Monday, August 17, 2009

കൂരായണം..



പാലത്തിന്‍റെ ഒരറ്റത്ത് എപ്പോഴും അവന്‍ ഉണ്ടായിരുന്നു..

ആരൊക്കെയോ വന്നു ചോദിച്ചു-


"ഒന്നെന്നെ അക്കരെ കടത്തി തരാമോ? "

കാല് തെന്നാതെ, ഉടല്‍ വിറയ്ക്കാതെ

അവരെയവന്‍ അക്കരെയെത്തിച്ചു...


ഒരിക്കല്‍ എപ്പോഴോ അവന്റെ മേലെ

വെയില്‍ വെന്തപ്പോള്‍,

താഴെ പുഴ തിളച്ചപ്പോള്‍

അവന്‍ ആര്‍ത്തു വിളിച്ചു...


"ആരെങ്കിലും എന്നെയൊന്ന് അക്കരെ എത്തിക്കാമോ..? "


അക്കരെ, പലരും കേട്ടില്ല.. ചിലര്‍ കേട്ടോ എന്നറിഞ്ഞില്ല..

എങ്കിലും ആരൊക്കെയോ വിളിച്ചു പറഞ്ഞു-


" ക്ഷമിക്കൂ സുഹൃത്തെ... ഒരിക്കല്‍ക്കൂടെ അക്കരെപ്പോരുവാന്‍

പേടിയാണ് ഞങ്ങള്ക്ക്... !!!"
________________

Tuesday, August 4, 2009

ഫ്ലഷ്...






ഒരു ഞെക്കില്‍


എല്ലാം അവസാനിക്കുന്ന


പുഷ് ബട്ടന്‍ ഫ്ലഷിനെ കുറിച്ചു


എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്


നീ തന്നെ..




പിളര്‍ന്ന ഭൂമിക്കും


അടര്‍ന്നു വീണ ആകാശത്തിനും


ഇടയില്‍


തനിച്ചാകുമ്പോള്‍


ഞാനൊന്ന്


പൊട്ടിക്കരയട്ടെ..




കണ്ണുകളെപ്പോലും


ഓക്കാനിപ്പിക്കുന്ന


പിന്‍ വഴികളെ


ഒരു വെള്ളച്ചിരിയുടെ


പിന്നാമ്പുറങ്ങളിലേക്ക്


അതെന്നെയും ചേര്‍ത്ത്


ചുഴറ്റിയൊഴുക്കി


വലിച്ചു കൊണ്ടു പോകട്ടെ..!




എങ്കിലും ചിരി


ഒരു ഡിലീറ്റ്‌ ബട്ടന്‍


ആണോ..?

Monday, August 3, 2009

പരസ്പരം..



അങ്ങനെ

അന്യോന്യം

കുടിച്ചു വറ്റിച്ചു വറ്റിച്ച്


ഒഴിഞ്ഞെന്ന്
ഉറയ്ക്കുമ്പോഴും

മുറിയാതെ നിറയുന്ന

കടലാണിത്..


തുടങ്ങും മുന്പേ

ഒടുങ്ങിപ്പോകുന്ന

ഒരു തുമ്മല്‍ പോലെ

ചിലപ്പോള്‍ പൊട്ടാറായ

ഒരു കുരു പോലെ

പറയാന്‍ പറ്റാത്ത

ഒരു വാക്ക്


മറ്റു ചിലപ്പോള്‍

രതി മൂര്‍ ഛയെ

ഒരു വര കൊണ്ടു

പറഞ്ഞു തീര്‍ക്കുന്ന

വങ്കത്തം..


എനിക്കും നിനക്കുമിടയില്‍

പിടഞ്ഞ വാക്ക്

അത് തന്നെ ആവണം..


______

Saturday, July 11, 2009

(ചീ) വീട് ...


(ചീ) വീട് ...


പകല്‍, തിരക്കിട്ടൊ-
രൊച്ചപ്പെരുക്കത്തില്‍
ഇല്ലാത്തിരക്കും ചവച്ചിരിക്കുമ്പോള്‍
എങ്ങേയുറങ്ങുന്നു ചീവീട്...?

ആടിപ്പൊലിപ്പിച്ച
ചമയങ്ങളൊക്കെയും
രാവിന്റെ കണ്ണില്‍
കുടഞ്ഞിരിക്കുമ്പോള്‍
ഏതേതു കണ്ണാടിക്കണ്ണിലായ്‌
ചീവീടു കേഴുന്നു.. !

വഴി കുഴ; ഞ്ഞോര്‍മ്മ-
യലച്ചു പെയ്യുമ്പോള്‍
ഇരവുറഞ്ഞേതു
വിടവിലൂടെന്നെ
ചീവീടുണര്‍ത്തുന്നു...?!


ആഴുന്നയോരോ
ചുഴിക്കറക്കത്തിലും
ബോധം തുളച്ചല-
ച്ചെന്നില്‍ നിന്നെന്നെ
ഏതു ചീവീടേ
മടക്കം വിളിക്കുന്നു...!!!

______________


Thursday, July 9, 2009

കണ്ണാടി നോക്കുന്നതിനു മുന്‍പ്...


കണ്ണാടി നോക്കുന്നതിനു മുന്‍പ്...

വൃത്തിയായി
മുഖം കഴുകുക.

കണ്‍കോണില്‍ കുമിഞ്ഞ
പുഴുത്ത കാഴ്ചപ്പീള
വിരല്‍ത്തുമ്പു കൊണ്ട്
തോണ്ടിയെടുക്കുക...

(
ഒരിക്കല്‍പ്പോലും
വിരല്‍ത്തുമ്പിലെ
വിചിത്ര ഗന്ധങ്ങള്‍
അറിയാതിരിക്കാന്‍
ശ്രമിക്കുക.!)

ശ്വസിച്ചുപോയ
സത്യങ്ങള്‍യെല്ലാം
നാലല്ല, നാനൂറല്ല
നാലായിരം തവണ
തുമ്മി തെറിപ്പിക്കുക...

കേട്ടുപോയ
ശബ്ദങ്ങളെയെല്ലാം തന്നെ
ചെറുവിരല്‍ കൊണ്ട് വകഞ്ഞ്
ഒരഴുക്ക് തുണിയിലേക്ക്
തുടച്ചെറിയുക...


മുള്‍ക്കൊമ്പുകളുടെ മുനമ്പും
രോമക്കാതുകളുടെ കൂര്‍പ്പും
മുടിയിഴകള്‍ക്കിടയിലേക്ക്
കോതിയൊതുക്കുക

കവിളില്‍ നിന്നും
കഴുത്തിലേക്കിറങ്ങുന്ന
ചോരക്കറ
നഖമുന കൊണ്ട്
മെല്ലെ ചുരണ്ടി മാറ്റുക...

ഒതുങ്ങിയ ഒരു ചിരി കൊണ്ട്
ചുണ്ടുകള്‍ക്ക് പിന്നിലെ
തിളങ്ങുന്ന മൂര്‍ച്ച
ഒളിച്ചു വെക്കുക...

വെള്ളം കോരിയൊഴിച്ച്
കണ്ണ് തണുപ്പിച്ച്
പതിയെ...

(മുഖംമൂടികള്‍ക്ക്
ഉടവ് തട്ടാതെ,
ചുളിയാതെ, അഴുക്കാവാതെ
പതിയെ... പതിയെ...)


_____________





Monday, July 6, 2009

വിക്രമം (വക്രം...!!)


വിക്രമം (വക്രം...!!)


നൂറ്റാണ്ടുകള്‍ക്കു ശേഷം
വെറുതെ മണ്ണ് മാന്തിയപ്പോള്‍
അവന് കിട്ടിയത്
എന്റെ ഇരിപ്പിടം...

കേവലം കൌതുകം കൊണ്ടവന്‍
ഒന്നാം പടിയില്‍ കാല് വെച്ചു.

ഒന്നാം പടിയില്‍ ഒന്നാം നോക്കുകുത്തി .
"നില്‍ക്കൂ..
അവനൊരു പഠിച്ച കള്ളനായിരുന്നു.
പറഞ്ഞിട്ടുണ്ടോ നിങ്ങള്‍
കണ്ണ് പൊള്ളുമ്പോള്‍ അവനോളം
കള്ളങ്ങള്‍...?"

രണ്ടാം പടിയില്‍ രണ്ടാം നോക്കുകുത്തി.
"അവനൊരു മഹേന്ദ്രജാലക്കാരന്‍.
കഞ്ചുകങ്ങള്‍ക്കും തിരശീലകള്‍ക്കും
മുഖംമൂടികള്‍ക്കും പിന്നിലിരുന്ന്
വാ തോരാതെയവാന്‍ വാചകമടിക്കുമായിരുന്നു.."

മൂന്നാം പടിയില്‍ മൂന്നാം നോക്കുകുത്തി.
"അവന് മുഴുത്ത ഭ്രാന്തായിരുന്നു..
അര്‍ത്ഥശൂന്യതയില്‍ ഇരുള് കുമിഞ്ഞ ദ്വാരങ്ങളെ
പ്രണയം കൊണ്ടാണ് അവന്‍ അടച്ചു വെച്ചത്.."

നാലാം പടിയില്‍ നാലാം നോക്കുകുത്തി.
"അവനൊരു ഭീരുവായിരുന്നു..
ഉറക്കം മുറിയുമ്പോള്‍
നിലാവില്‍ ഇരുട്ടിന്റെ പല്ലുകണ്ട്
അവന്‍ അലമുറയിടുമായിരുന്നു.."

അഞ്ചാം പടിയില്‍ അഞ്ചാം നോക്കുകുത്തി.
" അവന് ജീവിക്കാന്‍ അറിയില്ലായിരുന്നു..
ഒറ്റയ്കാവുമ്പോള്‍ നക്ഷത്രങ്ങളോടും കാറ്റിനോടും
സംസാരിക്കുമായിരുന്നു.
വല്ലപ്പോഴും വിഡ്ഢിക്കവിതകള്‍ എഴുതി.."

ആറാം പടിയില്‍ ആറാം നോക്കുകുത്തി..
"ഹൃദയമില്ലായിരുന്നുവെങ്കിലും
ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ടവന്..
തനിക്ക് വേണ്ടി കരയാന്‍ മറന്നു പോയവന്‍.."

ഏഴാം പടിയില്‍ ഏഴാം നോക്കുകുത്തി.
" കളികളില്‍ പിറകിലായവന്‍..
പന്തുകളെ എങ്ങനെ വലയിലാക്കാംഎന്നു
പഠിക്കാതെ പോയവന്‍.."

എട്ടാം പടിയില്‍ എട്ടാം നോക്കുകുത്തി.
" പിഴച്ചവന്‍ ആയിരുന്നു,
ഒരു പെണ്ണിനെപ്പോലും പിഴപ്പിക്കാത്തവന്‍.."

ഒമ്പതാം പടിയില്‍ ഒമ്പതാം നോക്കുകുത്തി..
" നല്ല നടനായിരുന്നു അവന്‍.
കരഞ്ഞെരിഞ്ഞപ്പോഴും വെളുക്കെ ചിരിച്ചവന്‍.."

പത്താം പടിയില്‍ പത്താം നോക്കുകുത്തി.
"മരമണ്ടനായിരുന്നു അവന്‍..
വിലാസമില്ലാതിരുന്നിട്ടും
എന്നെങ്കിലും മറുപടികള്‍ തേടി വന്നേക്കുമെന്ന്
പിറുപിറുത്തവന്‍..."


പതിനൊന്നാം പടിയില്‍ പതിനൊന്നാം നോക്കുകുത്തി.
"കണ്ണാടികളില്‍ നിന്നും കണ്ണുകളിലേക്കു
കൂടുവിട്ടു കൂട് മാറിയവന്‍,
ചിലപ്പോള്‍ വേതാളമായി സ്വന്തം കഴുത്തില്‍
ചാഞ്ഞു കിടന്നവന്‍..."

പന്ത്രണ്ടാം പടിയില്‍ പന്ത്രണ്ടാം നോക്കുകുത്തി.
" ഒരു കുമ്പിളില്‍ അവള്‍ കടല് നീട്ടിയപ്പോള്‍
മറുവാക്കുരയ്ക്കാന്‍ മറന്ന പേശാമടന്തന്‍...
തത്തകള്‍ക്കൊപ്പം പറന്ന് തിരിച്ചു വന്നപ്പോഴേയ്ക്കും
ഊരും നഷ്ടപ്പെട്ടവന്‍.. "

പതിമൂന്നാം പടിയില്‍ പതിമൂന്നാം നോക്കുകുത്തി.
" വലിയൊരു കോമാളിയായിരുന്നു അവന്‍..
നീളന്‍ തൊപ്പിയില്‍ നക്ഷത്രങ്ങളെ കോരിയെടുത്തു
മറുവശത്തൂതി പ്പറപ്പിച്ച് മിന്നാമിനുങ്ങുകളെ ഉണ്ടാക്കിയവന്‍..
ഹൃദയം ഊതി വീര്‍പ്പിച്ചു ബലൂണ്‍ ഉണ്ടാക്കിയവന്‍
തലകീഴെ നിന്നു കാണികളെ ചിരിപ്പിച്ചവന്‍..

പറയൂ..
ഈ ഇരിപ്പിടത്തിനു യോഗ്യനാണോ നിങ്ങള്‍..?"

_________________


പിന്‍കുറിപ്പ്..

ഇരിപ്പിടം കൊതിച്ചു പിന്തുടര്‍ന്ന് വന്നവരെ,
വെറുതെ തന്നാലും വേണ്ടായെന്നു
യാത്ര പൂര്‍ത്തിയാക്കാതെ ഒരാശ്വാസത്തിലേക്ക്
നിങ്ങളും പടിയിറങ്ങിക്കൊള്ളൂക..
ഇതി വക്ര ചരിതം സമാപ്തം... !!

___________________

Saturday, June 6, 2009

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...



സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________