Friday, July 9, 2010


കത്രികകള്‍ .....?!!!!



ഛിന്നഭിന്നമാക്കപ്പെട്ട
ഒരു
ചിത്രം...

അവകാശം
പറയാന്‍
ആരുമില്ലാത്ത
ഒരു ഓര്‍മ്മ.....

എന്തിന്
എന്നെ മുറിച്ചത് എന്ന്
നീ പോലും ചോദിച്ചതെയില്ല

മുറിഞ്ഞത് ഞാന്‍...
മുറിച്ചു കളഞ്ഞത് നീ...

അത് എന്‍റെ
സത്യം...

നിനക്കു മറ്റൊന്നാവാം...
പക്ഷെ..
തിരികെ
ഒട്ടിച്ചു വെക്കുന്നത്
നീയോ,
അതോ.....

കത്രികകള്‍
അവയ്ക്ക് വേണ്ടത് ചെയ്യുന്നു...

ചിതറിച്ച
ചിത്രങ്ങള്‍ക്ക്
നിന്‍റെ ഉത്തരം
...???

എനിക്ക് അറിയണം എന്നില്ല....

കത്രികകള്‍
ഒരിക്കലും
ഒരുത്തരം
തരാന്‍
നിര്‍ബന്ധിക്കപ്പെടുന്നില്ല....
അല്ലേ....??

ഒരിക്കലും
തരാതിരിക്കട്ടെ...
ഒരിക്കലും...

എന്‍റെ
പ്രണയം
എന്നോട് കൂടെ
മുറിഞ്ഞു മുറിഞ്ഞു
കത്രികകള്‍ക്ക്
അവസാനത്തെ
ഉത്തരമാകട്ടെ....

നിന്‍റെ
ഒടുക്കത്തെ
പ്രണയത്തെ
അത്
ചാമ്പലാക്കട്ടെ...

എന്നോടൊപ്പം....

എങ്കിലും..
എവിടെയോ
ഉത്തരം കിട്ടാതെ
ഞാന്‍ അലയുന്നുണ്ടാവാം...

നീയും....

എന്‍റെ
അനായാസമായ ഒരു
മരണമെങ്കിലും
എല്ലാത്തിനും
അവസാനത്തെ
ഉത്തരമാകട്ടെ...


ഒടുവില്‍...
എന്നോടൊപ്പം
അതും
ഉത്തരമില്ലാത്ത
ഒരു വെറും
ചോദ്യമായി
എന്നെപ്പോലെ
ഞാന്‍ മാത്രമായി
എല്ലാരാലും
ചുമ്മാ
വെറുത്തു പോകപ്പെടട്ടെ....

ഒരു തെറ്റ് പോലും
കത്രികകള്‍ക്ക്
മുറിച്ചു മാറ്റാന്‍
കഴിയാതിരിക്കട്ടെ...

എന്നോടൊപ്പം
എല്ലാ
കത്രികകളും
കുഴിച്ചു മൂടപ്പെടട്ടെ....
എന്നെന്നേക്കുമായി....

എന്തേ....?
എനിക്ക് മാത്രം
ആശിക്കാന്‍ പാടില്ലേ....?

മരണം
ഉത്തരമാണെന്നു
വിശ്വസിക്കാന്‍
പറ്റുന്നില്ലെങ്കിലും

എനിക്കും
എന്തെങ്കിലുമൊക്കെ വിശ്വസിച്ചല്ലേ
പറ്റൂ....

വെറുതെ,
ഞാനും
എപ്പോഴെങ്കിലും ജീവിക്കാന്‍
പൊരുതിയിരുന്നു എന്നെങ്കിലും
എനിക്കെങ്കിലും ഒന്നു വിശ്വസിക്കാന്‍.....

ഇനി
ഒരു കത്രികയ്ക്കു പോലും മുറിച്ചു തള്ളാന്‍ മാത്രം
അവശേഷിക്കുന്നില്ല ഞാന്‍ ....

സമ്മതിക്കുകയുമില്ല ...
നിനക്കു ശ്രമിക്കാം...

കത്രികകള്‍
അവയുടെതു മാത്രമായ
നിയമങ്ങളില്‍
പിഴച്ചു
പോകട്ടെ....

ഞാന്‍
എന്‍റെ
മാത്രം
നിഴലിലും.....

അങ്ങനെ അങ്ങനെയങ്ങനെ.............

Sunday, June 27, 2010

ഫെയര്‍വെല്‍


മാര്‍ച്ച്



തല വലിക്കാം നമുക്കൊരു
കൂട്ടിലേക്ക്..
അതിനുമുള്ളിലെ
മറ്റൊരു കൂട്ടിലേക്ക്...
അതിനും ഉള്ളിനുമുള്ളിലെ
കൂടിനും കൂടിനും
ഉള്ളിലേക്ക്.. ..

ഏപ്രില്‍

കാത്തിരിക്കുന്നൂ
ചൂടില്ലാചൂടിനു മേലൊരു
വിഡ്ഢിച്ചിരിയാല്‍....

(നമ്മളോ....??
നീയേതു...?
അറിയില്ലെനിക്ക്‌ ഞാന്‍ മാത്രം...)

Tuesday, June 1, 2010

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!!




തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
ആഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!

Wednesday, December 2, 2009

കഥാകാരി ഷഹറാസാദിന്, സ്നേഹപൂര്‍വ്വം കടല്‍ക്കിഴവന്‍...

ഷഹറാസാദ്,

എന്റെ തലയില്‍ നിന്നും ഇപ്പോഴും ചോര ഒലിച്ചു കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതിനെക്കാളും വലിയ വേദനയല്ലല്ലോ ഒന്നും. നിങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല. അതെ, ലോകം മുഴുവനും പറഞ്ഞു വെക്കുന്നത് എന്നും നായകന്മാരുടെ കഥകള്‍ മാത്രമാണല്ലോ. പ്രത്യേകിച്ചും നിങ്ങളുടെ ജീവന് പോലും ഒരു വാള്‍ത്തുമ്പിന്റെ സൌജന്യത്തില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അധികാരഹുങ്കിന് മുന്‍പില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നായകരെ കുറിച്ച് മാത്രം പറയേണ്ടി വരും.

സിന്ബാദ്‌ ഇപ്പോള്‍ എന്റെ കണ്ണതിരില്‍ നിന്നും ഒരു പൊട്ടു പോലെ മറഞ്ഞു കൊണ്ടിരിക്കുന്നു. മരണം തലച്ചോറിനുള്ളിലേക്ക് അരിച്ചിറങ്ങി വരുന്നത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ട്. അവന്‍ ഒഴിച്ച് തന്ന വീഞ്ഞിന്റെ ലഹരിയെല്ലാം എങ്ങോ പോയിരിക്കുന്നു..

ഏകാന്തത എന്നത് ആരെയെങ്കിലും ഭ്രാന്തു പിടിപ്പിക്കും എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ മുഴു ഭ്രാന്തന്‍ എന്ന് തന്നെ വിളിക്കാം. നിങ്ങള്‍ക്കറിയുമോ ഷഹറാസാദ്, തിരകളോട്, വെളുത്തു പരന്ന മണലിനോട് പനകളോട് പേരറിയാത്ത ചെടികളോട് മത്സ്യങ്ങളോട് കാറ്റിനോട് വെയിലിനോട് രാത്രി നക്ഷത്രങ്ങളോട് ഞാന്‍ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന്... എത്ര ദിവസങ്ങള്‍ , മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നറിയാതെ എന്നെങ്കിലും ഒരിക്കല്‍ ആരെങ്കിലും വരുമെന്നോര്‍ത്ത് ദൂരെ ഒരു കപ്പലിന്റെ തലപ്പെങ്കിലും കാണും എന്നോര്‍ത്ത് ഭ്രാന്തനെ പോലെ ഞാന്‍ അലഞ്ഞിട്ടുണ്ട് ഇവിടെ. വെറുതെ കടലിന്റെ അറ്റം വരുമെന്നോര്‍ത്ത് നീന്തി പോയിട്ടുണ്ട്...

ജീവിതത്തിനോട് എനിക്കെന്തു പ്രണയമായിരുന്നു എന്ന് നിങ്ങളെക്കാള്‍ നന്നായി കടലിനറിയാം... എത്രയെത്ര പ്രണയ ലേഖനങ്ങള്‍ നക്കിയെടുത്ത് പോയിരിക്കുന്നു കടല്‍... ഭ്രാന്തന്‍....!

എല്ലാം മാറുകയായിരുന്നു.. കപ്പല്‍ ചേതങ്ങള്‍ക്ക് നല്ലതും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ അറിഞ്ഞ ദിവസം. പെട്ടെന്ന് അവന്‍ മുന്‍പില്‍ വന്നു പെട്ടപ്പോള്‍ പേടി ആയിരുന്നു എനിക്ക്. ഉണങ്ങിയ ഈന്തപ്പന പോലെ പരുത്തു പോയ എന്നെ അവന്‍ അങ്ങനെ അംഗീകരിക്കും എന്ന പേടി. അവന്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എനിക്ക് വായിക്കാമായിരുന്നു അവന്റെ മുഖത്ത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് കപ്പലും കടലും അതിരില്ലാത്ത യാത്രകളും ഭ്രാന്തു പിടിപ്പിച്ച എന്റെ തന്നെ മുഖം. പേരു ചോദിച്ചപ്പോള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞത്...'സിന്ബാദ്', അവന്റെ തിളങ്ങുന്ന കണ്ണുകളില്‍ എന്റെ പേടിപ്പെടുത്തുന്ന രൂപത്തെ ഞാന്‍ വായിച്ചു.

മടിയിലേക്കെടുത്തു കിടത്തി വരണ്ട വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുമ്പോള്‍ അറിഞ്ഞ ചൂട്...
സിന്ബാദ്‌ എന്ന് ചെവിയോടു ചേര്‍ത്ത് വിളിച്ചപ്പോള്‍ വിരല്‍ത്തുമ്പുകള്‍ വിറച്ചത്.. ഏറെ പരുപരുത്ത്‌ പോയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കിലും അറിയാതെ തിരിച്ചറിയപ്പെടുന്നത് പോലെ..

എനിക്കെല്ലാം വിളിച്ചു പറയേണ്ടിയിരുന്നു.. ഒരു നിമിഷം പോലും വിട്ടു മാറാന്‍ മനസ്സ് വരുന്നില്ലായിരുന്നു.. കെട്ടിപ്പിണയുന്ന വേരുകള്‍ പോലത്തെ എന്റെ സ്നേഹം അവനെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി ഞാന്‍...

മരുഭൂമിയില്‍ വിണ്ടു പോയവന് ഒരു തുള്ളി വെള്ളം പോലും എത്ര, എത്രമാത്രം ആഘോഷമാണെന്ന് നിങ്ങള്‍ക്കറിയുമോ എന്നറിയില്ല.. എല്ലാം തുറന്നു പറയാമായിരുന്നില്ലേ എന്ന് പലവട്ടം ആലോചിച്ചിട്ടും ഭ്രാന്തനാക്കപ്പെട്ടവന്റെ വാക്കുകള്‍ ലോകം എങ്ങനെ കരുതും എന്ന ചോദ്യം പലപ്പോഴും പേടിപ്പെടുത്തി..

സ്നേഹം ചിലപ്പോള്‍ ശ്വാസം മുട്ടിച്ചേക്കും എന്നത് അവനു മനസ്സിലായിക്കാനില്ല. അതിരില്ലാത്ത സ്നേഹത്തിനു പലപ്പോഴും തിരിച്ചു കിട്ടിയെക്കാവുന്നത് കെട്ടുകളില്‍ നിന്നും കുതറി ഓടണം എന്ന ചിന്തകള്‍ ആവണം. വീര്യമുള്ള വീഞ്ഞിനോടൊപ്പം അവന്റെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള ദാഹം രുചിച്ചതാണ് എനിക്ക്..

ഒരു പിന്തുടരലിന്റെ സാധ്യതകള്‍ പോലും ഒഴിവാക്കാന്‍ ആവണം നനഞ്ഞ കണ്ണുകള്‍ മുറുകെ അടച്ചു മയക്കം അഭിനയിച്ചു കിടന്നപ്പോഴും കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ചുരുങ്ങിയ നേരമെങ്കിലും പച്ചപ്പില്‍ മുഴുവന്‍ ഓടിനടന്ന ഓര്‍മ്മകള്‍ മാത്രം മതി മകനെ സിന്ബാദ്‌, എനിക്ക് മരണത്തിനു മുന്‍പിലും ചിരിച്ചു നില്‍ക്കാന്‍. അത് കൊണ്ടാവണം വായിലേക്ക് കിനിഞ്ഞിറങ്ങുന്ന ചോരയ്ക്ക് പോലും ചവര്‍പ്പ് തോന്നാത്തത്..

ഷഹറാസാദ്, ഒരു കുഴപ്പവുമില്ലാതെ സിന്ബാദ്‌ അവന്‍ തേടി നടന്ന കരയിലേക്ക് തന്നെ എത്തിപ്പെട്ടു എന്ന് കരുതട്ടെ.

ഒരേയൊരു അപേക്ഷയുണ്ട്. എല്ലാ പ്രശ്നങ്ങളും അവസാനിക്കുമ്പോള്‍ എപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരിക്കല്‍ കൂടെ കഥ പറഞ്ഞു കൊടുക്കാന്‍ ഇടയായാല്‍ സിന്ബാദ്‌, അവന്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വരണ്ട കരയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്ന് മാത്രമെങ്കിലും പറഞ്ഞു വെക്കണേ. ഒരു നിമിഷമെങ്കിലും എന്നെ അവനു മനസ്സിലായിരുന്നു എന്നൊരു സ്വകാര്യമായ സന്തോഷത്തിനു വേണ്ടിയെങ്കിലും........


സ്നേഹപൂര്‍വ്വം

കടല്‍ക്കിഴവന്‍.

Saturday, October 24, 2009

ക്യാന്‍സര്‍..



" എന്തെങ്കിലും ചെയ്യൂ സര്‍ .. ഇതെന്തൊരു പരീക്ഷണമാണ്... എനിക്കാകെ വട്ടു പിടിക്കുന്നു...."

"ഞാന്‍ ശ്രമിക്കുന്നുണ്ട്, എന്റെ പരമാവധി.. പക്ഷെ, ഇതു ഇത്രയേറെ ബാധിക്കപ്പെട്ട സ്ഥിതിക്ക് ഇനിയും... "

" പ്ലീസ് അങ്ങനെ പറയരുത്.. എന്റെ എല്ലാമെല്ലാമാണ് ... എന്റെ ജീവിതം .."

"പറഞ്ഞല്ലോ സര്‍, ഞാനെന്റെ പരമാവധി ശ്രമിക്കാം.."

"എനിക്കൊരു ജോലി കിട്ടിയപ്പോള്‍ ആദ്യമായി അച്ഛന്‍ പറഞ്ഞത്... നന്നായി വാ എന്ന്... എത്ര കാലായെടാ ഒന്നു നാട്ടില്‍ വന്നിട്ട്, നീ അവളേം കൊച്ചുങ്ങളേം കൂട്ടി ഒന്നു വന്നു കണ്ടിട്ട് പോടാ .. ഇനി എത്രകാലം കാണുമെന്നു അറിയില്ല എന്ന് അമ്മയുടെ വിറച്ച ശബ്ദം.. ഓരോ അക്ഷരത്തിലും പ്രണയം നിറച്ച ഗൌരി.. മുറിവുണങ്ങാത്ത പൊക്കിള്‍ക്കൊടിയുമായി വലിയ വായില്‍ കരഞ്ഞ സീതക്കുട്ടി.. അവളുടെ പിച്ച വെക്കല്‍.. കൊഞ്ചലുകള്‍... തപ്പിത്തടഞ്ഞു ആദ്യമായി പാടി കേള്‍പ്പിച്ച പാട്ട് .. കഴിഞ്ഞ പ്രാവശ്യം ഹോസ്റ്റലില്‍ വിട്ടു വരുമ്പോള്‍ നിറഞ്ഞ അവളുടെ കണ്ണ്... എനിക്ക് ഭ്രാന്തു പിടിക്കുന്നു സര്‍... എനിക്കൊന്നു മോളെയോ ഗൌരിയെയോ അമ്മയെയോ വിളിക്കണം... നെഞ്ച് നീറുന്നു..."

"അതിനെന്താ സര്‍, വിളിച്ചോളൂ.. "

"പക്ഷെ.. നമ്പര്‍.. ഗൌരിയുടെത് 988 .. ബാക്കി ഓര്മ്മ വരുന്നില്ല... മോളുടെത് 943 യില്‍ ആണെന്ന് തോന്നുന്നു തുടക്കം... വീട്ടിലെ നമ്പര്‍ പണ്ടു കണക്ഷന്‍ കിട്ടിയ കാലത്ത് 475 ആയിരുന്നു... ഇപ്പൊ ഏഴ് അക്കങ്ങളുണ്ട്‌.. തുടങ്ങുന്നത് രണ്ടില്‍ ആണെന്ന് തോന്നുന്നു... ഒന്നും... ഒന്നും അങ്ങോട്ട് ഓര്മ്മ കിട്ടുന്നില്ല... എനിക്കെന്തെങ്കിലും കുഴപ്പം..?"

"ജസ്റ്റ്‌ റിലാക്സ് സര്‍.. ഐ വില്‍ ട്രൈ മൈ ലെവല്‍ ബെസ്റ്റ്.."

"ഓക്കേ ഓക്കേ .. പക്ഷെ ഒരു പറ്റില്ല എന്ന ഉത്തരം കേള്‍ക്കാന്‍ ഞാന്‍ അശക്തന്‍ ആണ്... ങാ.. എന്റെ ബാഗില്‍ ഒരു പഴയ ഡയറി ഉണ്ട്.. അതില്‍ കുറിച്ചു വെച്ചിട്ടുണ്ട് എന്ന് തോന്നുന്നു ... ഓ ഇല്ല... അതാണ്‌ അന്നൊരിക്കല്‍ വെറും സ്ഥലം മുടക്കി എന്ന് പറഞ്ഞു ഗൌരി ഗാര്‍ബേജ്‌ ബിന്നില്‍ കളഞ്ഞത്.... പ്ലീസ്‌ നിങ്ങള്‍ എന്തെങ്കിലും ചെയ്യൂ... അല്ലെങ്കില്‍ ഞാന്‍ മരിച്ചു പോകും... പ്ലീസ്‌... "

"ഒരു രക്ഷയുമില്ല സര്‍.. ഏറെ പഴകിപ്പോയിരിക്കുന്നു... ശരിയാകും എന്ന് തോന്നുന്നില്ല... "

"നോ... ഞാന്‍ എന്ത് വേണമെങ്കിലും തരാം.. പക്ഷെ എന്റെ ഓര്‍മ്മകള്‍.. ജീവിതം.. "

"ഇങ്ങനെ ഒരുപാടു പിശുക്കണോ സര്‍.. ഇത്രയും എനര്‍ജി കളയുന്ന സമയം കൊണ്ടു പുതിയൊരു ഹാന്‍ഡ്‌ സെറ്റ് വാങ്ങിക്കൂടെ? ഇതു മൊത്തം വൈറസാണ്.. ഒരു ഡാറ്റയും കിട്ടും എന്ന് തോന്നുന്നില്ല.. തൂക്കി വലിച്ചു ഗാര്ബെജില്‍ ഇടാം.. അതാ നല്ലത്... ഹ..ഹ.."

"എന്നാല്‍.. എന്നാല്‍ എന്നെയും കൂടെ ആ ഗാര്ബെജില്‍..................."

________________

Sunday, October 4, 2009

എനിക്ക് ഒന്നു കൂടെ പിറക്കണം..




എനിക്ക് ഒന്നു കൂടെ പിറന്നേ പറ്റൂ...
പറ്റിയാല്‍ ഒരു സെലിബ്രിട്ടി ക്ലോണ്‍...
പൊക്കിള്‍ക്കൊടി മുറിക്കാന്‍ സ്റെരിലൈസ്ട് കത്രിക തന്നെ വേണം.
എന്‍റെ ആരോഗ്യത്തെ കുറിച്ചു ഞാന്‍ ബോതര്‍ ആയില്ലെങ്കില്‍ പിന്നെ ആര്‍ക്കു ചേതം?
കുളി, ജോണ്‍സന്‍ സോപ്പില്‍ തന്നെ വേണം.
ഓയിലും അത് തന്നെ, ഷാമ്പൂവും.
കുഞ്ഞു ചര്‍മ്മത്തിന് മൃദുവായ പരിചരണം വേണ്ടേ?
അങ്ങനെ ജോന്സന്‍സ്‌ പൌഡറില്‍ മണത്തു പുതഞ്ഞു കിടക്കണം...
ഹഗ്ഗീസ്‌ നാപ്പി പാഡിന്റെ കംഫര്ട്ടില്‍ ഒന്നും രണ്ടും കഴിച്ച് ഇഴഞ്ഞു നടക്കണം....
പിന്നെ മറ്റെല്ലാവരെക്കാളും മൂന്നു മടങ്ങെങ്കിലും
കോമ്പ്ലാന്‍ കുടിച്ചു വളരണം.
നിങ്ങള്‍ക്ക്എന്ത് വേണേലും പറയാം, എല്ല് എന്റേതല്ലേ...
രാന്ക്ലെര്‍ ജീന്‍സും അടിടാസ്‌ ടീ ഷര്‍ട്ടും പിന്നെ
ജോക്കി സ്പോണ്‍സേറഡ് ചന്തിയും പെണ്‍പിള്ളാരെ
കാണിച്ചു കറങ്ങണം.
പബ്ബിലെ ഇരുട്ടില്‍ സംഗീതത്തിന്റെ ഫ്രീക്വെന്‍സിക്കും മുകളില്‍
ഡ്രഗ്സ് അടിച്ച് പറക്കണം.
ആളൊഴിഞ്ഞ മൂലയ്ക്കു ഗേള്‍ ഫ്രെണ്ടിനെ കാമസൂത്ര പഠിപ്പിക്കണം.
ഞങ്ങളുടെ തന്നെ നീലച്ചിത്രം വെബ് മുഴുവന്‍ പരത്തണം.
പിന്നെ മെഗാ സീരിയല്‍ പോലെ മനസ്സറിഞ്ഞു ചുമ്മാ പ്രണയിക്കണം.
അവളുമ്മാരുടെ സണ്‍സില്ക്ക് മുടിയില്‍തലോടണം
ഫെയര്‍ ആന്‍ഡ്‌ ലവ്ലി കവിളില്‍ ഉമ്മ വെക്കണം.
ആലുക്കാസ്‌ സ്പോണ്‍സെര്ട് കല്യാണത്തിനും അപ്പുറം
കോഹിനൂര്‍ എക്സ്ട്രാ പ്ലഷര്‍ കോണ്ടം ഇട്ടു ഭോഗിക്കണം..
ഡിയൂറോഫ്ലെക്സ്‌ മാറ്റ്‌രസ്സില്‍ മലര്‍ന്നു കിടക്കണം.
അയ്യോ.. പിള്ളാരൊന്നും വേണ്ട, അണ്‍നെസസ്സറി റെസ്പോന്സിബിളിടി.. ഛെ..
പിന്നെ എപ്പോഴേലും പള്‍സര്‍ 220 യില്‍ പറന്നു പോകുമ്പോള്‍ അറിയാതെ അങ്ങ് തീര്‍ന്നു പോകണം.
ഒടുവില്‍ സര്‍ഫ്‌ എക്സല്‍ വാഷ് കഴിച്ച വെളുത്ത പുതപ്പില്‍
ഹൈജീനിക്‌ ആയി പുതഞ്ഞു പുതയണം...

വേറെ വഴിയില്ല..
എനിക്ക് ഒന്നുകൂടെ പിറക്കണം...


_____________

Friday, October 2, 2009

ഫക്ക് ഓഫ്‌




ജോര്‍ജ്ജേട്ടന്റെ മോള്‍

സെയിന്റ്റ് പീറ്റെര്സില്‍ മൂന്നാം തരത്തില്‍ പഠിക്കുന്ന

എയ്ന്ജെല് ജോര്‍ജ്‌..


"എന്തൊരു സ്മാര്‍ട്ടാ അവള്..

ക്ലാസ്സില്‍ നമ്പര്‍ വണ്ണ്‍ അല്ലേ


യൂ നോ ഷീ ഈസ്‌ ആന്‍ എക്സലന്റ്റ്‌ ഡാന്‍സര്‍

ആസ് വെല്‍ ആസ് എ സിങ്ങര്‍

നെക്സ്റ്റ്‌ ഇയറില്‍ ഒരു ഫ്ലാറ്റ്‌ എങ്കിലും ഉറപ്പാ .."


നാലാള് കൂടുന്നിടത്ത്

വാസു മാസ്ടെര്‍പഠിപ്പിച്ച

സബ്ജെക്റ്റ്‌ വേര്ബ് ഒബ്ജെക്റ്റ്‌ പാറ്റെണ്

തെറ്റിയിട്ടില്ലല്ലോ എന്ന് സംശയിച്ചു കൊട്ടുന്ന

ജാന്‍സി ചേച്ചി, ജോര്‍ജേട്ടന്റെ ഭാര്യ..


ഉറങ്ങാന്‍ പോണതിനു മുന്‍പ്

'ലവ് യൂ പപ്പാ ലവ് യൂ മോം '

എന്നൊരു സ്വീറ്റ് കിസ്സിന്റെ കൂടെ

മോള് പറഞ്ഞു പോയത്

'യൂ ചെന്ജ്‌ മൈ ഓള്‍ഡ്‌ ഡബ്ബാ മൊബൈല്‍ ആന്‍ഡ്‌

ഗെറ്റ് മീ എ ന്യൂ എന്‍ സീരീസ്‌ വന്‍ എന്നാത്രെ..


ജാന്‍സിയെ.... എന്നാ ഇംഗ്ലീഷ്‌ ആണെടീ നമ്മടെ

കൊച്ചു പറയുന്നേ.. അസൂയ ആവുന്നെടീ ..


മധുര സ്വപ്നത്തില്‍ മുങ്ങിയ ഒരു

ഉറക്കത്തിനു മുന്‍പ് വാചാലനാകുന്ന

ജോര്‍ജേട്ടന്‍...


"ആ അലക്സിന്റെ കൊച്ചന്‍ എസ് എം എസ് അയചെക്കുവാ

'എയ്ന്ജെല് യൂ ആര്‍ സൊ സെക്സീ എന്ന്..


ഇതെന്നതാടീ എന്ന് ചോദിച്ചപ്പോ കൊച്ചു പറയുവാ

"ദാറ്റ്‌ ഈസ്‌ നന് ഓഫ് യുവര്‍ ബിസിനസ്‌...

ഫക്ക് ഓഫ്‌' എന്ന്...


ഹൊ.. എന്നാ ഒരു ഇംഗ്ലീഷ്‌ ആണെടീ..."