Tuesday, January 6, 2015

പച്ച.


പച്ച...
..............

ഒരിക്കലും
ചോദ്യങ്ങള്‍ വറ്റാത്ത
നിന്‍റെ
സംശയ മരത്തില്‍
പച്ചയെന്നെ
ഞാന്‍ തൂക്കിവെക്കുന്നു...

പച്ചക്കള്ളങ്ങള്‍ എന്ന
പുച്ഛ നിരാസങ്ങളിലേക്ക്
മുറിച്ച
പച്ച ഞരമ്പുകള്‍
ഞാന്‍ കുടഞ്ഞിടുന്നു ...

ഇതിലേറെ
പച്ചയാവില്ലെന്ന
പച്ചപ്പരമാര്‍ത്ഥങ്ങളിലേക്ക്
പച്ച ;
വെറും പച്ചയെന്നെ
പച്ചയ്ക്ക് കൊളുത്തി
പച്ചയ്ക്ക് ഞാന്‍
കുഴിച്ചു മൂടുന്നു...!


ഇനി വേണ്ട -
തണുപ്പിന്‍റെ
പച്ചത്തളിരില
എന്ന
പച്ച നുണ...!

പച്ചക്കള്ളമെന്നു
നീ നിരത്തിയ

ഒന്നുമില്ലായ്മ്മയുടെ
ഒന്നുമല്ലായ്മ്മയില്‍
ഒന്നുമല്ലായ്മ്മയുടെ
ഒന്നുമില്ലായ്മ്മയില്‍
എന്‍റെ
പച്ചയെന്നെ
ഞാന്‍
എന്നില്‍
കഴുവേറ്റുന്നു 

Saturday, January 3, 2015

"X"


"X"


ഓടിയെത്തുമ്പോഴേക്കും
ദൂരെ മറയുന്ന
തീവണ്ടിക്കു പിറകില്‍
വൈകിപ്പോയെന്ന് എന്നെ
ഇളിച്ചു കാട്ടിയത്...

.

എന്‍റെ എല്ലാ ഉത്തരങ്ങള്‍ക്കും
മേലെ
മലര്‍ന്ന് കിടന്നത്...
.

ഇരുട്ടിനെ
ഗുണിച്ച്‌ ഗുണിച്ച്‌
എന്നെ വീര്‍പ്പിച്ചത്...
.

അണച്ച് നിന്ന വഴികളില്‍
പ്രവേശനമില്ല
എന്ന് ചുവന്നിരുന്നത്..
.

പരസ്പരം
കൂട്ടിയിടിച്ച്
ശരീരം നഷ്ടപ്പെട്ട്
രണ്ടമ്പുകള്‍
എന്ന് സുഹൃത്ത്.....
.

അറിയാത്ത വിലകള്‍ക്ക്
സമവാക്യങ്ങള്‍ കൊടുക്കുന്ന
വിലയെന്ന് നീ ..
.

കുരുക്കഴിയാത്ത
ഒരു ദ്വിമാന സമവാക്യത്തില്‍
അവശേഷിച്ചപ്പോള്‍..
നെടുകെ  കീറി
എല്ലാ ശരികള്‍ക്കും മീതെ
എന്നെ ഞാന്‍
വരച്ചത്....
.

ഒടുവില്‍
കഴുത്തൊടിഞ്ഞ
ഒരു
കുരിശ്....

സ്വാതന്ത്ര്യം...!
.
.