സ്വപ്നങ്ങളിലേക്ക്
കയറിപ്പോകുന്ന വഴിക്ക്
ഒരു
ഇന്‍ ഔട്ട് മെഷീന്‍
വെക്കണമെന്ന്
പലപ്പോഴും ഞാന്‍
ഓര്‍ക്കാറുണ്ട്.
സ്വപ്നങ്ങളിലേക്കുള്ള
കയറ്റങ്ങള്‍
പുതിയ ഒരു രാജ്യത്തില്‍
തീരെ പരിചയമില്ലാത്ത
ഒരു നഗരത്തില്‍
വാതിലുകളെല്ലാം
മലര്‍ക്കെ തുറന്നിട്ട
ഒരു പടുകൂറ്റന്‍
ഫ്ലാറ്റിനുള്ളിലേക്ക്
തനിയെ
ഉപേക്ഷിക്കപ്പെടുന്ന
പോലെയാവും...
ബോധത്തിനും
അപരിചിതത്വത്തിനും
ഇടയില്‍
ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍
ഒരേപോലെ
പലപോലെ
ഒരേ കാഴ്ചകള്‍
പല കാഴ്ചകള്‍
ഒരേ വഴികള്‍
പല വഴികള്‍
ഒരേ മുഖങ്ങള്‍
പല മുഖങ്ങള്‍
ഭ്രാന്തിനും
മരണത്തിനുമിടയില്‍
ഓടിയാലും നീങ്ങാതെ
എടുത്തെറിയപ്പെടലുകള്‍.....
പോയവഴി
തിരിച്ചിറങ്ങാത്തതു കൊണ്ടാവണം
ഇന്നുവരെ
മറ്റെല്ലാ സ്വപ്നങ്ങളെയും പോലെ
ആ ഒരു സ്വപ്നവും... !
" എന്തെങ്കിലും ചെയ്യൂ സര്‍ .. ഇതെന്തൊരു പരീക്ഷണമാണ്... എനിക്കാകെ വട്ടു പിടിക്കുന്നു...."
"ഞാന്‍ ശ്രമിക്കുന്നുണ്ട്, എന്റെ പരമാവധി.. പക്ഷെ, ഇതു ഇത്രയേറെ ബാധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും... "
" പ്ലീസ് അങ്ങനെ പറയരുത്.. എന്റെ എല്ലാമെല്ലാമാണ് ... എന്റെ ജീവിതം .."
"പറഞ്ഞല്ലോ സര്‍, ഞാനെന്റെ പരമാവധി ശ്രമിക്കാം.."
"എനിക്കൊരു ജോലി കിട്ടിയപ്പോള്‍ ആദ്യമായി അച്ഛന്‍ പറഞ്ഞത്... നന്നായി വാ എന്ന്... എത്ര കാലായെടാ ഒന്നു നാട്ടില്‍ വന്നിട്ട്, നീ അവളേം കൊച്ചുങ്ങളേം കൂട്ടി ഒന്നു വന്നു കണ്ടിട്ട് പോടാ .. ഇനി എത്രകാലം കാണുമെന്നു അറിയില്ല എന്ന് അമ്മയുടെ വിറച്ച ശബ്ദം.. ഓരോ അക്ഷരത്തിലും പ്രണയം നിറച്ച ഗൌരി.. മുറിവുണങ്ങാത്ത പൊക്കിള്‍ക്കൊടിയുമായി വലിയ വായില്‍ കരഞ്ഞ സീതക്കുട്ടി.. അവളുടെ പിച്ച വെക്കല്‍.. കൊഞ്ചലുകള്‍... തപ്പിത്തടഞ്ഞു ആദ്യമായി പാടി കേള്‍പ്പിച്ച പാട്ട് .. കഴിഞ്ഞ പ്രാവശ്യം ഹോസ്റ്റലില്‍ വിട്ടു വരുമ്പോള്‍ നിറഞ്ഞ അവളുടെ കണ്ണ്... എനിക്ക് ഭ്രാന്തു പിടിക്കുന്നു സര്‍... എനിക്കൊന്നു മോളെയോ ഗൌരിയെയോ അമ്മയെയോ വിളിക്കണം... നെഞ്ച് നീറുന്നു..."
"അതിനെന്താ സര്‍, വിളിച്ചോളൂ.. "
"പക്ഷെ.. നമ്പര്‍.. ഗൌരിയുടെത് 988 .. ബാക്കി ഓര്മ്മ വരുന്നില്ല... മോളുടെത് 943 യില്‍ ആണെന്ന് തോന്നുന്നു തുടക്കം... വീട്ടിലെ നമ്പര്‍ പണ്ടു കണക്ഷന്‍ കിട്ടിയ കാലത്ത് 475 ആയിരുന്നു... ഇപ്പൊ ഏഴ് അക്കങ്ങളുണ്ട്.. തുടങ്ങുന്നത് രണ്ടില്‍ ആണെന്ന് തോന്നുന്നു... ഒന്നും... ഒന്നും അങ്ങോട്ട് ഓര്മ്മ കിട്ടുന്നില്ല... എനിക്കെന്തെങ്കിലും കുഴപ്പം..?"
"ജസ്റ്റ് റിലാക്സ് സര്‍.. ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ്.."
"ഓക്കേ ഓക്കേ .. പക്ഷെ ഒരു പറ്റില്ല എന്ന ഉത്തരം കേള്‍ക്കാന്‍ ഞാന്‍ അശക്തന്‍ ആണ്... ങാ.. എന്റെ ബാഗില്‍ ഒരു പഴയ ഡയറി ഉണ്ട്.. അതില്‍ കുറിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു ... ഓ ഇല്ല... അതാണ് അന്നൊരിക്കല്‍ വെറും സ്ഥലം മുടക്കി എന്ന് പറഞ്ഞു ഗൌരി ഗാര്‍ബേജ് ബിന്നില്‍ കളഞ്ഞത്.... പ്ലീസ് നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും... പ്ലീസ്... "
"ഒരു രക്ഷയുമില്ല സര്‍.. ഏറെ പഴകിപ്പോയിരിക്കുന്നു... ശരിയാകും എന്ന് തോന്നുന്നില്ല... "
"നോ... ഞാന്‍ എന്ത് വേണമെങ്കിലും തരാം.. പക്ഷെ എന്റെ ഓര്‍മ്മകള്‍.. ജീവിതം.. "
"ഇങ്ങനെ ഒരുപാടു പിശുക്കണോ സര്‍.. ഇത്രയും എനര്‍ജി കളയുന്ന സമയം കൊണ്ടു പുതിയൊരു ഹാന്‍ഡ് സെറ്റ് വാങ്ങിക്കൂടെ? ഇതു മൊത്തം വൈറസാണ്.. ഒരു ഡാറ്റയും കിട്ടും എന്ന് തോന്നുന്നില്ല.. തൂക്കി വലിച്ചു ഗാര്ബെജില്‍ ഇടാം.. അതാ നല്ലത്... ഹ..ഹ.."
"എന്നാല്‍.. എന്നാല്‍ എന്നെയും കൂടെ ആ ഗാര്ബെജില്‍..................."
തിരക്കുകള്‍.., വലിയ വലിയ രക്ഷപ്പെടലുകളാണ്.... പിന്‍ തുടര്‍നെത്തുന്ന നിഴലുകളില്‍ നിന്നും കണ്ണുകള്‍ ഇറുകെയടച്ചു ഒരൊളിച്ചോട്ടം.... ഒരുപക്ഷെ , ഓര്‍ത്തെടുക്കാനാവാത്ത ഏതോ അവ്യക്ത ഭീകര സ്വപ്നം പോലെ , എങ്ങെങ്ങും എത്താത്ത കിതച്ച ഓട്ടങ്ങള്‍ .....
നിനക്ക് എങ്ങനെയാവുമെന്നു എനിക്കറിയില്ല..... എന്നെ , ഏകാന്തത ഭയപ്പെടുത്തുന്നത് പോലെ , ഒന്നും .... മറ്റൊന്നും ഭയപ്പെടുത്തുന്നില്ല ...
(ഒരു പക്ഷെ , പരിചയങ്ങളില്‍ നിന്നും വിദഗ്ദമായി വഴുകി ഒഴുകുന്നത് പോലെ ..) ഏകാന്തതയാണ് എനിക്കിഷ്ടമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ ..., സുഹൃത്തേ , നിങ്ങള്‍ ഒരിക്കലും... ഒരിക്കല്‍ പോലും അതിനെ അറിഞ്ഞിട്ടില്ല എന്ന് ഞാന്‍ പറയും....
നോക്കൂ.... അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ നിങ്ങള്‍ അതിനെ വെറുത്തു തുടങ്ങും....
സത്യത്തില്‍ , നമുക്കു അറിയാത്തതിനെയല്ലേ , നാം സ്നേഹിക്കുന്നത് ..? അറിഞ്ഞറിഞ്ഞ് വരുമ്പോള്‍ പലതും നമുക്ക് ഭയങ്ങള്‍ ആവും അവശേഷിപ്പിക്കുക......
ആരാണ് ഭയന്ന് മാത്രം ഇരിക്കാന്‍ ഇഷ്ടപ്പെടുക......???
എകാന്തതയിലാണ് ചിന്തകള്‍ ജന്മമെടുക്കുന്നത്.. ഒരു വലിയ മരത്തിലൂടെ ഉറുമ്പ് സഞ്ചരിക്കുന്ന പോലെയാണ് ചിന്തകള്‍.. തായ് വേരില്‍ നിന്നും തുടങ്ങി തടിയിലൂടെ ഇഴഞ്ഞിഴഞ്ഞ്... പിന്നീട് ശാഖകളിലൂടെ ചില്ലകളിലേക്ക്... അവിടെ നിന്നും ഇല തുമ്പുകളിലേക്ക്.... അവിടെ യാത്ര അവസാനിക്കുമ്പോള്‍ തിരികെ വീണ്ടും മറ്റൊരു ചില്ല, ഇല, ശാഖ, അങ്ങനെയങ്ങനെ... ഒടുവില്‍ മെഗലന്‍ ഭൂമി ചുറ്റി വന്ന പോലെ തായ് വേരില്‍ തന്നെ ഒടുക്കം... വീണ്ടും ഉന്മാദത്തിന്റെ വേലിയേറ്റം... നിങ്ങള്‍ തന്നെ പറയുക.. എങ്ങനെയാണ് ഭ്രാന്തു പിടിക്കാതിരിക്കുക.....!!!!