Sunday, October 19, 2014

ഉം..........

ഉം.........
.........................................

മുറിഞ്ഞ
ഉറക്കത്തിന്‍റെ
മൂള ക്കങ്ങളെ
ആട്ടിയകറ്റി നോക്കി..

കൈകള്‍ ചേര്‍ത്തടിച്ച്
കൊല്ലാന്‍ നോക്കി..

ഉണര്‍ത്തല്ലേ എന്ന്
പരാതി പ്രാകി
മറ്റുറക്കങ്ങള്‍
തിരിഞ്ഞു കിടക്കുന്നു...

ചുരുണ്ട ഉറക്കത്തിന്‍റെ
പുതപ്പു വലിച്ചെറിഞ്ഞ്
കയ്യതിരിനുമപ്പുറത്ത്
ഇരുട്ടും മുറിച്ച്
മൂളി മൂളി
പിന്നെയും മൂളി
നില കിട്ടാതലച്ചി ലുകള്‍...

ഉണര്‍ത്തിന്‍റെ
കൊഴുത്ത
ഓരോ തുള്ളി ചോരയും
ചുവരിലടിച്ചു കൊന്ന്
എന്‍റെയുറക്കത്തെയൊന്ന്
പുതച്ചു വെക്കുന്നു
ഞാന്‍...!  

ഒരിക്കല്‍
കണ്ടെടുക്കപ്പെടും-
മടുത്തുറഞ്ഞയീ
പഴഞ്ചുവരും
ചിതറിക്കരിഞ്ഞ
ഭ്രാന്തിന്‍റെ
ഫോസിലുകളും...

അന്നൊരുപക്ഷേ
എന്‍റെയുറക്കങ്ങള്‍
മൂളിമൂളി
പിന്നെയും മൂളി
നിന്‍റെയുറക്കത്തെ
ആട്ടിയകറ്റിയേക്കും..!

Saturday, October 18, 2014

കരയാഴങ്ങള്‍..

കരയാഴങ്ങള്‍..
.............
തിരികെ വേണമെനിക്ക്-
എന്‍റെ ദ്വീപില്‍ നിന്നും
കുടിച്ചു വറ്റിച്ച്
കരകടത്തിക്കൊണ്ടുപോയ
എന്‍റെ കടല്‍..

ആഴങ്ങളില്‍
എന്നെയൊളിച്ചു വെച്ച
പവിഴപ്പുറ്റുകള്‍...

ഉപ്പുമണത്തില്‍
എന്നെയുറക്കി വെച്ച
ചിപ്പികള്‍..

കണ്ണിലെ വെയിലില്‍
എന്നെ മറച്ചു വെച്ച
ചെതുമ്പലുകള്‍...

കൊല്ലാതെയെന്നെ
ശ്വാസം മുട്ടിച്ചു വെച്ച
ചെകിളകള്‍...

തിരികെ വേണമെനിക്ക്
എന്‍റെ കടല്‍..

കടല്‍ച്ചേതത്തില്‍
കപ്പലില്‍ മുങ്ങിയ കടല്‍...

നാവികന്‍റെ ശ്വാസം
കുടിച്ചു മരിച്ച കടല്‍..

ഒരിക്കല്‍,
എന്നിലേക്ക്‌
മരിച്ചു മരിച്ചുമരിച്ച്‌
എന്നെത്തന്നെ കുടിച്ചു വറ്റിച്ച്
കടലാവണമെനിക്ക്...

അന്ന് ദ്വീപാവണം നീ

നിന്‍റെ മാത്രം കരയില്‍
ഒരു കടലുമ്മയിലേക്ക്
എന്നെ ഒളിച്ചു വെക്കണം...

കടല്‍കാണാക്കരമണലില്‍
നമുക്കലിഞ്ഞു പോകണം...

കരയാഴങ്ങളില്‍ 
ചത്തു പൊങ്ങണം...

......

Wednesday, October 8, 2014

ഏതു കാഴ്ചയിലാവണം..??

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ ഏറെയുണ്ട്‌ ...

കവിളിലൊട്ടുന്ന കണ്ണുനീരുപ്പ്..
ഇടയ്ക്കെപ്പോഴോ വന്നു
വന്നു പോവുമ്പോൾ
തൊടിയുടെ അങ്ങേത്തലപ്പത്ത്
ഇടവഴിയിൽ
മറയുന്നോരമ്മനോട്ടം..

കാക്കിനിറമുള്ള കവറിൽ
നെഞ്ചോടമർന്ന മധുരങ്ങൾ ...
വീണ്ടുമിടവഴിയിൽ മറയുന്ന
അച്ഛന്റെ
വെയിൽ തിളങ്ങും തല...

അങ്ങട്ടേതിൽ, ഇങ്ങട്ടേതിലും
പുത്തൻ പീപ്പിവിളികളുടെ
ഉത്സവ നിറം...

തെച്ചിപ്പൂങ്കാട്ടിൽ
മുറുക്കിത്തുപ്പി
പതുങ്ങുന്ന പൂതം...

ഇടവഴിയിൽ
വെള്ളത്ത,ണ്ടിലമുളച്ചി,
തെങ്ങിൻ മുക്കുറ്റിക്കുഞ്ഞുങ്ങൾ,
പരൽ മീനുകൾ, തുമ്പികൾ
കുഴിയാന, മിന്നാമിനുങ്ങുകൾ...

നിലാവിൽ
പാലമരത്തിന്റെ
അത്ഭുത ലോകത്തു നിന്നും
വെളുക്കെച്ചിരിച്ച ആലീസ്,
തിളങ്ങുന്ന നിന്റെ
കുഞ്ഞിക്കണ്ണുകൾ...

തട്ടിൻപുറത്തെ
അമർചിത്ര കഥകൾ...
ലൈഫ്ബോയ് സോപ്പിന്റെ
മണമുള്ളോരുമ്മയിൽ
വിയർത്തു തരിച്ചപ്പോൾ
മരക്കോണിയിറങ്ങിപ്പോയ
കുഞ്ഞിക്കൊലുസ്സുകൾ...

ഉറക്കത്തിൽ
ഇടിവെട്ടിയിറങ്ങിയ
സമവാക്യങ്ങൾ..
അക്ഷരപ്പെരുക്കങ്ങൾ..
ജനലിനപ്പുറം
പൊടിഞ്ഞൊടുങ്ങും  മഴ...

വേട്ടക്കാരനും
സപ്തര്ഷികൾക്കുമൊപ്പം
പേരുപോലുമില്ലാതനേകം
നക്ഷത്രച്ചരലുകൾ....

ഒടുവിലെപ്പോഴോ
ഒരുപാട് ഭംഗിയുണ്ടെന്ന്
പ്രണയം പെയ്യിച്ച
കുളിർനിലാവ്..

'വെച്ച് കണ്ണാടിയിൽ നോക്കണം-
നന്നായിണങ്ങും'
എന്ന് തുമ്മിച്ചിറങ്ങിപ്പോയ
കോമാളിത്തൊപ്പിയിൽ
പറ്റിക്കിടന്ന
പരിഹാസപ്പൊടികൾ...

വെയില് പെയ്യുന്ന വഴികൾ
നിലയില്ലാക്കുതിപ്പുകൾ
ഇടർച്ചകൾ തളർന്നുറക്കങ്ങൾ
കണ്ണുരുട്ടുന്ന വർത്തമാനം ..
കണ്ടു കേട്ട് മടുത്ത ക്ലീഷേകൾ...

കണ്ണെടുക്കാതെ കണ്ടുനിന്ന
കാഴ്ചകൾ  ഇനിയുമേറെയുണ്ട്‌ ...

ഇതിൽ..
ഏതു കാഴ്ചയിലാവണം
കണ്ണുകൾ
മറന്നുവെച്ചന്ധനായത്
ഞാൻ...???

Wednesday, June 27, 2012

തുറക്കല്ലേ, ഈ വാതില്‍..

ഒരു പൂച്ച,യീച്ച,യുറുമ്പുപോലും
 നൂണ്ടുകേറി വരാത്തപോലെ-
 യടച്ചുവെച്ചിരിപ്പാണീ 
പിന്‍വാതില്‍പ്പോളകള്‍ ഞാന്‍...

 എത്തിനോക്കുമ്പോ-
ളുലയില്‍ നീറ്റിയ സൂചിപോല്‍
കണ്ണുകീറും വെളിച്ചം...

 വയ്യിനി, യിരുള്‍ മറവി
 വേര്‍പ്പില്‍ കുഴച്ചടച്ചുവെക്കട്ടെ ഞാന്‍...

 തൊട്ടാല്‍ പൊടിഞ്ഞേക്കുമൊരു
 ചാരച്ചുവരിനുമപ്പുറം
 നേര്‍ത്തൊരിലമാത്രം മൂടി
 മരണം, പുളയ്ക്കും ഭ്രാന്തുകള്‍.. 

നെഞ്ചിനും മീതെയലച്ചലച്ചു
 പെയ്തൊടുങ്ങാത്തൊരോര്‍മ്മത്തീമഴ...
 ഇല്ല, നീയുണ്ടാവില്ല കൂടെയെന്നൊരു
 കാറ്റുമതിയാവുമെല്ലാമൊടുങ്ങാന്‍....

 അരുതേ.....

Friday, July 9, 2010


കത്രികകള്‍ .....?!!!!



ഛിന്നഭിന്നമാക്കപ്പെട്ട
ഒരു
ചിത്രം...

അവകാശം
പറയാന്‍
ആരുമില്ലാത്ത
ഒരു ഓര്‍മ്മ.....

എന്തിന്
എന്നെ മുറിച്ചത് എന്ന്
നീ പോലും ചോദിച്ചതെയില്ല

മുറിഞ്ഞത് ഞാന്‍...
മുറിച്ചു കളഞ്ഞത് നീ...

അത് എന്‍റെ
സത്യം...

നിനക്കു മറ്റൊന്നാവാം...
പക്ഷെ..
തിരികെ
ഒട്ടിച്ചു വെക്കുന്നത്
നീയോ,
അതോ.....

കത്രികകള്‍
അവയ്ക്ക് വേണ്ടത് ചെയ്യുന്നു...

ചിതറിച്ച
ചിത്രങ്ങള്‍ക്ക്
നിന്‍റെ ഉത്തരം
...???

എനിക്ക് അറിയണം എന്നില്ല....

കത്രികകള്‍
ഒരിക്കലും
ഒരുത്തരം
തരാന്‍
നിര്‍ബന്ധിക്കപ്പെടുന്നില്ല....
അല്ലേ....??

ഒരിക്കലും
തരാതിരിക്കട്ടെ...
ഒരിക്കലും...

എന്‍റെ
പ്രണയം
എന്നോട് കൂടെ
മുറിഞ്ഞു മുറിഞ്ഞു
കത്രികകള്‍ക്ക്
അവസാനത്തെ
ഉത്തരമാകട്ടെ....

നിന്‍റെ
ഒടുക്കത്തെ
പ്രണയത്തെ
അത്
ചാമ്പലാക്കട്ടെ...

എന്നോടൊപ്പം....

എങ്കിലും..
എവിടെയോ
ഉത്തരം കിട്ടാതെ
ഞാന്‍ അലയുന്നുണ്ടാവാം...

നീയും....

എന്‍റെ
അനായാസമായ ഒരു
മരണമെങ്കിലും
എല്ലാത്തിനും
അവസാനത്തെ
ഉത്തരമാകട്ടെ...


ഒടുവില്‍...
എന്നോടൊപ്പം
അതും
ഉത്തരമില്ലാത്ത
ഒരു വെറും
ചോദ്യമായി
എന്നെപ്പോലെ
ഞാന്‍ മാത്രമായി
എല്ലാരാലും
ചുമ്മാ
വെറുത്തു പോകപ്പെടട്ടെ....

ഒരു തെറ്റ് പോലും
കത്രികകള്‍ക്ക്
മുറിച്ചു മാറ്റാന്‍
കഴിയാതിരിക്കട്ടെ...

എന്നോടൊപ്പം
എല്ലാ
കത്രികകളും
കുഴിച്ചു മൂടപ്പെടട്ടെ....
എന്നെന്നേക്കുമായി....

എന്തേ....?
എനിക്ക് മാത്രം
ആശിക്കാന്‍ പാടില്ലേ....?

മരണം
ഉത്തരമാണെന്നു
വിശ്വസിക്കാന്‍
പറ്റുന്നില്ലെങ്കിലും

എനിക്കും
എന്തെങ്കിലുമൊക്കെ വിശ്വസിച്ചല്ലേ
പറ്റൂ....

വെറുതെ,
ഞാനും
എപ്പോഴെങ്കിലും ജീവിക്കാന്‍
പൊരുതിയിരുന്നു എന്നെങ്കിലും
എനിക്കെങ്കിലും ഒന്നു വിശ്വസിക്കാന്‍.....

ഇനി
ഒരു കത്രികയ്ക്കു പോലും മുറിച്ചു തള്ളാന്‍ മാത്രം
അവശേഷിക്കുന്നില്ല ഞാന്‍ ....

സമ്മതിക്കുകയുമില്ല ...
നിനക്കു ശ്രമിക്കാം...

കത്രികകള്‍
അവയുടെതു മാത്രമായ
നിയമങ്ങളില്‍
പിഴച്ചു
പോകട്ടെ....

ഞാന്‍
എന്‍റെ
മാത്രം
നിഴലിലും.....

അങ്ങനെ അങ്ങനെയങ്ങനെ.............

Sunday, June 27, 2010

ഫെയര്‍വെല്‍


മാര്‍ച്ച്



തല വലിക്കാം നമുക്കൊരു
കൂട്ടിലേക്ക്..
അതിനുമുള്ളിലെ
മറ്റൊരു കൂട്ടിലേക്ക്...
അതിനും ഉള്ളിനുമുള്ളിലെ
കൂടിനും കൂടിനും
ഉള്ളിലേക്ക്.. ..

ഏപ്രില്‍

കാത്തിരിക്കുന്നൂ
ചൂടില്ലാചൂടിനു മേലൊരു
വിഡ്ഢിച്ചിരിയാല്‍....

(നമ്മളോ....??
നീയേതു...?
അറിയില്ലെനിക്ക്‌ ഞാന്‍ മാത്രം...)

Tuesday, June 1, 2010

ഇരുട്ടിനെയും വെളിച്ചത്തെയും കുറിച്ചു കുറെ വെറും വരികള്‍ ..!!




തിരക്കില്‍
വേവലാതി മൂക്കത്തെ
വിയര്‍പ്പു തുടയ്ക്കുന്ന
നിന്‍റെ
തൂവാലയ്ക്ക്
ആയെന്നു വരില്ല
കരിഞ്ഞ ഈ മുളകളെ
കാത്തു വെയ്ക്കുവാന്‍...

നീ വെളിച്ചമാവുക...
എനിക്ക് ഇരുട്ട് പോലും
ആകണമെന്നില്ല..

_____________

ഇരുട്ടിലാണ്
എന്‍റെ നടത്തം എന്ന്
പറഞ്ഞിരിക്കുമ്പോഴും
വെളിച്ചമേതെന്നു
നിങ്ങള്‍ പറഞ്ഞില്ല...

ഇരുട്ട് തന്നെയാണ്
എന്‍റെ വിധിയെന്ന്
നിങ്ങള്‍ ഉറയ്ക്കുമ്പോഴും
ഏതിരുട്ടെന്നു
ആരും ആരാഞ്ഞില്ല..

ഉറപ്പാണ്‌,
നിങടെ ഇരുട്ട്
എന്‍റെ വെളിച്ചം ആകയാല്‍
വിശ്വസിക്കില്ല ഞാന്‍
നിങ്ങളെ ...

___________

വെറുതെ
കിണറ്റിനാഴത്തില്‍ നിന്ന്
അടിയില്ലാ തൊട്ടിയില്‍
അന്തി വരേയ്ക്കും
ആഞ്ഞാഞ്ഞു കോരല്‍ ....

രാത്രി,
ഇരുളു കുഴച്ച്
അടി പണിതു
വീണ്ടും....

____________

തമസ്സും
ദുഖമായല്ലോ
ഉണ്ണീ.....
എന്തിനി.....???!!!