ഫാന്‍- മൂന്നു കൈയുള്ള ഒരു പങ്ക.
പലരും പറയുന്നത്-
വേഗ;മെത്രയും വേഗ
മോടിയോടിക്കിതച്ചിട്ടും
തൊട്ടിടാ, നൊന്നെത്തി
ത്തൊട്ടിടാനാവാതെ
തളരുന്നു; വായുവില്‍
വായുവൃത്തം വരയ്ക്കുന്നു
ഒരു ഞെട്ടിലൊന്നായ്
കിളിര്ത്തിലക്കൈയുകള്‍
അവന്‍ പറഞ്ഞത്-
ഏറെ; നേരമേറെ -
യേറെക്കഴിഞ്ഞിട്ടും
അറിയുവാ, നൊന്നടു-
ത്തറിയുവാനാകാതെ
പിടയുന്നു , നമ്മളില്‍
വിഷമവൃത്തം വരയ്ക്കുന്നു
നീ, ഞാന്‍, പിന്നെ
നമ്മിലെ പ്രണയവും..
ഞാന്‍ പറഞ്ഞു വരുന്നത് -
നീറി, യെത്രയോ നീറി-
നീറിപ്പുകഞ്ഞിട്ടും
നീര്ത്തുവാ; നൊരു ചുരുള്‍
നീര്ത്തുവാനാകാതെ
യഴുകുന്നു, വഴികളില്‍
വിഫലവൃത്തം വഴുക്കുന്നു..
ആര് നീ, യാര് ഞാ-
നാരാരു നമ്മള്‍...?
ഫാനിനു പറയുവാനുള്ളത് -
(ആകാശത്തേക്ക്
വേരുകള്‍ വളരാറില്ലെന്നതിനും
തല കീഴെ
ആര്‍ക്കൊക്കെയോ കുളിരാന്‍
ഒരു പാഴ് പൂവ് എന്നതിനും ശേഷം...)
വരിക; നീയൊന്നു
കാതോര്‍ത്തു നില്‍ക്കുക-
വെറുതെ, വെറും വെറുതെയാ-
ണോരോ കറക്കങ്ങളെങ്കിലും
എന്നില്‍ പിടഞ്ഞടങ്ങാതിരിക്ക
നീ വെറുതെയും !
ഒരു ഞെട്ടിലൊന്നായ്
പിറ; ന്നിരുള്‍ക്കൈയുകള്‍
നീ, നിന്റെ ജീവിതം
മരണങ്ങളൊക്കെയും...
No comments:
Post a Comment