Monday, August 17, 2009

കൂരായണം..



പാലത്തിന്‍റെ ഒരറ്റത്ത് എപ്പോഴും അവന്‍ ഉണ്ടായിരുന്നു..

ആരൊക്കെയോ വന്നു ചോദിച്ചു-


"ഒന്നെന്നെ അക്കരെ കടത്തി തരാമോ? "

കാല് തെന്നാതെ, ഉടല്‍ വിറയ്ക്കാതെ

അവരെയവന്‍ അക്കരെയെത്തിച്ചു...


ഒരിക്കല്‍ എപ്പോഴോ അവന്റെ മേലെ

വെയില്‍ വെന്തപ്പോള്‍,

താഴെ പുഴ തിളച്ചപ്പോള്‍

അവന്‍ ആര്‍ത്തു വിളിച്ചു...


"ആരെങ്കിലും എന്നെയൊന്ന് അക്കരെ എത്തിക്കാമോ..? "


അക്കരെ, പലരും കേട്ടില്ല.. ചിലര്‍ കേട്ടോ എന്നറിഞ്ഞില്ല..

എങ്കിലും ആരൊക്കെയോ വിളിച്ചു പറഞ്ഞു-


" ക്ഷമിക്കൂ സുഹൃത്തെ... ഒരിക്കല്‍ക്കൂടെ അക്കരെപ്പോരുവാന്‍

പേടിയാണ് ഞങ്ങള്ക്ക്... !!!"
________________

Tuesday, August 4, 2009

ഫ്ലഷ്...






ഒരു ഞെക്കില്‍


എല്ലാം അവസാനിക്കുന്ന


പുഷ് ബട്ടന്‍ ഫ്ലഷിനെ കുറിച്ചു


എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്


നീ തന്നെ..




പിളര്‍ന്ന ഭൂമിക്കും


അടര്‍ന്നു വീണ ആകാശത്തിനും


ഇടയില്‍


തനിച്ചാകുമ്പോള്‍


ഞാനൊന്ന്


പൊട്ടിക്കരയട്ടെ..




കണ്ണുകളെപ്പോലും


ഓക്കാനിപ്പിക്കുന്ന


പിന്‍ വഴികളെ


ഒരു വെള്ളച്ചിരിയുടെ


പിന്നാമ്പുറങ്ങളിലേക്ക്


അതെന്നെയും ചേര്‍ത്ത്


ചുഴറ്റിയൊഴുക്കി


വലിച്ചു കൊണ്ടു പോകട്ടെ..!




എങ്കിലും ചിരി


ഒരു ഡിലീറ്റ്‌ ബട്ടന്‍


ആണോ..?

Monday, August 3, 2009

പരസ്പരം..



അങ്ങനെ

അന്യോന്യം

കുടിച്ചു വറ്റിച്ചു വറ്റിച്ച്


ഒഴിഞ്ഞെന്ന്
ഉറയ്ക്കുമ്പോഴും

മുറിയാതെ നിറയുന്ന

കടലാണിത്..


തുടങ്ങും മുന്പേ

ഒടുങ്ങിപ്പോകുന്ന

ഒരു തുമ്മല്‍ പോലെ

ചിലപ്പോള്‍ പൊട്ടാറായ

ഒരു കുരു പോലെ

പറയാന്‍ പറ്റാത്ത

ഒരു വാക്ക്


മറ്റു ചിലപ്പോള്‍

രതി മൂര്‍ ഛയെ

ഒരു വര കൊണ്ടു

പറഞ്ഞു തീര്‍ക്കുന്ന

വങ്കത്തം..


എനിക്കും നിനക്കുമിടയില്‍

പിടഞ്ഞ വാക്ക്

അത് തന്നെ ആവണം..


______