ഞാന്‍ കടല്‍ കണ്ടത്....
_________________
ഉണരുന്നതിനു മുന്‍പ് കണ്ട
സ്വപ്നത്തില്‍
എതോ ഒരു മരം..
മഞ്ഞു വീഴുന്നൊരു കുന്ന്..
അതിനുമപ്പുറം
നിറമേതെന്നറിയാത്ത പൂക്കള്‍ നിറഞ്ഞ
പൂന്തോട്ടം..
അതിനുമപ്പുറത്താവണം കടല്‍..!
പുസ്തകങ്ങള്‍ പറഞ്ഞു തന്നതാണ്
കടല്‍ നീലയാണെന്നും
ഉപ്പു ചുവയ്ക്കുമെന്നും..!
ജനാലയിലൂടെ കൈ ചൂണ്ടി
അമ്മ പറഞ്ഞു തന്നത്
കടലങ്ങു ദൂരെയാണെന്ന്...
ഞരമ്പുകളില്‍
സൂചി കുത്തിയിറക്കുമ്പോള്‍
വൈകുന്നേരങ്ങളില്‍
കടലുമാകാശവും
ചുവക്കുമെന്നു പറഞ്ഞു തന്നത്
വെളുത്ത ഒരു ചേച്ചി..
മരവിച്ച വാര്‍ഡുകളില്‍
തനിച്ചു നടക്കുമ്പോള്‍
പരിചയമില്ലാത്ത ആരോ പറഞ്ഞതാണ്
കടലിനുള്ളില്‍ കൊടിയ ചൂടാണെന്ന്..!
വല്ലപ്പോഴും വരുന്ന
കൂട്ടുകാരന്‍റെ എഴുത്തിലുണ്ടായിരുന്നു
കടലിന്‍റെ അടിത്തട്ടില്‍
പവിഴപ്പുറ്റുകള്‍ വളരാറുന്ടെന്നത്-
നിറയെ മീനുണ്ടെന്നും..!
രാത്രികള്‍ പോലെ
ഒരുപാടാഴമുണ്ട് കടലിനെന്ന്
ആരാണ് പറഞ്ഞു തന്നത്..?
എപ്പോഴോ,
പാതി മുറിഞ്ഞൊരു സ്വപ്നത്തിനിടയില്‍
നിറഞ്ഞ കണ്ണോടെ
അമ്മയെന്നെ പൊതിഞ്ഞുറക്കി..
അന്നാണ് കണ്ടത്,
കടല്‍..
No comments:
Post a Comment