്നത് ഭാമിനിചേച്ചി തന്നെ ആയിരുന്നു എന്നത് റേഡിയോ മേന്ഗോ.. നാട്ടിലെങ്ങും പാട്ട് തന്നെ. (ശരിക്കുള്ള പേര് പറഞ്ഞു ഇല്ലാത്ത വയ്യാവേലി എന്തിനു വരുത്തി വെക്കണം..?)
കഥാനായകന്‍, രാജീവന്‍ മാഷ് (പേര് വ്യാജം തന്നെ) ഒരുപാട് സ്വത്തുള്ള വീട്ടിലെ ഒറ്റ മോന്‍. മിണ്ടാപ്രാണി. വായില്‍ വിരലിട്ടാല്‍ പോലും കടിച്ചോ, നുണഞ്ഞോ പോലും നോക്കാത്ത അയ്യോ പാവമെന്ന് ജനമൊഴി. ബീയെഡ് കഴിഞ്ഞു മലപ്പുറത്ത് എങ്ങാണ്ടോ ഒരു സ്ക്കൂളില്‍ അധ്യാപനം. ഡിഗ്രീകളുടെ ഭാരം താങ്ങാന്‍ ആവാതെ ബസ് സ്റ്റോപ്പിനു എതിര്‍ വശത്തെ കുമിട്ടി പീടിക വരാന്തയില്‍ സൈഡ് സീറ്റില്‍ ഇരിക്കുന്ന പെണ്‍ പിള്ളാരെയും വല്ല്യ പെണ്ണുങ്ങളെയും കയ്യില്‍ ചുരുട്ടി പിടിച്ച തൊഴില്‍ വാര്‍ത്ത വീശിക്കാണിച്ചു ശ്രദ്ധ ആകര്‍ഷിപ്പിച്ചു നയന, വാക്ക് ഭോഗങ്ങളാല്‍ ആനന്ദ നിര്‍വൃതി അടയുന്ന സമപ്രായക്കാരുടെ ഇടയിലൂടെ മെല്ലെ നടന്നു നീങ്ങി കൊണ്ടിരുന്ന ഒരു സാധു. ഇനി വേണോ വിശേഷണം...?
കഥ തുടങ്ങുന്നത് പ്രസ്തുത കഥാ നായകന്റെ വീടിനെ ചുറ്റിപ്പറ്റി കഥയിലെ വില്ലന്‍ ബാലേട്ടന്‍ (വ്യാജപ്പേര് .. ന്റമ്മോ.. എനിക്ക് ശരിക്കും പേടി തന്നെ ഈ പേര് പറയാന്‍..!) രാജീവന്‍ മാഷിന്റെ ബെസ്റ്റ് ഫ്രണ്ട് ആകുന്നതു മുതലാണ്. ഇന്നത്തെ പിള്ളാര്‍ ആമിര്‍ ഖാന്റെയും സൂര്യയുടെയും മറ്റും "സിക്സ് പാക്കിനെ " കുറിച്ചും മറ്റും കേള്‍ക്കുന്നതിനു മുന്‍പ് തന്നെ നാട്ടിലെ 'കൊക്കനട്ട് ട്രീ ജിമ്മില്‍' ആറു പാക്കുകളും വികസിപ്പിച്ച മനുഷ്യന്‍, നാട്ടിലെ അംഗീകൃത തെങ്ങ് കയറ്റക്കാരന്‍. മുട്ടിനു മുകളില്‍ നില്‍ക്കുന്ന മിനി തോര്‍ത്തു മുണ്ട് വേഷം. തമിഴ് സിനിമയിലെ തിരുപ്പാച്ചി റെയ്ഞ്ചില്‍ ഒരു തിളങ്ങുന്ന മുട്ടന്‍ കൊടുവാള്‍ വലതു കൈക്ക് അലങ്കാരം.
സഹജീവികളോട് കാരുണ്യം മുറ്റിയോഴുകുന്ന അറുത്ത കൈക്ക് ഉപ്പു തേയ്ക്കാത്ത കഥാ നായകന്‍ എല്ലാ ജീവിത വീക്ഷണങ്ങളെയും കാറ്റില്‍ പറത്തി ബാലേട്ടന് നൂറും ഇരുനൂറും രൂപാ ചോദിക്കുമ്പോള്‍ എല്ലാം എങ്ങനെ കൊടുക്കുന്നു എന്ന് ഞങ്ങളില്‍ പലരും അത്ഭുതപ്പെട്ടിട്ടും ഉണ്ട്. ബാലേട്ടന് തെങ്ങ് കയറ്റമുള്ള ദിവസങ്ങളില്‍ രാജീവന്‍ മാഷ് സിക്ക് ലീവ് എടുക്കാറുണ്ടെന്നു അസൂയാലുക്കള്‍ പറഞ്ഞ് പരത്തുന്നും ഉണ്ടായിരുന്നു നാട്ടില്‍.. കണ്ണീ ചോരയില്ലാത്തവന്മാര്‍... !
"ബാലേട്ടനോടു ചോദിച്ചാല്‍ പറയും.. ഇവിടെ ഒരു നായ്യിന്റെ മക്കള് പോലും ഞാന്‍ ചോദിച്ചാല്‍ ഒരു രൂപാ തരില്ല.. എന്റെ കെട്ട്യോള് പോലും... രാജീവന്‍ മാഷ് എന്റെ ദൈവാ.." അങ്ങനെ ഞങ്ങളുടെ നാട്ടില്‍ ഒരു മനുഷ്യ ദൈവം കൂടെ പിറ കൊണ്ടു..!
സംഭവത്തിന്റെ കൊട്ടിക്കലാശം ബഷീറിന്റെ കല്യാണ ആഘോഷങ്ങളോട് അനുബന്ധിച്ചാണ്. കഥാനായകന്റെ സഹപാഠി. നായികയുടെയും വില്ലന്റെയും അയല്‍വാസി. കല്യാണ തലേന്ന് സ്വല്‍പ്പം കള്ളുകുടി, ഉത്സാഹം, ചീട്ടുകളി എല്ലാം പതിവാണ് അവിടെയും. നമ്മുടെ അയ്യോ പാവം മാഷ് മട മടാ എന്ന് എല്ലാരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് നാടന്‍ വാറ്റ് പമ്പ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ ആസ്ഥാന കുടിയന്മാരുടെ പലരുടെയും കെട്ടിറങ്ങി. പിന്നെ വായില്‍ നിന്ന് വിളയാടിയ സരസ്വതിയെ വികടന്‍ എന്ന് വിളിച്ചാല്‍ എനിക്ക് അടി ഉറപ്പ്. ഇവിടെ എഴുതിയാല്‍ ...... വേണ്ടാ.. !
ചാടി എഴുന്നേറ്റു ഒരൊറ്റ പ്രസ്താവന ആയിരുന്നു. എനിക്കിപ്പോ പോണം ഭാമിനിയെ കാണാന്‍.
(ചത്ത നിശ്ശബ്ദത.. i mean dead silence...!!!!)
ഭാമിനിയുടെ വീട്ടു പടിക്കലോളം ഇരുട്ടത്ത് തപ്പിപ്പിടിച്ചു, വല്ല കാഴ്ചയും തരമാകുമോ എന്ന ഒറ്റ ഉദ്ദേശത്തില്‍ അനുഗമിക്കാന്‍ ബൈജു, ദിനേശനും പിന്നെ സുരേഷും.
വീട്ടിനടുത്തെത്തിയപ്പോള്‍ തിരുപ്പാച്ചി കനവു കണ്ടു അനുഗമിച്ചവര്‍ ബ്രേക്ക് ഇടുകയും രാജീവന്‍ മാഷ് ആക്സിലരേറ്റര്‍ ആഞ്ഞു പിടിക്കുകയും ചെയ്തു..
"നിങ്ങള്‍ എന്തിനാ ഓനെ പേടിക്കുന്നത്..? ഓന് മസില് മാത്രേ ഉള്ളൂ എന്ന് ഭാമിനി പറഞ്ഞിട്ടുണ്ട് " എന്നുരുവിട്ട് മാഷ് ടോപ് ഗിയറില്‍ തന്നെ വെച്ച് പിടിച്ചു.. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഒരു ഗുണമേന്മയേ...!!
പാതി തുറന്ന ജനലില്‍ ഇടതു കൈ കൊണ്ട് പിടിച്ചു മധുര സ്വപ്‌നങ്ങള്‍ അയവിറക്കി ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടത്തിലെ നായകനെ പോലെ മാഷ് കുഞ്ഞു കല്ലുകള്‍ പെറുക്കി അകത്തേക്ക് എറിഞ്ഞു കൊണ്ടിരുന്നു.. തുറന്നു വന്നേക്കാവുന്ന ഒരു കതകിലേക്ക് മുഴുവന്‍ ശ്രദ്ധയും ഊന്നി..
ഏത് നായിന്റെ മോനാടാ അത് .. എന്ന ശബ്ദത്തോടൊപ്പം ഉയര്‍ന്നു ജനല്‍ അഴിയില്‍ വീണ കൊടുവാള്‍ രക്തം തെറിപ്പിച്ചു.. രാജീവന്‍ മാഷ് അറ്റ് തൂങ്ങിയ വിരലുകളുമായി ഇരുട്ടിലേക്ക് ഓടി മറഞ്ഞു...
പിറ്റേന്നത്തെ പ്രഭാതം.. വില്ലന്‍ ആണത്തം തെളിയിച്ച നായകനായി.. നായകന്‍ അന്യ ഭാര്യയെ പ്രാപിക്കാന്‍ പോയ വില്ലനായി.. ബാലേട്ടന്‍ സിക്സ് പാക്കിനു അപ്പുറം ആണത്തം തെളിയിച്ചു എന്ന് നാട്ടുകാര്‍ പറഞ്ഞു കൊണ്ടിരുന്നു..
അപ്പോഴും അടങ്ങാത്ത കലി വയല്‍ വരമ്പിലിരുന്നു ചോരപ്പാട് മായാത്ത കൊടുവാള്‍ ചെളിയില്‍ വെട്ടി ബാലേട്ടന്‍ അടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.. ഏതോ ഒരു കാര്‍ന്നോര്‍ ചോദിച്ചു..
"അല്ല ബാലാ.. ഓന്‍ നിന്റെ ദൈവാ എന്നൊക്കെ പറഞ്ഞിട്ട് ഇയ്യ് ഓന്റെ കൈ തന്നെ വെട്ടീലോ..?"
" അതിനൊന്നും ഒരു മാറ്റോമില്ല... ദൈവം തന്നെയാ... ദൈവായാലും ന്റെ ഒറക്കം കളഞ്ഞാ ഞാന്‍ വെട്ടും.. ഇനീം വെട്ടും.. ഓന് ഓളെ വിളിക്കണം എന്നുണ്ടെന്കീ.... എന്നെ എന്തിനാ കല്ലെടുത്ത് എറിയുന്നെ...? ഓളെ അങ്ങ് വിളിച്ചാല്‍ പോരെ...??"
Again dead silence....!!!!!!
ബാലേട്ടന്‍ ഇപ്പൊ ഞങ്ങളുടെ നാട്ടില്‍ വില്ലനല്ല.. സൂപ്പര്‍ ഹീറോ തന്നെയാണ്..
___________________________________________________________
എന്‍. ബീ.
ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ തന്നെയാണ്.. എന്നോട് പൊറുക്കുക..
____________________________________________________________
Subscribe to:
Post Comments (Atom)
No comments:
Post a Comment