Saturday, June 6, 2009

ഇമ്മിണി ബല്യ പൂജ്യങ്ങള്‍ ...



സമാന്തര രേഖകളുടെ
നിയമങ്ങളറിയാതെ
വൈദ്യുതക്കമ്പിയില്‍
കണ്ണോടുകണ്‍ കവിതകളെഴുതി
രണ്ടു കിളികള്‍.

അവര്‍ക്കറിയില്ലായിരുന്നു
ഒരെത്തിത്തൊടല്‍ പോലും
എങ്ങനെ പൊള്ളുമെന്ന് ..!

ഒന്നുമൊന്നും ചിലപ്പോള്‍
ഇമ്മിണി ബല്യ പൂജ്യങ്ങളാവാമെന്ന്
പഠിച്ചതങ്ങനെയാവും,
അവര്‍.

എങ്കിലും...
വെറുമൊരു
കണക്കുകളി മാത്രമോ
ഈ ആഴം...???

_______________

വഴിവിളക്കുകള്‍ ...



രാത്രിയാത്രകളില്‍ എന്റെ
കാലു തെന്നാതെ
കല്ല്‌ തട്ടാതെ
കുണ്ട്, കുഴി വീഴ്ത്താതെ
തന്നാലായ അകലങ്ങളോളം
എരിഞ്ഞത് നീ..

തിരിഞ്ഞു നോക്കാത്ത
തിളച്ച യാത്രയില്‍
പിറകോട്ടു മാറി
ഓരോ വളവിലും
മറഞ്ഞത് നീ..

പകല്‍യാത്രത്തിടുക്കത്തില്‍
ഞാന്‍ തന്നെയാണ്
നിന്നെ മറന്നത്..

ഈ തനിച്ച രാത്രിയില്‍
പാതിയാത്രയില്‍
പൊടുന്നനെ നീ
നിലച്ചതാണ്
എന്റെ വഴി കളഞ്ഞതും
നിന്നിലൂടൊന്നു തിരികെ
നടന്നു പോയതും...

പറയാതെ പോയ ഒരു വേദന..



_________________

(ത)വളകള്‍ പറഞ്ഞേക്കാവുന്നത് ...


കുണ്ടില്‍
വളര്‍ന്നാല്‍ മതിയെന്നും
അതിനപ്പുറത്ത് മറ്റൊന്നുമില്ലെന്നും
പഠിപ്പിച്ചു തന്നു.

മഴ തകര്‍ക്കുമ്പോള്‍
ആര്‍ത്തുവിളിച്ചാല്‍
ഒരലോസരത.

പുറമെ
വലിയ നിരത്തെന്നറിഞ്ഞു
പുറത്തിറങ്ങിയപ്പോള്‍
ചക്രങ്ങള്‍ കൊണ്ടരച്ച്
ചിത്രങ്ങള്‍ വരച്ചു.

(പകല്‍ വെളിച്ചത്തില്‍
ഒരു കണ്ണീര്‍ക്കവിത..! )

പരീക്ഷണ ശാലയില്‍
അറുത്ത് മുറിച്ച്
മലര്‍ത്തി വെച്ചപ്പോള്‍
കരഞ്ഞില്ല,
പഠിച്ചെടുക്കാനെന്നൊരു
ഒഴിവുകഴിവ്..

അത്താഴത്തിന്
എരിവു ചേര്‍ത്ത്‌
നിരത്തിവെച്ച കാലുകള്‍..

പഠിച്ചതും പഠിപ്പിക്കപ്പെട്ടതും
എന്തൊക്കെയായാലും
കരയോ വെള്ളമോ
ചാടിക്കടന്നല്ലേ പറ്റൂ..
നീന്തിക്കയറിയല്ലേ പറ്റൂ...


___________________

ചേരുന്ന കുട..



ഉറ കുത്തിയ
കുടയാണെന്നേ
കളിയാക്കിപ്പോയീ
നിങ്ങള്‍.

ഇതെന്‍റെ കുട.

അയ്യയ്യോ
മാറാക്കുടയിത്
ചോരും,
വെയില്‍ നൂണ്ടു വരും.

ഇത് മാത്രം
ചേര്‍ന്നാല്‍ മതിയിനി
മാറില്ലിത്,
മാറേണ്ടിനിയും.

നോക്കൂ
പെയ്യുന്നിവിടെ
മഴനൂലുകള്‍
എന്റേതായി..!

ഈ ചെറു
കുടയാകാശത്തില്‍
നട്ടുച്ചയ്ക്കും
നക്ഷത്രങ്ങള്‍..!

(ഇനി സ്വകാര്യം..

ഒരു തുള
വീണ്ടും തുളയി-
ല്ലതിലേ തല
പൂഴ്ത്തിയിരിപ്പൂ ഞാനും...!!)


______________________

കടത്ത്....




തോണി ഏറെ ദൂരം പോയി കഴിഞപ്പോള്‍
യാത്രക്കാരന്‍ അക്ഷമനായി ...

"ഈ തോണി എപ്പോഴാ ഇനി അക്കരേയ്ക്ക് എത്തുക ..?"

തുഴക്കാരന്‍ പൊട്ടിച്ചിരിച്ചു ..
"നമ്മള്‍ .. ,
നമ്മള്‍ .... അതിന് അക്കരെ നിന്നു തന്നെയല്ലെ വരുന്നത്...?"

അങ്ങനെ , ആ യാത്രക്കാരനും ഭ്രാന്തനായി..!!


____________________________

ജലദോഷപ്പനിമ..



നീയല്ല, ഞാനാ -
ണെനിക്കേറ്റമകലെ
യെന്നോര്‍ത്തു വരുമ്പോഴേ-
യകലെയായ്‌ നീയും,
ഞാനുമേന്നേ യിറങ്ങി
പ്പിരിഞ്ഞോരാ വീടു -
മകങ്ങളിലിറ്റിയുറഞ്ഞ
വീര്‍പ്പും...

പകല്‍വഴി മാഞ്ഞ
തീവെയില്‍പ്പെയ്ത്തില്‍
തുമ്മിത്തീരാതെ
ജന്മദോഷ പ്പനിമ..

____________________



_________________________________________________________