Wednesday, June 27, 2012

തുറക്കല്ലേ, ഈ വാതില്‍..

ഒരു പൂച്ച,യീച്ച,യുറുമ്പുപോലും
 നൂണ്ടുകേറി വരാത്തപോലെ-
 യടച്ചുവെച്ചിരിപ്പാണീ 
പിന്‍വാതില്‍പ്പോളകള്‍ ഞാന്‍...

 എത്തിനോക്കുമ്പോ-
ളുലയില്‍ നീറ്റിയ സൂചിപോല്‍
കണ്ണുകീറും വെളിച്ചം...

 വയ്യിനി, യിരുള്‍ മറവി
 വേര്‍പ്പില്‍ കുഴച്ചടച്ചുവെക്കട്ടെ ഞാന്‍...

 തൊട്ടാല്‍ പൊടിഞ്ഞേക്കുമൊരു
 ചാരച്ചുവരിനുമപ്പുറം
 നേര്‍ത്തൊരിലമാത്രം മൂടി
 മരണം, പുളയ്ക്കും ഭ്രാന്തുകള്‍.. 

നെഞ്ചിനും മീതെയലച്ചലച്ചു
 പെയ്തൊടുങ്ങാത്തൊരോര്‍മ്മത്തീമഴ...
 ഇല്ല, നീയുണ്ടാവില്ല കൂടെയെന്നൊരു
 കാറ്റുമതിയാവുമെല്ലാമൊടുങ്ങാന്‍....

 അരുതേ.....