Monday, October 27, 2014

കടം..

കടം..
----------

നിന്‍റെ ഹൃദയത്തില്‍
ചേര്‍ന്ന് മിടിക്കുന്ന
രണ്ടാമത്തെ ഹൃദയത്തിനു
പറഞ്ഞു തരാന്‍ പറ്റുന്ന
ഉത്തരങ്ങളേ  ഉള്ളൂ-

എന്‍റെ ഹൃദയമില്ലായ്മയെക്കുറിച്ചുള്ള
നിന്‍റെ എല്ലാ ചോദ്യങ്ങള്‍ക്കും...!

Sunday, October 26, 2014

പഞ്ചിംഗ്

സ്വപ്നങ്ങളിലേക്ക്
കയറിപ്പോകുന്ന വഴിക്ക്
ഒരു
ഇന്‍ ഔട്ട്‌ മെഷീന്‍
വെക്കണമെന്ന്
പലപ്പോഴും ഞാന്‍
ഓര്‍ക്കാറുണ്ട്.

സ്വപ്നങ്ങളിലേക്കുള്ള
കയറ്റങ്ങള്‍
പുതിയ ഒരു രാജ്യത്തില്‍
തീരെ പരിചയമില്ലാത്ത
ഒരു നഗരത്തില്‍
വാതിലുകളെല്ലാം
മലര്‍ക്കെ തുറന്നിട്ട
ഒരു പടുകൂറ്റന്‍
ഫ്ലാറ്റിനുള്ളിലേക്ക്
തനിയെ
ഉപേക്ഷിക്കപ്പെടുന്ന
പോലെയാവും...

ബോധത്തിനും
അപരിചിതത്വത്തിനും
ഇടയില്‍

ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍

ഒരേപോലെ
പലപോലെ

ഒരേ കാഴ്ചകള്‍
പല കാഴ്ചകള്‍

ഒരേ വഴികള്‍
പല വഴികള്‍

ഒരേ മുഖങ്ങള്‍
പല മുഖങ്ങള്‍

ഭ്രാന്തിനും
മരണത്തിനുമിടയില്‍

ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍.....


പോയവഴി
തിരിച്ചിറങ്ങാത്തതു കൊണ്ടാവണം
ഇന്നുവരെ
മറ്റെല്ലാ സ്വപ്നങ്ങളെയും പോലെ
ആ ഒരു സ്വപ്നവും... !  

Friday, October 24, 2014

ഒരു വെളുത്ത കവിത..

ഒരു വെളുത്ത കവിത..
---------------------

വെളുത്തയീ
കടലാസിലാണ്
എനിക്കിന്ന്
കവിതയെഴുതേണ്ടത്...

വിരലോട് ചേര്‍ത്തു-

പുഴുവരിച്ച തഴമ്പിന്‍റെ
വിരല്‍ തണുപ്പു കൊണ്ട്
മാരിയപ്പന്‍ തൊട്ടു..
മടയാതെ പോയൊരു
കൊട്ടയുടെ പരുപരുപ്പ്
ചത്തു നിന്നു.... !

കാതോടു ചേര്‍ത്തു-

കമ്പ്യന്‍റെ , ചാത്തന്‍റെയും
കുടികളില്‍ നിന്നും
കുഞ്ഞു വിശപ്പിന്‍റെ
ചാകാറായ  ഏങ്ങലുകള്‍
തുളച്ചു പോയി...
ചെമ്പന്‍ ഊതാതെ പോയ
കുഴലീണം ചത്തു നിന്നു...!

മൂക്കോട് ചേര്‍ത്തു-

കപ്പലു കേറിപ്പോയ
ഒരായിരം സുഗന്ധങ്ങള്‍
ഓക്കാനിപ്പിച്ചു നിന്നു...
വേവാതെ പോയ
ചോറിന്റെ മണം
ചത്തു നിന്നു...!

നാക്കോട് ചേര്‍ത്തു-

തീ അധികാരം കാണിച്ച
മാംസരുചിയുടെ പാതിവേവ്
നീറിയെരിഞ്ഞു നിന്നു..
ഒച്ചയില്ലാതെ കരിഞ്ഞ്
കാട് ചത്തു കിടന്നു...!


നെഞ്ചോട്‌ ചേര്‍ത്തു-

കാട്ടുവഴികള്‍ക്കൊപ്പം
നാടിന്‍റെ ടയര്‍ തേച്ചു പോയ
കോയ്മ്മയുടെ മാനം
ഒച്ചയില്ലാതെ മിടിച്ചു...
കരിഞ്ഞ മുളം കുറ്റിയില്‍
തലയടിച്ച മൌനം
കാളന്‍ മൂപ്പനൊപ്പം
ചത്തു കിടന്നു...!

കണ്ണോടു ചേര്‍ത്തു-

എല്ലാം വെളുത്തിരുന്നു
വെളും വെളുത്തിരുന്നു.
ഞാന്‍  ചത്തു കിടന്നു...!

ഒന്നുമെഴുതാതെ
ഞാന്‍ നീക്കിവെക്കുന്നു-

വെളുപ്പ്‌ പുതച്ച
ഈ ചത്ത കവിത..

Monday, October 20, 2014

കേക്ക്....

കേക്ക്...
---------

നിനക്കറിയില്ല -
എങ്ങനെയൊക്കെ
വെന്താണ്
പഞ്ചസാര പുതച്ച്
ഒരു ചെറിപ്പഴം വെച്ച്
നിനക്കെന്നെ
നീട്ടിയതെന്ന്
ഞാന്‍...!

Sunday, October 19, 2014

പൂജ്യന്‍..

പൂജ്യന്‍..എന്‍റെ ആര്യഭട്ടാ....
എത്രയേറെ കിണഞ്ഞ്
നിങ്ങള്‍ കണ്ടെത്തിതിനെ
എത്രയേറെ എളുപ്പത്തിലാണ്
വാരിക്കൂട്ടിയത് ഞാന്‍..!

ഉം..........

ഉം.........
.........................................

മുറിഞ്ഞ
ഉറക്കത്തിന്‍റെ
മൂള ക്കങ്ങളെ
ആട്ടിയകറ്റി നോക്കി..

കൈകള്‍ ചേര്‍ത്തടിച്ച്
കൊല്ലാന്‍ നോക്കി..

ഉണര്‍ത്തല്ലേ എന്ന്
പരാതി പ്രാകി
മറ്റുറക്കങ്ങള്‍
തിരിഞ്ഞു കിടക്കുന്നു...

ചുരുണ്ട ഉറക്കത്തിന്‍റെ
പുതപ്പു വലിച്ചെറിഞ്ഞ്
കയ്യതിരിനുമപ്പുറത്ത്
ഇരുട്ടും മുറിച്ച്
മൂളി മൂളി
പിന്നെയും മൂളി
നില കിട്ടാതലച്ചി ലുകള്‍...

ഉണര്‍ത്തിന്‍റെ
കൊഴുത്ത
ഓരോ തുള്ളി ചോരയും
ചുവരിലടിച്ചു കൊന്ന്
എന്‍റെയുറക്കത്തെയൊന്ന്
പുതച്ചു വെക്കുന്നു
ഞാന്‍...!  

ഒരിക്കല്‍
കണ്ടെടുക്കപ്പെടും-
മടുത്തുറഞ്ഞയീ
പഴഞ്ചുവരും
ചിതറിക്കരിഞ്ഞ
ഭ്രാന്തിന്‍റെ
ഫോസിലുകളും...

അന്നൊരുപക്ഷേ
എന്‍റെയുറക്കങ്ങള്‍
മൂളിമൂളി
പിന്നെയും മൂളി
നിന്‍റെയുറക്കത്തെ
ആട്ടിയകറ്റിയേക്കും..!

Saturday, October 18, 2014

കരയാഴങ്ങള്‍..

കരയാഴങ്ങള്‍..
.............
തിരികെ വേണമെനിക്ക്-
എന്‍റെ ദ്വീപില്‍ നിന്നും
കുടിച്ചു വറ്റിച്ച്
കരകടത്തിക്കൊണ്ടുപോയ
എന്‍റെ കടല്‍..

ആഴങ്ങളില്‍
എന്നെയൊളിച്ചു വെച്ച
പവിഴപ്പുറ്റുകള്‍...

ഉപ്പുമണത്തില്‍
എന്നെയുറക്കി വെച്ച
ചിപ്പികള്‍..

കണ്ണിലെ വെയിലില്‍
എന്നെ മറച്ചു വെച്ച
ചെതുമ്പലുകള്‍...

കൊല്ലാതെയെന്നെ
ശ്വാസം മുട്ടിച്ചു വെച്ച
ചെകിളകള്‍...

തിരികെ വേണമെനിക്ക്
എന്‍റെ കടല്‍..

കടല്‍ച്ചേതത്തില്‍
കപ്പലില്‍ മുങ്ങിയ കടല്‍...

നാവികന്‍റെ ശ്വാസം
കുടിച്ചു മരിച്ച കടല്‍..

ഒരിക്കല്‍,
എന്നിലേക്ക്‌
മരിച്ചു മരിച്ചുമരിച്ച്‌
എന്നെത്തന്നെ കുടിച്ചു വറ്റിച്ച്
കടലാവണമെനിക്ക്...

അന്ന് ദ്വീപാവണം നീ

നിന്‍റെ മാത്രം കരയില്‍
ഒരു കടലുമ്മയിലേക്ക്
എന്നെ ഒളിച്ചു വെക്കണം...

കടല്‍കാണാക്കരമണലില്‍
നമുക്കലിഞ്ഞു പോകണം...

കരയാഴങ്ങളില്‍ 
ചത്തു പൊങ്ങണം...

......

Wednesday, October 8, 2014

ഏതു കാഴ്ചയിലാവണം..??

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ ഏറെയുണ്ട്‌ ...

കവിളിലൊട്ടുന്ന കണ്ണുനീരുപ്പ്..
ഇടയ്ക്കെപ്പോഴോ വന്നു
വന്നു പോവുമ്പോൾ
തൊടിയുടെ അങ്ങേത്തലപ്പത്ത്
ഇടവഴിയിൽ
മറയുന്നോരമ്മനോട്ടം..

കാക്കിനിറമുള്ള കവറിൽ
നെഞ്ചോടമർന്ന മധുരങ്ങൾ ...
വീണ്ടുമിടവഴിയിൽ മറയുന്ന
അച്ഛന്റെ
വെയിൽ തിളങ്ങും തല...

അങ്ങട്ടേതിൽ, ഇങ്ങട്ടേതിലും
പുത്തൻ പീപ്പിവിളികളുടെ
ഉത്സവ നിറം...

തെച്ചിപ്പൂങ്കാട്ടിൽ
മുറുക്കിത്തുപ്പി
പതുങ്ങുന്ന പൂതം...

ഇടവഴിയിൽ
വെള്ളത്ത,ണ്ടിലമുളച്ചി,
തെങ്ങിൻ മുക്കുറ്റിക്കുഞ്ഞുങ്ങൾ,
പരൽ മീനുകൾ, തുമ്പികൾ
കുഴിയാന, മിന്നാമിനുങ്ങുകൾ...

നിലാവിൽ
പാലമരത്തിന്റെ
അത്ഭുത ലോകത്തു നിന്നും
വെളുക്കെച്ചിരിച്ച ആലീസ്,
തിളങ്ങുന്ന നിന്റെ
കുഞ്ഞിക്കണ്ണുകൾ...

തട്ടിൻപുറത്തെ
അമർചിത്ര കഥകൾ...
ലൈഫ്ബോയ് സോപ്പിന്റെ
മണമുള്ളോരുമ്മയിൽ
വിയർത്തു തരിച്ചപ്പോൾ
മരക്കോണിയിറങ്ങിപ്പോയ
കുഞ്ഞിക്കൊലുസ്സുകൾ...

ഉറക്കത്തിൽ
ഇടിവെട്ടിയിറങ്ങിയ
സമവാക്യങ്ങൾ..
അക്ഷരപ്പെരുക്കങ്ങൾ..
ജനലിനപ്പുറം
പൊടിഞ്ഞൊടുങ്ങും  മഴ...

വേട്ടക്കാരനും
സപ്തര്ഷികൾക്കുമൊപ്പം
പേരുപോലുമില്ലാതനേകം
നക്ഷത്രച്ചരലുകൾ....

ഒടുവിലെപ്പോഴോ
ഒരുപാട് ഭംഗിയുണ്ടെന്ന്
പ്രണയം പെയ്യിച്ച
കുളിർനിലാവ്..

'വെച്ച് കണ്ണാടിയിൽ നോക്കണം-
നന്നായിണങ്ങും'
എന്ന് തുമ്മിച്ചിറങ്ങിപ്പോയ
കോമാളിത്തൊപ്പിയിൽ
പറ്റിക്കിടന്ന
പരിഹാസപ്പൊടികൾ...

വെയില് പെയ്യുന്ന വഴികൾ
നിലയില്ലാക്കുതിപ്പുകൾ
ഇടർച്ചകൾ തളർന്നുറക്കങ്ങൾ
കണ്ണുരുട്ടുന്ന വർത്തമാനം ..
കണ്ടു കേട്ട് മടുത്ത ക്ലീഷേകൾ...

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ  ഇനിയുമേറെയുണ്ട്‌ ...

ഇതിൽ..
ഏതു കാഴ്ചയിലാവണം
കണ്ണുകൾ
മറന്നുവെച്ചന്ധനായത്
ഞാൻ...???