ഉറക്കം..!!
ആയിരത്തി രണ്ടാമത്തെ രാത്രി, അവളോട് ചേര്‍ന്ന് കിടന്നു ഷഹരിയാര്‍ ചോദിച്ചു...
" ഷഹറാസാദ്., ഒന്ന് ഉറങ്ങണ്ടേ നിനക്ക്...?"
നിശ്ചലമായ ഒരു നോട്ടത്തില്‍ അവള്‍ എല്ലാം ഒതുക്കി...
അവളുടെ കണ്ണുകളുടെ ആഴം തന്നെ വിഴുങ്ങിയേക്കും എന്ന് ഭയന്ന്
കണ്ണുകള്‍ ഇറുകെയടച്ച് ഷഹരിയാര്‍ തിരിഞ്ഞ് കിടന്നു...
_____________________________
മരുന്ന്..!
എല്ലാവരും വിളിച്ചു പറഞ്ഞു..
"അവളെ അകറ്റൂ.. അവള്‍ക്കു ദംഷ്ട്രകള്‍ വളര്‍ന്നിരിക്കുന്നു..."
ഒരിക്കല്‍ അവന്‍ അവളോട് ചോദിച്ചു..
" നിന്നെ ഞാനൊന്ന് ചുംബിച്ചോട്ടേ...?"
"വേണ്ട.. എന്‍റെ ഈ പല്ലുകള്‍ നിന്നെ മുറിച് ചേക്കും..!" അവള്‍ ഒഴിഞ്ഞു..
" ഈ മുഖം.. ഇതിനി എവിടെയാണ് മുറിയാന്‍ ബാക്കിയുള്ളത്?
എന്‍റെ പെണ്ണേ,
ഈ മൂര്‍ച്ച ... അതിനായിരുന്നില്ലേ ഞാന്‍.........."
നനഞ്ഞ കണ്ണുകളോടെ തന്‍റെ ദംഷ്ട്രകള്‍ അവന്‍റെ മുറിവുകളില്‍ ആഴ്ത്തി അവള്‍
മുറിവുണക്കാന്‍ തുടങ്ങി.......
__________________________________
അധികം...!!
അവസാനം അവളോട് അവന്‍ പറഞ്ഞു...
" ഹൃദയം ഇല്ലാത്തവള്‍..! നമുക്ക് പിരിയാം..."
പിന്നീട് എപ്പോഴോ കടുത്ത നെഞ്ചു വേദന വന്നപ്പോഴാണ്
അവന്‍ അറിഞ്ഞത്, അവന് രണ്ടു ഹൃദയം ഉണ്ടെന്നത്...
തിരഞ്ഞിട്ടും തിരഞ്ഞിട്ടും അവളെ കാണാതെ, അധികം വന്ന ഹൃദയം അവന്‍
എവിടേയ്ക്കോ എറിഞ്ഞു കളഞ്ഞു...
ഒടുവില്‍, വെള്ളം ഒഴിക്കാത്ത രണ്ടു പെഗ്ഗില്‍ നാല് വരി കവിതയും എഴുതി...
_______________________________
സ്വയംഭൂ...!!
വേലിക്ക് അപ്പുറത്തു നിന്നും ഒരു ടോര്‍ച്ചു വെളിച്ചം
എന്നും മേരിയെ വിളിച്ചു കൊണ്ടിരുന്നു...
അങ്ങനെ, മേരിക്കും ദിവ്യ ഗര്‍ഭം ലഭിച്ചു..
പിറന്ന പയ്യന്‍ താന്തോന്നിയായി വളര്‍ന്നു...
മേടകളില്‍ ഇരുന്നവരെ അവന്‍ പുലഭ്യം പറഞ്ഞു..
തന്ത ഇല്ലാത്തവന്‍ എന്ന് എല്ലാരും അവനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു..
ഒരിക്കല്‍, അതേ ടോര്‍ച്ചു വെളിച്ചം അവളെ വീണ്ടും വന്നു വിളിച്ചു..
"മേരീ.."
" ഓ.. എന്‍റെ ജീവിതം സഫലമായി..."
" ത്ഫൂ... പെഴച്ചവള്‍.. !!"
വെളിച്ചം, വേലി കടന്നു അകന്നു മറഞ്ഞു...
No comments:
Post a Comment