Wednesday, December 2, 2009

കഥാകാരി ഷഹറാസാദിന്, സ്നേഹപൂര്‍വ്വം കടല്‍ക്കിഴവന്‍...

ഷഹറാസാദ്,

എന്റെ തലയില്‍ നിന്നും ഇപ്പോഴും ചോര ഒലിച്ചു കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടതിനെക്കാളും വലിയ വേദനയല്ലല്ലോ ഒന്നും. നിങ്ങള്‍ക്ക് തെറ്റ് പറ്റിയിട്ടില്ല. അതെ, ലോകം മുഴുവനും പറഞ്ഞു വെക്കുന്നത് എന്നും നായകന്മാരുടെ കഥകള്‍ മാത്രമാണല്ലോ. പ്രത്യേകിച്ചും നിങ്ങളുടെ ജീവന് പോലും ഒരു വാള്‍ത്തുമ്പിന്റെ സൌജന്യത്തില്‍ തൂങ്ങി നില്‍ക്കുമ്പോള്‍ അധികാരഹുങ്കിന് മുന്‍പില്‍ ഒരുപക്ഷെ നിങ്ങള്‍ക്ക് നായകരെ കുറിച്ച് മാത്രം പറയേണ്ടി വരും.

സിന്ബാദ്‌ ഇപ്പോള്‍ എന്റെ കണ്ണതിരില്‍ നിന്നും ഒരു പൊട്ടു പോലെ മറഞ്ഞു കൊണ്ടിരിക്കുന്നു. മരണം തലച്ചോറിനുള്ളിലേക്ക് അരിച്ചിറങ്ങി വരുന്നത് എനിക്ക് അറിയാന്‍ പറ്റുന്നുണ്ട്. അവന്‍ ഒഴിച്ച് തന്ന വീഞ്ഞിന്റെ ലഹരിയെല്ലാം എങ്ങോ പോയിരിക്കുന്നു..

ഏകാന്തത എന്നത് ആരെയെങ്കിലും ഭ്രാന്തു പിടിപ്പിക്കും എന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്നെ മുഴു ഭ്രാന്തന്‍ എന്ന് തന്നെ വിളിക്കാം. നിങ്ങള്‍ക്കറിയുമോ ഷഹറാസാദ്, തിരകളോട്, വെളുത്തു പരന്ന മണലിനോട് പനകളോട് പേരറിയാത്ത ചെടികളോട് മത്സ്യങ്ങളോട് കാറ്റിനോട് വെയിലിനോട് രാത്രി നക്ഷത്രങ്ങളോട് ഞാന്‍ എന്തൊക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട് എന്ന്... എത്ര ദിവസങ്ങള്‍ , മാസങ്ങള്‍, വര്‍ഷങ്ങള്‍ എന്നറിയാതെ എന്നെങ്കിലും ഒരിക്കല്‍ ആരെങ്കിലും വരുമെന്നോര്‍ത്ത് ദൂരെ ഒരു കപ്പലിന്റെ തലപ്പെങ്കിലും കാണും എന്നോര്‍ത്ത് ഭ്രാന്തനെ പോലെ ഞാന്‍ അലഞ്ഞിട്ടുണ്ട് ഇവിടെ. വെറുതെ കടലിന്റെ അറ്റം വരുമെന്നോര്‍ത്ത് നീന്തി പോയിട്ടുണ്ട്...

ജീവിതത്തിനോട് എനിക്കെന്തു പ്രണയമായിരുന്നു എന്ന് നിങ്ങളെക്കാള്‍ നന്നായി കടലിനറിയാം... എത്രയെത്ര പ്രണയ ലേഖനങ്ങള്‍ നക്കിയെടുത്ത് പോയിരിക്കുന്നു കടല്‍... ഭ്രാന്തന്‍....!

എല്ലാം മാറുകയായിരുന്നു.. കപ്പല്‍ ചേതങ്ങള്‍ക്ക് നല്ലതും ചെയ്യാന്‍ പറ്റും എന്ന് ഞാന്‍ അറിഞ്ഞ ദിവസം. പെട്ടെന്ന് അവന്‍ മുന്‍പില്‍ വന്നു പെട്ടപ്പോള്‍ പേടി ആയിരുന്നു എനിക്ക്. ഉണങ്ങിയ ഈന്തപ്പന പോലെ പരുത്തു പോയ എന്നെ അവന്‍ അങ്ങനെ അംഗീകരിക്കും എന്ന പേടി. അവന്‍ തളര്‍ന്നു മയങ്ങുമ്പോള്‍ എനിക്ക് വായിക്കാമായിരുന്നു അവന്റെ മുഖത്ത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് കപ്പലും കടലും അതിരില്ലാത്ത യാത്രകളും ഭ്രാന്തു പിടിപ്പിച്ച എന്റെ തന്നെ മുഖം. പേരു ചോദിച്ചപ്പോള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ അവന്‍ പറഞ്ഞത്...'സിന്ബാദ്', അവന്റെ തിളങ്ങുന്ന കണ്ണുകളില്‍ എന്റെ പേടിപ്പെടുത്തുന്ന രൂപത്തെ ഞാന്‍ വായിച്ചു.

മടിയിലേക്കെടുത്തു കിടത്തി വരണ്ട വായിലേക്ക് വെള്ളം ഒഴിച്ചു കൊടുക്കുമ്പോള്‍ അറിഞ്ഞ ചൂട്...
സിന്ബാദ്‌ എന്ന് ചെവിയോടു ചേര്‍ത്ത് വിളിച്ചപ്പോള്‍ വിരല്‍ത്തുമ്പുകള്‍ വിറച്ചത്.. ഏറെ പരുപരുത്ത്‌ പോയെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു പോയെങ്കിലും അറിയാതെ തിരിച്ചറിയപ്പെടുന്നത് പോലെ..

എനിക്കെല്ലാം വിളിച്ചു പറയേണ്ടിയിരുന്നു.. ഒരു നിമിഷം പോലും വിട്ടു മാറാന്‍ മനസ്സ് വരുന്നില്ലായിരുന്നു.. കെട്ടിപ്പിണയുന്ന വേരുകള്‍ പോലത്തെ എന്റെ സ്നേഹം അവനെ ചുറ്റി വരിഞ്ഞ് ശ്വാസം മുട്ടിക്കുകയായിരുന്നു എന്ന് മനസ്സിലാക്കാന്‍ വൈകിപ്പോയി ഞാന്‍...

മരുഭൂമിയില്‍ വിണ്ടു പോയവന് ഒരു തുള്ളി വെള്ളം പോലും എത്ര, എത്രമാത്രം ആഘോഷമാണെന്ന് നിങ്ങള്‍ക്കറിയുമോ എന്നറിയില്ല.. എല്ലാം തുറന്നു പറയാമായിരുന്നില്ലേ എന്ന് പലവട്ടം ആലോചിച്ചിട്ടും ഭ്രാന്തനാക്കപ്പെട്ടവന്റെ വാക്കുകള്‍ ലോകം എങ്ങനെ കരുതും എന്ന ചോദ്യം പലപ്പോഴും പേടിപ്പെടുത്തി..

സ്നേഹം ചിലപ്പോള്‍ ശ്വാസം മുട്ടിച്ചേക്കും എന്നത് അവനു മനസ്സിലായിക്കാനില്ല. അതിരില്ലാത്ത സ്നേഹത്തിനു പലപ്പോഴും തിരിച്ചു കിട്ടിയെക്കാവുന്നത് കെട്ടുകളില്‍ നിന്നും കുതറി ഓടണം എന്ന ചിന്തകള്‍ ആവണം. വീര്യമുള്ള വീഞ്ഞിനോടൊപ്പം അവന്റെ സ്വാതന്ത്യത്തിനു വേണ്ടിയുള്ള ദാഹം രുചിച്ചതാണ് എനിക്ക്..

ഒരു പിന്തുടരലിന്റെ സാധ്യതകള്‍ പോലും ഒഴിവാക്കാന്‍ ആവണം നനഞ്ഞ കണ്ണുകള്‍ മുറുകെ അടച്ചു മയക്കം അഭിനയിച്ചു കിടന്നപ്പോഴും കല്ലുകൊണ്ട് തലയ്ക്കിടിച്ചത്. ചുരുങ്ങിയ നേരമെങ്കിലും പച്ചപ്പില്‍ മുഴുവന്‍ ഓടിനടന്ന ഓര്‍മ്മകള്‍ മാത്രം മതി മകനെ സിന്ബാദ്‌, എനിക്ക് മരണത്തിനു മുന്‍പിലും ചിരിച്ചു നില്‍ക്കാന്‍. അത് കൊണ്ടാവണം വായിലേക്ക് കിനിഞ്ഞിറങ്ങുന്ന ചോരയ്ക്ക് പോലും ചവര്‍പ്പ് തോന്നാത്തത്..

ഷഹറാസാദ്, ഒരു കുഴപ്പവുമില്ലാതെ സിന്ബാദ്‌ അവന്‍ തേടി നടന്ന കരയിലേക്ക് തന്നെ എത്തിപ്പെട്ടു എന്ന് കരുതട്ടെ.

ഒരേയൊരു അപേക്ഷയുണ്ട്. എല്ലാ പ്രശ്നങ്ങളും അവസാനിക്കുമ്പോള്‍ എപ്പോഴെങ്കിലും കുഞ്ഞുങ്ങള്‍ക്കെങ്കിലും ഒരിക്കല്‍ കൂടെ കഥ പറഞ്ഞു കൊടുക്കാന്‍ ഇടയായാല്‍ സിന്ബാദ്‌, അവന്‍ ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും വരണ്ട കരയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്നു എന്ന് മാത്രമെങ്കിലും പറഞ്ഞു വെക്കണേ. ഒരു നിമിഷമെങ്കിലും എന്നെ അവനു മനസ്സിലായിരുന്നു എന്നൊരു സ്വകാര്യമായ സന്തോഷത്തിനു വേണ്ടിയെങ്കിലും........


സ്നേഹപൂര്‍വ്വം

കടല്‍ക്കിഴവന്‍.